ഇന്ത്യന്‍ എംബസിയുടെ ശ്രമം ഫലം കണ്ടു; മണിയമ്മയും നാട്ടിലേക്ക്
Wednesday, April 16, 2014 9:04 AM IST
റിയാദ്: സകാകക്കടുത്ത് തബര്‍ജല്‍ ജനറല്‍ ആശുപത്രിയിലെ ഇന്ത്യന്‍ സ്ത്രീ തൊഴിലാളികളില്‍ സാങ്കേതിക കാരണങ്ങളാല്‍ മടക്കയാത്ര മുടങ്ങിയിരുന്ന മലയാളിയായ മണിയമ്മ ശ്രീലങ്കന്‍ എയര്‍ലൈന്‍സില്‍ കൊച്ചിയിലേക്ക് യാത്ര തിരിക്കും.

മാസങ്ങളായി ശമ്പളം മുടങ്ങിയതിനെത്തുടര്‍ന്ന് ശമ്പള കുടിശികക്കും നാട്ടിലേക്ക് തിരിച്ചയക്കുന്നതിനുമായി 10 മലയാളിയും ഒരു ഹൈദരബാദിയുമടങ്ങുന്ന ഇന്ത്യന്‍ സ്ത്രീ തൊഴിലാളികള്‍ ഒരു മാസത്തോളം പണിമുടക്കി റൂമിലിരിക്കുകയായിരുന്നു. ഇവരുടെ പ്രശ്നത്തില്‍ വളരെ താല്‍പര്യപൂര്‍വം ഇടപെട്ട ഇന്ത്യന്‍ എംബസി വെല്‍ഫെയര്‍ വിഭാഗത്തിന്റെ സമയോചിതമായ ഇടപെടല്‍ മൂലം പെട്ടെന്ന് പരിഹാരം കാണാന്‍ സാധിച്ചു.

പത്ത് പേര്‍ കഴിഞ്ഞ ദിവസം നാട്ടിലേക്ക് പോയിരുന്നു. പാസ്പോര്‍ട്ട് കമ്പനി ഓഫീസില്‍ നിന്നും നഷ്ടപ്പെട്ടതിനാല്‍ മണിയമ്മ എന്ന മലയാളി സ്ത്രീക്ക് ഇവരോടൊപ്പം യാത്ര ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഇവര്‍ക്ക് എംബസി അനുവദിച്ചു നല്‍കിയ എമര്‍ജന്‍സി പാസ്പോര്‍ട്ടില്‍ എക്സിറ്റ് അടിച്ച് ഇന്ന് നാട്ടിലേക്ക് തിരിക്കുകയാണ്. തലസ്ഥാന നഗരിയില്‍ നിന്നും 1500 കിലോമീറററോളം ദൂരെയുള്ള തബര്‍ജലില്‍ നോര്‍ക്ക കണ്‍സള്‍ട്ടന്റ് ശിഹാബ് കൊട്ടുകാടിനോടൊപ്പം വെല്‍ഫെയര്‍ അറ്റാഷെ ചൌഹാനും മറ്റ് ഉദ്യോഗസ്ഥരും എത്തി അല്‍ ജമാല്‍ കമ്പനി മാനേജ്മെന്റുമായി ദിവസങ്ങള്‍ നടത്തിയ ചര്‍ച്ചയിലാണ് തൊഴിലാളികളുടെ കാര്യത്തില്‍ തീരുമാനമായത്. സൌദി നിയമങ്ങള്‍ക്ക് വിരുദ്ധമായി പണിമുടക്കിയ തൊഴിലാളികള്‍ക്കെതിരെ ആഭ്യന്തരമന്ത്രാലയത്തിന് പരാതി നല്‍കാനിരുന്ന കമ്പനി അധികൃതര്‍ പരാതി പിന്‍വലിക്കുകയും ശമ്പള കുടിശിക നല്‍കി നാട്ടിലയക്കാന്‍ തീരുമാനിക്കുകയും ചെയ്തത് ഇന്ത്യന്‍ എംബസിയുടെ നിരന്തരമായ ഇടപെടല്‍ മൂലമാണെന്ന് സാമൂഹ്യ പ്രവര്‍ത്തകനായ ശിഹാബ് കൊട്ടുകാട് പറഞ്ഞു.

ഇന്ത്യന്‍ എംബസി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അന്വേഷണം നടത്തി വരുന്ന ആര്‍. മുരളീധരനും ഫൊക്കാസ എന്ന സംഘടനയും നിരന്തരം പ്രേരണ ചെലുത്തിയാണ് പണിമുടക്കിയതെന്ന് തിരിച്ചു പോകുന്ന സ്ത്രീകള്‍ പറഞ്ഞിരുന്നു. ഫൊക്കാസയുടെ പേരില്‍ ആര്‍. മുരളീധരന്‍ തബര്‍ജലിലെ സ്ത്രീകളുടെ വിഷയത്തില്‍ അയച്ച പത്രക്കുറിപ്പുകളും വാസ്തവിരുദ്ധമായിരുന്നെന്ന് മാധ്യമ പ്രവര്‍ത്തകരുടെ അന്വേഷണത്തില്‍ വ്യക്തമായി. സകാകയില്‍ നിന്നും റിയാദ് വഴി നാട്ടിലേക്ക് പോയ സ്ത്രീകള്‍ക്ക് വാഹനസൌകര്യമൊരുക്കിയതും നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നല്‍കിയതും അല്‍ ജമാല്‍ കമ്പനി മാനേജ്മെന്റ് ആയിരുന്നു. ഇന്ന് നാട്ടിലേക്ക് തിരിക്കുന്ന മണിയമ്മക്കുള്ള ടിക്കറ്റും യാത്രാസൌകര്യവും നല്‍കിയതും കമ്പനി തന്നെയാണ്. ഇവരുടെ സമരം ചെയ്ത ദിവസങ്ങളിലൊഴികെയുള്ള എല്ലാ ശമ്പള കുടിശികയും ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ അവര്‍ ഒപ്പിട്ടു വാങ്ങുകയും ചെയ്തിരുന്നു. സൌദിയിലേക്കോ മറ്റ് ജിസിസി രാജ്യങ്ങളിലേക്കോ മടങ്ങി വരാന്‍ പറ്റാത്ത രീതിയില്‍ കരിമ്പട്ടികയില്‍പ്പെടുത്തി എക്സിറ്റ് നല്‍കുമെന്നായിരുന്നു കമ്പനി അധികൃതര്‍ പറഞ്ഞിരുന്നതെങ്കിലും എംബസി ഉദ്യോഗസ്ഥരുടെ നിര്‍ബന്ധത്തിന് വഴങ്ങി അവര്‍ക്ക് സാധാരണ എക്സിറ്റ് നല്‍കുകയായിരുന്നു.

ഈ വിഷയത്തില്‍ എംബസിയുടെ ആവശ്യ പ്രകാരം സൌദി ഡപ്യൂട്ടി തൊഴില്‍ മന്ത്രി പ്രത്യേകം താത്പര്യമെടുത്ത് നേരിട്ട് ആവശ്യപ്പെട്ടത് പ്രകാരമാണ് സകാകയിലെ ലേബര്‍ ഓഫീസര്‍ കമ്പനിയിലെത്തി സ്ത്രീകളുടെ മൊഴിയെടുത്തത്. തൊഴില്‍ പ്രശ്നങ്ങളില്‍ ബുദ്ധിമുട്ടുന്നവരെ സഹായിക്കാനെന്ന വ്യാജേന അടുത്തു കൂടി സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന ഇടത്തട്ടുകാരെ കഴിയുന്നതും ഒഴിവാക്കണമെന്ന് ഇന്ത്യന്‍ എംബസി താക്കീത് നല്‍കി. കഴിഞ്ഞ ദിവസം ഇന്ത്യന്‍ എംബസിയുടെ അഭയ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന തമിഴ്നാട് സ്വദേശിയായ വേലുച്ചാമിക്ക് ഇത്തരം ആളുകള്‍ എക്സിറ്റ് വാങ്ങി നല്‍കിയത് യാചകനായി ചിത്രീകരിച്ചു കൊണ്ടായിരുന്നുവെന്ന് എംബസി കണ്െടത്തിയിരുന്നു. തൊഴില്‍ പ്രശ്നങ്ങള്‍ എംബസിയെ അറിയിക്കുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ്ലൈന്‍ നമ്പറുകളും എംബസി അംഗീകരിച്ച വോളന്റിയര്‍മാരുടേയും എംബസി ഉദ്യോഗസ്ഥരുടേയും മൊബൈല്‍ നമ്പറുകളും നിരവധി തവണ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ചിരുന്നു. ഈ നമ്പറുകള്‍ എംബസിയുടെ വെബ്സൈറ്റിലും ലഭ്യമാണെന്നും എംബസി അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍