സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നു
Thursday, April 24, 2014 8:07 AM IST
കുവൈറ്റ് : കുവൈറ്റിലെ ഡ്രൈവിംഗ് ലൈസെന്‍സ് ലഭിക്കുവാന്‍ വേണ്ടി സമര്‍പ്പിച്ച വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളെ കണ്ടുപിടിക്കുവാന്‍ ട്രാഫിക്ക് വകുപ്പ് പരിശോധന ആരംഭിച്ചതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ വര്‍ഷമാണ് ലൈസന്‍സ് ലഭ്യമാകുവാന്‍ വിദേശികള്‍ക്ക് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. ഗാര്‍ഹിക ഡ്രൈവിംഗ് വീസയില്‍ വരുന്നവരെ ഈ നിബന്ധനയില്‍ നിന്നും ഒഴിവാക്കിയിരുന്നു. നിയമം കര്‍ശനമാക്കിയതിനെ തുടര്‍ന്ന് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തയാറാക്കുന്ന സംഘങ്ങള്‍ കുവൈറ്റില്‍ വ്യപകമായിരുന്നു. കുടിയേറ്റ വകുപ്പിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് സിറിയന്‍ വംശജനെ പിടികൂടിയിരുന്നു. ഇത്തരം വ്യാജ സര്‍ട്ടിഫിക്കറ്റുകളിലധികവും ലൈസന്‍സ് നേടുവാനാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ട്രാഫിക്ക് വകുപ്പിലെ തന്നെ ചിലരുടെ ഒത്താശയോടെയാണ് ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. നിരവധി ഉന്നതരായ ട്രാഫിക്ക് ഉദ്യോഗസ്ഥരെ ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തതായി അറിയുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇത്തരം നിരവധി സംഘങ്ങളെ പിടികൂടിയതിന്റെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകളെ ഒരുമിപ്പിച്ച് ശക്തമായ പരിശോധനക്കാണ് ട്രാഫിക് വകുപ്പ് ഒരുങ്ങുന്നതെന്ന് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വ്യക്തമാക്കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍