സിറ്റി ഫ്ളവര്‍ സിജി കരിയര്‍ മേള
Thursday, April 17, 2014 6:22 PM IST
റിയാദ്: സിറ്റി ഫ്ളവര്‍ ഗ്രൂപ്പ് സിനര്‍ജിയുമായി ചേര്‍ന്ന് സിജി റിയാദ് ചാപ്റ്റര്‍ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി കാരിയര്‍ ഗൈഡന്‍സ് മേള നടത്തുന്നു. ഏപ്രില്‍ 26 ന് (ശനി) കാലത്ത് 10 മുതല്‍ രാത്രി എട്ടു വരെ ബഗ്ളഫിലെ ദുറ്അ ഇസ്തിരാഹയിലും അതിനോടുള്ള ചേര്‍ന്നുള്ള മറ്റൊരു ഇസ്തിരാഹയിലും വെച്ചാണ് പരിപാടി നടക്കുക. റിയാദിലെ വിവിധ ഇന്ത്യന്‍ സ്കൂളുകളില്‍ ഒമ്പതാം ക്ളാസ് മുതല്‍ 12 -ാം ക്ളാസ് വരെയുള്ള ക്ളാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കുവേണ്ടി നടക്കുന്ന കാരിയര്‍ മേളയില്‍ ആയിരത്തിലധികം കുട്ടികള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇതിനായി വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംഘാടകര്‍ അറിയിച്ചു. തീര്‍ത്തും സൌജന്യമായി നടക്കുന്ന പരിപാടിയില്‍ രക്ഷിതാക്കള്‍ക്കും പങ്കെടുക്കാം.

വിവിധ വേദികളിലായി ഈ മേഖലയിലെ പ്രമുഖരെ അണിനിരത്തി നടത്തുന്ന മേളയില്‍ കരിയര്‍ ലാബ്, കരിയര്‍ ക്ളിനിക്സ്, കരിയര്‍ തീയേറ്റര്‍, കരിയര്‍ പാത്വേയ്സ് തുടങ്ങി വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടക്കും. കരിയര്‍ ലാബില്‍ വിവിധ പാഠ്യവിഷയങ്ങളില്‍ വിദഗ്ദര്‍ നയിക്കുന്ന ക്ളാസുകളും ചോദ്യോത്തര വേളകളുമാണ് പ്രധാനമായുണ്ടാവുക. വിദഗ്ധരുമായി തങ്ങളുടെ ഭാവി ജീവിതം രൂപപ്പെടുത്തുന്നതിനുള്ള ഉചിതമായ മാര്‍ഗങ്ങളെക്കുറിച്ച് സംവദിക്കാനുള്ള അവസരമുണ്ടായിരിക്കും. കരിയര്‍ തീയേറ്ററില്‍ വിവിധ തൊഴില്‍ സംബന്ധിയായ വീഡിയോ പ്രദര്‍ശനം നടക്കും. കരിയര്‍ സംബന്ധിച്ച ചിത്രങ്ങളുടേയും ചാര്‍ട്ടുകളുടേയും പ്രദര്‍ശനമാണ് കരിയര്‍ പാത്വേയ്സില്‍ ഉണ്ടായിരിക്കുക.

വിദ്യാഭ്യാസ മേഖലയില്‍ പതിനേഴ് വര്‍ഷത്തിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള സിജിയുടെ ഈ ഉദ്യമം ഉപയോഗപ്പെടുത്താന്‍ റിയാദിലെ രക്ഷിതാക്കളും വിദ്യാര്‍ഥികളും തയാറാകണമെന്ന് സിറ്റി ഫ്ളവര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ ഫസല്‍ പറഞ്ഞു. റിയാദിലെ രക്ഷിതാക്കള്‍ നിരന്തരമായി ആവശ്യപ്പെട്ടതു കൊണ്ടാണ് ഇത്തരം ഒരു പരിപാടിയുമായി മുന്നോട്ട് പോകുന്നതെന്ന് സിജി ചീഫ് കോഓര്‍ഡിനേറ്റര്‍ അബ്ദുള്‍ ജബാര്‍ പറഞ്ഞു. സാധാരണക്കാരായ രക്ഷിതാക്കള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ട മക്കളുടെ അഭിരുചിക്കും കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ചും അവരുടെ ഭാവി പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ ലഭിക്കുന്ന വലിയ അവസരമാണിതെന്ന് സിജി റിസോഴ്സ് പേഴ്സണ്‍ അബ്ദുള്‍ ഷുക്കൂര്‍, സലീം കൊച്ചി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍