കുവൈറ്റില്‍ മൂന്ന് മാസത്തേക്കായി പൊതുമാപ്പ് പ്രഖ്യാപിക്കുവാന്‍ സാധ്യത
Sunday, March 30, 2014 7:57 AM IST
കുവൈറ്റ്: കുവൈറ്റില്‍ മൂന്ന് മാസത്തേയ്ക്കായി പൊതുമാപ്പ് പ്രഖ്യാപിക്കുവാന്‍ അഭ്യന്തര വകുപ്പ് ഒരുങ്ങന്നതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്ത് അനിധികൃതമായി താമസിക്കുന്നവര്‍ക്ക് പരിമിതമായ കാലയളവില്‍ പിഴ അടച്ചുകൊണ്ട് നിയമവിധേയമാകുവാനോ അല്ലെങ്കില്‍ തങ്ങളുടെ സ്വദേശത്തേക്ക് പോകുവാനുള്ള സൌകര്യമാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. ഉപ പ്രധാനമന്ത്രിയും അഭ്യന്തര മന്ത്രിയുമായ ഷേഖ് മുഹമ്മദ് അല്‍ ഖാലിദിന്റെ നിര്‍ദ്ദേശപ്രകാരം കുടിയേറ്റ പാസ്പോര്‍ട്ട് വിഭാഗം അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഷേഖ് ഫൈസല്‍ അല്‍ നവാഫ് രാജ്യത്തെ അഞ്ച് ഗവര്‍ണറേറ്റില്‍ നിന്നും കുടിയേറ്റ ഉദ്യാഗസ്ഥന്മാരോട് നിയമലംഘകരുടെ പട്ടിക തേടിയിരിക്കുകയാണ്.

രാജ്യത്ത് 1,20,000 അനധികൃത താമസക്കാര്‍ ഉണ്ടന്നാണ് കണക്കാക്കപ്പെടുന്നത്. കുടിയേറ്റ നിയമങ്ങള്‍ക്ക് അനുസൃതമായി താമസരേഖ നിയമവിധേയമാക്കുന്നതിന് പരമാവധി 600 കുവൈറ്റ് ദിനാറാണ് പരിധി വച്ചിരിക്കുന്നത്. തന്റേതല്ലാത്ത കാരണത്താല്‍ വീസ പുതുക്കുവാനാവാതെ അനധികൃതമായി കഴിയുന്ന ആയിരങ്ങള്‍ക്ക് പൊതുമാപ്പ് സഹായകരമാകുമെന്നാണ് കരുതപ്പെടുന്നത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍