ഫ്രന്റ്സ് ക്രിയേഷന്‍സ് മയില്‍പീലി റിയാലിറ്റി ഷോ: ഷാജഹാന്‍ എടക്കരയും ഹിബഅബ്ദുസലാമും കല്യാണിരാജ്കുമാറും വിജയികള്‍
Friday, March 28, 2014 8:15 AM IST
റിയാദ്: ഫ്രന്റ്സ് ക്രിയേഷന്‍സ് ജയ്ഹിന്ദ് ടിവി യുമായി ചേര്‍ന്ന് നടത്തിയ മാപ്പിളപ്പാട്ട് ഭക്തിഗാന റിയാലിറ്റി ഷോ 'മയില്‍പീലി' യില്‍ മുതിര്‍ന്നവരുടെ വിഭാഗത്തില്‍ റിയാദില്‍ നിന്നുള്ള ഷാജഹാന്‍ എടക്കരയും ജൂണിയര്‍ വിഭാഗത്തില്‍ ദമാമില്‍ നിന്നുള്ള കല്യാണി രാജ്കുമാറും സീനിയര്‍ വിഭാഗത്തില്‍ ഹിബ അബ്ദുസലാമും വിജയകിരീടം ചൂടി.

കഴിഞ്ഞ ദിവസം നോഫ ഓഡിറ്റോറിയത്തില്‍ നടന്ന ഫ്രന്റ്സ് ക്രിയേഷന്‍സ് ഒന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ഗ്രാന്‍ഡ് ഫിനാലെയിലാണ് ഒന്നാം സ്ഥാനക്കാരെ തെരഞ്ഞെടുത്തത്. സൌദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായെത്തിയ 15 പേരാണ് ഫൈനല്‍ റൌണ്ടില്‍ മത്സരിച്ചത്. ജൂണിയര്‍ വിഭാഗത്തില്‍ ഹിബ ബഷീര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ സീനിയര്‍ വിഭാഗത്തില്‍ ജിന്‍ഷ ഹരിദാസ് രണ്ടാം സ്ഥാനവും മുതിര്‍ന്നവരുടെ മത്സരത്തില്‍ സലീം ചാലിയം രണ്ടാം സ്ഥാനവും നേടി. സൌദി അറേബ്യയില്‍ ആദ്യമായാണ് ഇത്ര വിപുലമായി ഒരു റിയാലിറ്റി ഷോ നടക്കുന്നത്. ദമാമിലെ ശിഹാബ് കൊയിലാണ്ടി, മശ്ഹൂദ് തങ്ങള്‍ ജിദ്ദ, ലിന്‍സി ബേബി റിയാദ് എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു.

ഫ്രന്റ്സ് ക്രിയേഷന്‍സിന്റെ വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തില്‍ പ്രവാസത്തിന്റെ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ബിസിനസ് പ്രമുഖര്‍ക്കും എക്സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു. സമ്മേളനം സിറ്റി ഫ്ളവര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. അബ്ദുള്ള വല്ലാഞ്ചിറ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നവാസ് വെള്ളിമാടുകുന്ന് സ്വാഗതമാശംസിച്ചു.

ഫ്രന്റ്സ് ക്രിയേഷന്‍സ് ബിസിനസ് എക്സലന്‍സ് അവാര്‍ഡിന് അര്‍ഹനായ ഫ്ളീരിയ ഗ്രൂപ്പ് എംഡി അഹമ്മദ് കോയക്ക് നെസ്റ്റോ ഗ്രൂപ്പ് ബി.ഡി.ഒ നാസര്‍ കല്ലായി മൊമെന്റോ സമ്മാനിച്ചു. ക്ളിക്കോണ്‍ എംഡി നാസര്‍ അബൂബക്കറിന് മുന്‍ ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ ഇംതിയാസ് അഹമ്മദ് മൊമെന്റോ നല്‍കി. ജിമാര്‍ട്ട് എംഡി മെഹ്റൂഫ് ചെമ്പക്ക് ഡോ. പോള്‍ തോമസും അറബ്കോ രാമചന്ദ്രന്‍ ഇബ്രാഹിം സുബ്ഹാന്‍, സജി ജോസിന് ലുലു ബത്ത ബ്രാഞ്ച് മാനേജര്‍ അഷ്റഫ്, സൂരജ് റിയാദ് വില്ലക്ക് നരേന്ദ്രന്‍ ചെറുകാട്, വി.എം അഷ്റഫിന് ഡോ. സത്താര്‍, ജോയ് പോളിന് സുജാബ് മോന്‍ ഹസന്‍, മജീദ് ചിങ്ങോലിക്ക് അബ്ദുറഹ്മാന്‍ എന്നിവര്‍ ആദരിച്ചു. പ്രമുഖ പ്രവാസി വ്യവസായി വര്‍ഗീസ് മൂലന് വേണ്ടി മകന്‍ വിജയ് മൂലന്‍ പുരസ്കാരം നെസ്റ്റോ ഓപ്പറേഷന്‍സ് മാനേജര്‍ അഷ്റഫില്‍ നിന്നും ഏറ്റുവാങ്ങി. ടി.പി മുഹമ്മദിന് ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ നിയാസ് ഉമര്‍ പുരസ്കാരം നല്‍കി. ജീവകാരുണ്യ രംഗത്തെ മികച്ച സേവനങ്ങള്‍ക്ക് ദമാമിലെ സഫിയ അജിത്, കെഎംസിസിയുടെ മൊയ്തീന്‍ കുട്ടി തെന്നല എന്നിവര്‍ക്ക് യഥാക്രമം ക്യാപ്റ്റന്‍ ദാസ്, ഡോ. അബ്ദുള്‍ അസീസ് എന്നിവര്‍ മൊമെന്റോ നല്‍കി. പ്രവാസി സാഹിത്യകാരി സബീന എം. സാലിക്ക് ജോസഫ് അതിരുങ്കലും സാമൂഹ്യ പ്രവര്‍ത്തകനായ എസ്.വി അര്‍ഷുല്‍ അഹമ്മദിന് എന്‍.ആര്‍.കെ ചെയര്‍മാന്‍ അഷ്റഫ് വടക്കേവിളയും പുരസ്കാരം നല്‍കി. ആതുരശുശ്രൂഷാ രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ ശുമൈസി ആശുപത്രിയിലെ ഷീലാ രാജുവിനെ സത്താര്‍ കായംകുളം ആദരിച്ചു. അച്ചടി മാധ്യമരംഗത്തെ സംഭാവനകള്‍ക്ക് മലയാളം ന്യൂസിനും ഗള്‍ഫ് മാധ്യമത്തിനും പുരസ്കാരങ്ങള്‍ നല്‍കി. ഗള്‍ഫ് മാധ്യമത്തിനുള്ള ഉപഹാരം അസ്ഹര്‍ പുള്ളിയില്‍ ഡോ. എം.സി സെബാസ്റ്യന്‍ സമ്മാനിച്ചു.

കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചരിത്ര നാടകം സ്റേജില്‍ ആവിഷ്കരിച്ച നാടകം ഡോട്ട് കോം പ്രവര്‍ത്തകരേയും ചടങ്ങില്‍ ആദരിച്ചു. ദീപക് കലാനി പുരസ്കാരം ഏറ്റുവാങ്ങി. തണല്‍ സാന്ത്വനം പദ്ധതിക്കുള്ള ഫ്രന്റ്സ് ക്രിയേഷന്‍സ് സഹായമായ 25,000 രൂപ തണല്‍ ജനകീയ കമ്മിറ്റിയുടെ നിയാസ് തുക ഏറ്റുവാങ്ങി. തുടര്‍ പഠനത്തിനായി നാട്ടിലേക്ക് പോകുന്ന കീര്‍ത്തന ഗിരിജന്‍, ഹിബ അബ്ദുസലാം, ഷീന്‍ഷ ഷാജഹാന്‍, അശ്വതി, അമ്രിന്‍ അസൈനാര്‍, നുനു സുല്‍ത്താന എന്നിവര്‍ക്ക് ചടങ്ങില്‍ യാത്രയയപ്പു നല്‍കി. കാന്‍സര്‍ രോഗത്തിന് ചികിത്സയിലുള്ള പ്രവാസി ഗായകന്‍ മുജീബ് കോഴിക്കോടിന് വേണ്ടി സക്കീര്‍ മണ്ണാര്‍മലയുടെ നേതൃത്വത്തില്‍ ശേഖരിച്ച ഫണ്ട് വേദിയില്‍ നോര്‍ക്ക പ്രതിനിധി ശിഹാബ് കൊട്ടുകാട് ഏറ്റുവാങ്ങി. തുടര്‍ന്ന് ഭാരതീയ കലാകേന്ദ്ര, പ്രണവം ആര്‍ട്സ് എന്നീ ഡാന്‍സ് ട്രൂപ്പുകള്‍ അവതരിപ്പിച്ച വിവിധ പരിപാടികള്‍ ശ്രദ്ധേയമായി. ഫ്രന്റസ് ക്രിയേഷന്‍സ് തയാറാക്കിയ സൌദി മലയാളി മാന്വലിന്റെ പ്രകാശനം ഡോ. എം.സി സെബാസ്റ്യന്‍ എഴുത്തുകാരനായ മന്‍സൂര്‍ പള്ളൂരിന് കോപ്പി നല്‍കി നിര്‍വഹിച്ചു.

അര്‍ഷദ്, ജലീല്‍ മാട്ടൂല്‍, ഉബൈദ് എടവണ്ണ, ഷഫിഖ് കിനാലൂര്‍, ജലീല്‍ ആലപ്പുഴ, മുസ്തഫ പാണ്ടിക്കാട് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. അബ്ദുല്‍ അസീസ് കോഴിക്കോട് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍