ഒമാന്‍ സീറോ മലങ്കര കത്തോലിക്കാ കമ്യൂണിറ്റി വിശുദ്ധവാര ശുശ്രൂഷകള്‍
Friday, April 11, 2014 6:07 AM IST
മസ്കറ്റ്: ഒമാന്‍ സീറോ മലങ്കര കത്തോലിക്ക കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷവും പതിവുപോലെ വിശുദ്ധവാര ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നു. ശുശ്രൂഷകള്‍ക്ക് ഡയറക്ടര്‍ ഫാ. ആന്റണി പ്ളാംപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. മസ്കറ്റിലെ ശുശ്രൂഷകള്‍ റൂവി, ഗാലാ ദേവാലയങ്ങളിലും സലാലയിലെ ശുശ്രൂഷകള്‍ സലാല ദേവാലയത്തിലുമായാണ് ക്രമീകരിച്ചിരിക്കുന്നത്.

ഏപ്രില്‍ 12ന് (ശനി) വൈകുന്നേരം നാലിന് ഓശാന ശുശ്രൂഷകള്‍ക്ക് റൂവി മെയിന്‍ പാരിഷ് ഹാളില്‍ തുടക്കമാകും. തുടര്‍ന്ന് പ്രദക്ഷിണം, ആഘോഷമായ വി. കുര്‍ബാന എന്നിവ നടക്കും.

13ന് (ഞായര്‍) രാത്രി എട്ടിന് സലാല ദേവാലയത്തില്‍ മലങ്കര ക്രമത്തില്‍ ഓശാന ശുശ്രൂഷകള്‍, വി. കുര്‍ബാന എന്നിവ നടക്കും.

15, 16 (ചൊവ്വാ, ബുധന്‍) തീയതികളില്‍ രാത്രി എട്ടിന് സന്ധ്യാനമസ്കാരം, ധ്യാനം എന്നിവ ഗാലാ പാരിഷ്ഹാളില്‍ നടക്കും.

ദുഃഖവെള്ളി ദിനമായ 18ന് രാവിലെ ഒമ്പതു മുതല്‍ റൂവി മെയിന്‍ ഹാളില്‍ ശുശ്രൂഷകള്‍ക്ക് തുടക്കമാകും. കര്‍ത്താവിന്റെ ഗോഗുല്‍ത്താമലയിലേക്ക് കുരിശും വഹിച്ചുകൊണ്ടുള്ള യാത്രയെ അനുസ്മരിപ്പിക്കുന്ന പ്രദക്ഷിണം, കുരിശു കുമ്പിടീല്‍, കബറടക്ക ശുശ്രൂഷകള്‍ എന്നിവയോടെ ദുഃഖവെള്ളി ശുശ്രൂഷകള്‍ക്ക് സമാപനമാകും. തുടര്‍ന്ന് നേര്‍ച്ചകഞ്ഞിയും ക്രമീകരിച്ചിട്ടുണ്ട്.

19ന് (ദുഃഖശനി) വൈകുന്നേരം 4.30ന് ഉയിര്‍പ്പിന്റെ ശുശ്രൂഷകള്‍ക്ക് ഗാലാ മെയിന്‍ ഹാളില്‍ തുടക്കമാകും. സന്ധ്യാ നമസ്കാരം, ഉയിര്‍പ്പിന്റെ ശുശ്രൂഷകള്‍, ആഘോഷമായ പ്രദക്ഷിണം, ശ്ളീബ വാഴ് വ്, വി. കുര്‍ബാന എന്നിവ നടക്കും.

20ന് ഈസ്റര്‍ ഞായര്‍ രാത്രി 8.30ന് റൂവി ദേവാലയത്തില്‍ നടക്കുന്ന മലങ്കര ക്രമത്തിലുള്ള വി. കുര്‍ബാനയോടെ ഈ വര്‍ഷത്തെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ക്ക് പരിസമാപ്തിയാകും.

20ന് രാത്രി എട്ടിന് നിസ്വായിലും മലങ്കര കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ഈസ്റര്‍ ആഘോഷങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്.

ക്രമീകരണങ്ങള്‍ക്ക് ഒഎസ്എംസിസി ഡയറക്ടര്‍ ഫാ. ആന്റണി പ്ളാംപറമ്പില്‍, പ്രസിഡന്റ് ഡോ. ജോണ്‍ ഫിലിപ്സ് മാത്യു, ജനറല്‍ സെക്രട്ടറി സാം ഡേവിഡ് മാത്യു, ട്രഷറര്‍ ജോസ് ചാക്കോ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം