'കേരളത്തിന്റെ മതേതര പൈതൃകം യുഡിഎഫിന്റെ കൈകളില്‍ ഭദ്രം'
Friday, April 4, 2014 9:11 AM IST
റിയാദ്: കേരളത്തിന്റെ മത സാഹോദര്യവും സാംസ്കാരിക പൈതൃകവും ഉമ്മന്‍ചാണ്ടി നേതൃത്വം നല്‍കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ കൈകളില്‍ ഭദ്രമാണെന്നും കേന്ദ്രത്തില്‍ മതസ്പര്‍ധ വളര്‍ത്തുന്ന ഫാസിസ്റ് വര്‍ഗീയ കൂട്ടുകെട്ടുകള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ യുപിഎ വീണ്ടും അധികാരത്തില്‍ വരണമെന്നും റിയാദില്‍ നടന്ന യുഡിഎഫ് പത്തനംതിട്ട, തിരുവനന്തപുരം, കോട്ടയം ജില്ലാ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു.

സൌദി അറേബ്യയിലെ മുഴുവന്‍ മലയാളി പ്രവാസി സമൂഹവും തങ്ങളുടെ വോട്ടുകള്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി വിനിയോഗിക്കണമെന്ന് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത ഒഐസിസി നേതാവ് ഇസ്മായില്‍ എരുമേലി ആഹ്വാനം ചെയ്തു. പ്രവാസികള്‍ക്ക് അസ്ഥിത്വമുണ്ടാക്കിക്കൊടുത്തത് യുഡിഎഫ് സര്‍ക്കാരാണ്. സൌദി അറേബ്യയിലെ നിതാഖാത്ത് പരീക്ഷണ കാലഘട്ടത്തില്‍ കേരളത്തില്‍ നിന്നുള്ള പ്രവാസികളുടെ മുഴുവന്‍ പ്രശ്നങ്ങളിലും എംബസിയോടൊപ്പവും പ്രവാസി സമൂഹത്തോടൊപ്പവും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നിലകൊണ്ടു. നിരവധി തവണ പ്രവാസി വകുപ്പ് പ്രതിനിധികളെ സൌദി അറേബ്യയുടെ വിവിധ ഭാഗങ്ങളിലേക്കും എംബസിയിലേക്കും അയച്ച് കാര്യങ്ങള്‍ നേരിട്ട് മനസിലാക്കി സഹായിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചു എന്നതു കൊണ്ടു തന്നെ കേരളത്തില്‍ നിന്നുള്ള 20 യുഡിഎഫ് സ്ഥാനാര്‍ഥികളേയും വിജയിപ്പിക്കാനുള്ള ധാര്‍മികമായ ഉത്തരവാദിത്വം പ്രവാസി സമൂഹത്തിനുണ്െടന്നും ഇസ്മായില്‍ സൂചിപ്പിച്ചു.

സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.എം കുഞ്ഞി കുമ്പള അധ്യക്ഷത വഹിച്ച കണ്‍വന്‍ഷനില്‍ സജി കായംകുളം ആമുഖ പ്രഭാഷണം നടത്തി. ഒഐസിസി സീനിയര്‍ വൈസ് പ്രസിഡന്റ് അഡ്വ.എല്‍.ക അജിത് മുഖ്യപ്രഭാഷണം നടത്തി. കേരള കോണ്‍ഗ്രസ് പ്രതിനിധി ഷൈബു കിടങ്ങൂര്‍, കെഎംസിസി നാഷണല്‍ കമ്മിറ്റി സെക്രട്ടറി അര്‍ശുല്‍ അഹമ്മദ്, നാസര്‍ കല്ലറ, അബ്ദുള്ള വല്ലാഞ്ചിറ, ബാസ്റിന്‍ ജോര്‍ജ്, ബാലു കൊല്ലം, ഷുക്കൂര്‍ ആലുവ, റഫീഖ് വെമ്പായം, സലിം കളക്കര, മുഹമ്മദലി മണ്ണാര്‍ക്കാട്, രാധാകൃഷ്ണന്‍ പാലക്കാട്, ഹരികൃഷ്ണന്‍, മുനീര്‍ കോക്കല്ലൂര്‍ എന്നിവര്‍ പ്രസംഗിച്ചു. സാബു കുളമുട്ടം, രാധാകൃഷ്ണന്‍ വര്‍ക്കല, അക്ബര്‍ ആലങ്കോട്, നിഷാദ് തിരുവനന്തപുരം, മസൂദ് നെടുമങ്ങാട്, സാമുവല്‍, വര്‍ഗീസ്, ചാക്കോ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കെ.കെ തോമസ് സ്വാഗതവും ലൈജു കോട്ടയം നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍