ബിനാമി മലയാളിയുടെ കെണിയില്‍പ്പെട്ട് 16 മലയാളികള്‍ പെരുവഴിയില്‍
Thursday, April 10, 2014 8:27 AM IST
റിയാദ്: സൌദിയുടെ പേരില്‍ വീസയെടുത്ത് നാട്ടില്‍ നിന്നും കൊണ്ടു വന്ന 16 പേരെ റസ്ററന്റ് നടത്തുന്ന കോഴിക്കോട്ടുകാരന്‍ ആറ് മാസമായി പീഡിപ്പിക്കുന്നതായി ഇന്ത്യന്‍ എംബസിയില്‍ പരാതി ലഭിച്ചു.

ഇരുപതോളം അറബിക് റസ്ററന്റുകളുള്ള സ്വദേശിയുടെ കൂടെ പാര്‍ട്ട്ണറായ ഒരു മലയാളിയാണ് മറ്റൊരു സൌദിയുടെ പേരില്‍ വീസയെടുത്ത് 16 മലയാളികളെ ജോലിക്ക് കൊണ്ടു വന്നത്. ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സും മറ്റും കഴിഞ്ഞ് നാട്ടില്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്ന പരിചയസമ്പന്നരായവരെയാണ് ഇദ്ദേഹം ജോലിക്കായി റിക്രൂട്ട് ചെയ്തത്. ഇവരില്‍ നിന്നും ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ വീതം വീസയുടെ ചാര്‍ജായി വാങ്ങിയിട്ടുമുണ്ട്. വര്‍ഷങ്ങളായി നേരിട്ട് പരിചയമുള്ളവരെ ബിസിനസില്‍ പാര്‍ട്ട്ണറാക്കാം എന്നു പറഞ്ഞ് അഞ്ചു ലക്ഷം വരെ വാങ്ങിയവരും കൂട്ടത്തിലുണ്ട്.

കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോഡ്, കോട്ടയം ജില്ലകളില്‍ നിന്നുമുള്ളവരാണ് തട്ടിപ്പിനിരയാവര്‍. റിയാദിലെ എക്സിറ്റ് 9 ല്‍ ഒരു റസ്ററന്റ് സ്വദേശിയുടെ പേരില്‍ നടത്തിക്കൊണ്ടിരുന്ന മലയാളി എക്സിറ്റ് 18 ല്‍ അല്‍ ഖര്‍ജ് റോഡിന് സമീപം മറ്റൊരു റസ്ററന്റ് തുടങ്ങാന്‍ വേണ്ടിയാണ് പുതിയ ജോലിക്കാരെ കൊണ്ടു വന്നത്. റസ്ററന്റിന്റെ സ്പോണ്‍സറുടെ സുഹൃത്തിന്റെ കൃഷിയിടത്തിലേക്ക് കാര്‍ഷിക ജോലിക്കായുള്ള വീസയിലും ഹെവി ഡ്രൈവര്‍മാരായുമാണ് 16 പേരേയും കൊണ്ടു വന്നത്. ഇവിടെ എത്തിയ ഉടനെ സ്പോണ്‍സര്‍ഷിപ്പ് മാറ്റാമെന്നാണ് തീരുമാനിച്ചിരുന്നതെങ്കിലും അത് നടക്കാതെ വന്നതാണ് വിനയായതെന്ന് എംബസിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

റസ്ററന്റിന്റെ സ്പോണ്‍സര്‍ അറിയാതെ വീസക്ക് ഭീമമായ തുക വാങ്ങിയതായറിഞ്ഞ സ്പോണ്‍സര്‍ മലയാളിയുമായി തെറ്റുകയും എക്സിറ്റ് 9 ലേയും 18 ലേയും റസ്ററന്റുകള്‍ ചങ്ങലയിട്ട് പൂട്ടുകയും ചെയ്തു. ഒരു പൈസയും വാങ്ങാതെ നല്‍കിയ വീസക്ക് ഇത്രയും വലിയ തുക ഈടാക്കിയ മലയാളിയോട് മുഴുവന്‍ പൈസയും വാങ്ങുമെന്നാണ് ഇപ്പോള്‍ സ്പോണ്‍സര്‍ പറയുന്നതെന്ന് പരാതിക്കാര്‍ പറഞ്ഞു.

റിയാദിലെത്തിയ ഉടനെ മലപ്പുറം ജില്ലക്കാരനായ ഒരാളില്‍ നിന്നും ഇവരെ കൊണ്ടു വന്ന മലയാളി ഇഖാമയെടുക്കാനാണെന്ന് പറഞ്ഞ് 3000 റിയാലും വാങ്ങിയിരുന്നത്രെ. ഇഖാമ ശരിയായെന്ന് പറഞ്ഞ് നിരവധി തവണ കബളിപ്പിച്ച ഇദ്ദേഹം ആകെ 4 പേര്‍ക്കാണ് ഇതുവരെ ഇഖാമയെടുത്തു നല്‍കിയത്. ഇവര്‍ കാര്‍ഷികത്തൊഴിലാളിയുടെ വീസയിലുള്ളവരാണ്.

എക്സിറ്റ് 18 നടുത്തുള്ള താമസസ്ഥലത്ത് ഭക്ഷണമോ മറ്റ് സൌകര്യങ്ങളോ ഇല്ലാതെ കഴിയുന്ന ഇവര്‍ക്ക് കെഎംസിസി സൈബര്‍ വിംഗിന്റെ പ്രവര്‍ത്തകരാണ് താത്കാലികമായി ഭക്ഷണസാധനങ്ങള്‍ എത്തിച്ചു കൊടുക്കുന്നത്. സാമൂഹ്യ പ്രവര്‍ത്തകനായ നൂറുദ്ദീന്‍ കൊട്ടിയം ഇവരോടൊപ്പം ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കുന്നതിനും മറ്റ് നിയമസഹായങ്ങള്‍ക്കും കൂടെയുണ്ട്. ഇവരുടെ പരാതി ഫയലില്‍ സ്വീകരിച്ച ഇന്ത്യന്‍ എംബസി വെല്‍ഫെയര്‍ വിഭാഗം മേധാവി രണ്ട് ദിവസത്തിനകം ഉചിതമായ നടപടികളെടുക്കുമെന്നറിയിച്ചു.

നിതാഖാത്ത് തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുകയും തൊഴില്‍ നിയമലംഘകരെ കണ്െടത്താനുള്ള തിരച്ചില്‍ ശക്തമാക്കുകയും ചെയ്തതോടെ ബിനാമി ബിസിനസുകളിലടക്കം ഏര്‍പ്പെട്ടവരേയും അവരുടെ സ്ഥാപനങ്ങളേയും അധികൃതര്‍ പിടികൂടുന്നുണ്ട്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍