യുക്മ ചലഞ്ചേഴ്സ് കപ്പ്; നാഷണല്‍ ബാഡ്മിറ്റണ്‍ ടൂര്‍ണമെന്റ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു
Saturday, April 12, 2014 8:42 AM IST
ലണ്ടന്‍: യുക്മ നാഷണല്‍ ഡബിള്‍സ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പായ ചലഞ്ചേഴ്സ് കപ്പ് ടൂര്‍ണമെന്റിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി സംഘാടകര്‍ അറിയിച്ചു.

യുക്മ സൌത്ത് ഈസ്റ് സൌത്ത് വെസ്റ് റീജിയണിലെ ഗ്ളോസ്ടര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ ആതിഥ്യം നല്‍കുന്ന ചലഞ്ചേഴ്സ് കപ്പ് ഡബിള്‍സ് മത്സരങ്ങള്‍ ചെല്‍ട്ടന്‍ഹാമിലെ ഓള്‍ സെയിന്റ്സ് അക്കാഡമിയില്‍ മേയ് 17ന് രാവിലെ 10 ന് ആരംഭിക്കും. മത്സരങ്ങള്‍ക്ക് ആവേശം പകരുന്നതിന് പുതിയ സ്പോണ്‍സര്‍മാര്‍ രംഗത്തെത്തിയതോടെ വിജയികള്‍ക്കുള്ള സമ്മാനത്തുകയും ഉയരുമെന്ന് വ്യക്തമായതായി ഇവര്‍ അറിയിച്ചു.

ഈ വര്‍ഷത്തെ യുക്മ ചലഞ്ചേഴ്സ് കപ്പ് വിജയികള്‍ക്ക് സമ്മാന പ്രഖ്യാപനവുമായി യുക്മയെ സമീപിച്ചിരിക്കുന്നത് ആശീര്‍വാദ് ഫിലിംസ് ആണ്. യുകെയില്‍ ഉടനീളം മലയാള ചലച്ചിത്ര വിതരണം നടത്തുന്ന ആശീര്‍വാദ് ഫിലിംസ് യുക്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേരത്തെ മുതല്‍ സാരമായ പിന്തുണ നല്‍കി വരുന്നു.

യുക്മ നാഷണല്‍ എക്സിക്യൂട്ടീവ് അംഗവും ഗെയിംസ് കോഓര്‍ഡിനേറ്ററും ആയ അലക്സ് വര്‍ഗീസ്, ഗ്ളൊസ്റര്‍ഷെയര്‍ മലയാളി അസോസിയേഷനില്‍ നിന്നുള്ള യുക്മ പ്രതിനിധി ഡോക്ടര്‍ ബിജു എന്നിവരാണ് ചലഞ്ചേഴ്സ് കപ്പ് മത്സരങ്ങളുടെ നടത്തിപ്പിന് ചുക്കാന്‍ പിടിക്കുന്നത്.

അസോസിയേഷന്‍ പ്രസിഡന്റായ മാത്യു അമ്മായിക്കുന്നേല്‍, സെക്രട്ടറി ഏലിയാസ് മാത്യു, യുക്മ റപ്രസന്റിറ്റീവ് ആയ അബിന്‍ ജോസ് എന്നിവരടക്കമുള്ള മുഴുവന്‍ അംഗങ്ങളുടെയും പിന്‍ബലവും ഇവര്‍ക്കുണ്ട്.റോബി മേക്കര ചീഫ് റെഫറി ആയ ടീം ആയിരിക്കും മത്സരങ്ങള്‍ നിയന്ത്രിക്കുന്നത്. മത്സരങ്ങള്‍ പുരുഷന്മാര്‍ക്ക് മാത്രവും ഡബിള്‍സ് വിഭാഗത്തില്‍ മാത്രവും ആയിരിക്കും. മത്സരങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് യുക്മ ചലഞ്ചേഴ്സ് കപ്പും പ്രോത്സാഹനമായി കാഷ് അവാര്‍ഡും സമ്മാനിക്കുന്നതാണ്. രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്ന ടീമുകള്‍ക്കും കാഷ് അവാര്‍ഡുകളും ട്രോഫികളും സമ്മാനിക്കുന്നതാണ്. യുക്മ റീജിയണല്‍ ബാഡ്മിന്റണ്‍ന്‍ മത്സരങ്ങളില്‍ ആദ്യ നാലു സ്ഥാനം നേടുന്ന ടീമുകള്‍ക്ക് പുറമേ യുകെയിലെ എല്ലാ അസോസിയേഷനുകള്‍ക്കും അവരുടെ ടീമുകളെ ഈ മത്സരങ്ങള്‍ക്കായി അയയ്ക്കാവുന്നതാണ്. മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനുവേണ്ടി ക്ളിപ്തമായ എണ്ണം ടീമുകളെ മാത്രമേ യുക്മ ചലഞ്ചേഴ്സ് കപ്പ് മത്സരങ്ങളില്‍ പങ്കെടുപ്പിക്കാന്‍ നിവര്‍ത്തിയുള്ളൂ എന്നതുകൊണ്ടും മത്സരങ്ങള്‍ മുന്‍കൂട്ടി ക്രമീകരിക്കേണ്ടതുള്ളതുകൊണ്ടും ആദ്യം രജിസ്റര്‍ ടീമുകള്‍ക്ക് മുന്‍ഗണന നല്‍കുന്നതും ആവശ്യത്തിന് ടീമുകള്‍ ആയിക്കഴിഞ്ഞാല്‍ പിന്നീട് വരുന്ന അപേക്ഷകള്‍ തിരസ്കരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

യുക്മ ചലഞ്ചേഴ്സ് കപ്പ് മത്സരങ്ങള്‍ക്ക് സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്ത് യുക്മയുടെ ഈ ഉദ്യമത്തില്‍ സഹകരിക്കാന്‍ താത്പര്യമുള്ളവര്‍ യുക്മ നാഷണല്‍ പ്രസിഡന്റ് കെ.പി വിജിയെ ബന്ധപ്പെടുക.

മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ടീമുകള്‍ അലക്സ് വര്‍ഗീസ് 07985 641921, ഡോ. ബിജു 07904 785565.

റിപ്പോര്‍ട്ട്: ബാലാ സജീവ്കുമാര്‍