ഒഐസിസിയുടെ പ്രവര്‍ത്തനം കോണ്‍ഗ്രസിന് മികച്ച പിന്തുണ: ഇ. മുഹമ്മദ് കുഞ്ഞി
Tuesday, April 22, 2014 7:43 AM IST
റിയാദ്: കെപിസിസി അംഗീകരിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവാസി ഘടകമായ ഒഐസിസിയുടെ പ്രവര്‍ത്തനം പൊതുതെരഞ്ഞെടുപ്പുകളിലടക്കം യുഡിഎഫിനും കോണ്‍ഗ്രസിനും മികച്ച പിന്തുണയാണ് നല്‍കുന്നതെന്ന് മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഇ. മുഹമ്മദ് കുഞ്ഞി പറഞ്ഞു.

റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴിലുള്ള മലപ്പുറം ജില്ലാ ഒഐസിസിയുടെ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച വിജയം കൊയ്യുമെന്നും അതിന് പ്രവാസികളുടെ സംഭാവനകള്‍ വളരെ വലുതായിരുന്നെന്നും മുഹമ്മദ് കുഞ്ഞി പറഞ്ഞു. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ താങ്ങി നിര്‍ത്തുന്ന പ്രവാസി സമൂഹത്തോട് എന്നും അനുഭാവപൂര്‍വമായ സമീപനം കൈക്കൊണ്ടിട്ടുള്ള ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരിനോട് പ്രവാസികള്‍ കാണിക്കുന്ന താല്‍പര്യത്തിന് അദ്ദേഹം നന്ദി രേഖപ്പെടുത്തി.

മതേതരത്വവും വര്‍ഗീയതയും തമ്മിലുള്ള ഒരു നേര്‍ക്കുനേര്‍ പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. ഇന്ത്യാ രാജ്യത്ത് മതേതരത്വവും പരസ്പരമുള്ള സൌഹാര്‍ദ്ദവും കാത്തുസൂക്ഷിക്കുവാന്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ തുടരണമെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ വി.എസ് ജോയി അഭിപ്രായപ്പെട്ടു. ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു വി.എസ്. ജോയ്. രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ വളര്‍ന്നു വരുന്ന യുവനിര രാജ്യത്തിന് ഏറെ പ്രതീക്ഷ നല്‍കുന്നു. കോണ്‍ഗ്രസ് തരംഗമല്ലാതെ രാജ്യത്ത് മറ്റൊരു തരംഗവുമില്ല. യുവാക്കള്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎയില്‍ വളരെ പ്രതീക്ഷ വച്ച് പുലര്‍ത്തുന്നു. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ മികച്ച പോളിംഗ് ശതമാനം ഇതിന്റെ സൂചനകളാണ് നല്‍കുന്നത്. കലാലയങ്ങളിലെ കലാപരാഷ്ട്രീയം കാരണം ഒരു കാലത്ത് നിസംഗരായിരുന്ന യുവാക്കള്‍ കെഎസ്യുവിന്റെ നേതൃത്വത്തില്‍ കലാലയത്തില്‍ നടത്തിയ മാതൃകാ രാഷ്ട്രീയ പ്രവര്‍ത്തനമാണ് യുവാക്കളെ വീണ്ടും സംശുദ്ധരാഷ്ട്രീയത്തിലേക്ക് തിരികെ കൊണ്ടു വന്നതെന്നും വി.എസ്. ജോയ് പറഞ്ഞു.

മലപ്പുറം ജില്ലാ ഒഐസിസി പ്രസിഡന്റ് ജിഫിന്‍ അരീക്കോട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.എം കുഞ്ഞി കുമ്പള, കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് മെമ്പര്‍ സമദ് മങ്കട, അബ്ദുള്ള വല്ലാഞ്ചിറ, റസാഖ് പൂക്കോട്ടുംപാടം, നൌഫല്‍ ബിന്‍ മുഹമ്മദ്, സലീം കളക്കര, അഡ്വ. എല്‍.കെ അജിത്, സജി കായംകുളം, യഹ്യ തൃശൂര്‍, കെഎംസിസി നേതാക്കളായ അബ്ദുസമദ് കൊടിഞ്ഞി, അര്‍ഷുല്‍ അഹമ്മദ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

അബ്ദുറഹ്മാന്‍ സാഹിബ് കര്‍മ്മ പുരസ്കാരം കെഎസ്യു സംസ്ഥാന പ്രസിഡണ്ട് വി.എസ് ജോയിയും ഇന്ദിരാഗാന്ധി കര്‍മ്മ പുരസ്കാരം ഡിസിസി പ്രസിഡണ്ട് ഇ. മുഹമ്മദ് കുഞ്ഞിയും ജിഫിന്‍ അരീക്കോടില്‍ നിന്നും ഏറ്റുവാങ്ങി. റിയാദിലെ മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനുള്ള പുരസ്കാരം മൊയ്തീന്‍ കുട്ടി തെന്നലക്ക് കുഞ്ഞി കുമ്പള സമ്മാനിച്ചു. എന്‍.ആര്‍.കെ ചെയര്‍മാന്‍ അഷ്റഫ് വടക്കേവിളക്കും സഫാമക്കാ മാനേജിംഗ് ഡയറക്ടര്‍ ഷാജി അരിപ്ര എന്നിവര്‍ക്ക് മലപ്പുറം ജില്ലാ ഒഐസിസി യുടെ ഉപഹാരം ഇ. മുഹമ്മദ് കുഞ്ഞി നല്‍കി. പ്രവാസി ഭാരതീയ പുരസ്കാര ജേതാവ് ശിഹാബ് കൊട്ടുകാടിനെ ചടങ്ങില്‍ മെമെന്റോ നല്‍കി ആദരിച്ചു. ജാഫര്‍ ഇടുക്കിക്കുള്ള ഉപഹാരം ക്ളിക്കോണ്‍ എംഡി നാസര്‍ അബൂബക്കര്‍ സമ്മാനിച്ചു. ഏറ്റവും കൂടുതല്‍ അംഗങ്ങളെ ചേര്‍ത്തിയതിന് സലാം തെന്നല, റസാഖ് പൂക്കോട്ടുംപാടം, സക്കീര്‍ ധാനത്ത് എന്നവര്‍ പ്രസിഡന്റില്‍ നിന്നും ഉപഹാരം ഏറ്റുവാങ്ങി.

ജില്ലാ കമ്മിറ്റി ഭാരവാഹികളായ സക്കീര്‍ ധാനത്ത്, സലാം തെന്നല, അമീര്‍ പട്ടണത്ത്, വിനീഷ് ഒതായി, അന്‍വര്‍ താമരത്ത്, സലീം വാഴക്കാട്, അന്‍വര്‍ എടവണ്ണപ്പാറ, അബൂട്ടി വെട്ടുപാറ, ഷബീര്‍ മങ്കട, കുഞ്ഞലവി തവനൂര്‍, സലീം കോട്ടക്കല്‍, സൈനുദ്ദീന്‍ വെട്ടത്തൂര്‍, അലവി മഞ്ചേരി, കരീം മഞ്ചേരി, ബാവ വെന്നിയൂര്‍, സജീര്‍ മങ്കട, വഹീദ് വാഴക്കാട്, അഷ്റഫ് പൂക്കോട്ടുംപാടം, ഫൈസല്‍ തേവശേരി, ഷാനവാസ് ഒതായി, അന്‍സാര്‍ വാഴക്കാട്, ഷറഫു ചിറ്റന്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

തുടര്‍ന്ന് ജാഫര്‍ ഇടുക്കി, ഹരിശ്രീ യൂസഫ്, പ്രേംദാസ് തുടങ്ങിയവര്‍ അവതരിപ്പിച്ച കോമഡിഷോ സദസിന് വേറിട്ട അനുഭവമായി. ഷാജഹാന്‍ എടക്കര, കരീം മാവൂര്‍, ഷംസു കളക്കര, ഹിബ ബഷീര്‍, ശിന്‍ഷാ ഷാജഹാന്‍, അമീന അക്ബര്‍ തുടങ്ങിയവര്‍ ഗാനമേളയും അരങ്ങേറി. ഷാഫി കൊടിഞ്ഞി സ്വാഗതവും ജംഷാദ് തുവൂര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍