എന്‍ആര്‍കെ വെല്‍ഫെയര്‍ ഫോറത്തില്‍ പുതിയ അംഗത്വമാകാം
Tuesday, March 25, 2014 6:57 AM IST
റിയാദ്: നിലവില്‍ നിര്‍ജീവമായ അംഗ സംഘടനകളെ ഒഴിവാക്കി റിയാദിലും പരിസരങ്ങളിലും സജീവമായ സാമൂഹ്യ, സാംസ്കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മലയാളി സംഘടനകളെ ഉള്‍പ്പെടുത്തിക്കൊണ്ട് മലയാളി സംഘടനകളുടെ കൂട്ടായ്മയായ എന്‍ആര്‍കെ വെല്‍ഫെയര്‍ ഫോറം കൂടുതല്‍ ഊര്‍ജസ്വലമാകാന്‍ തീരുമാനിച്ചു.

അന്‍പതിലേറെ അംഗങ്ങളുള്ള എന്‍ആര്‍കെ ഫോറം സമീപകാലത്ത് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല എന്ന പരാതി ഉയര്‍ന്നു വന്നതിനെത്തുടര്‍ന്നാണ് ഭരണസമിതി യോഗത്തില്‍ ഇങ്ങനെയൊരു തീരുമാനമെടുത്തത്. പുതുതായി അപേക്ഷ നല്‍കിയ സംഘടനകളെക്കുറിച്ചും ഇപ്പോള്‍ അംഗങ്ങളായുള്ള സംഘടനകളെക്കുറിച്ചും പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി മൊയ്തീന്‍ കോയ കല്ലമ്പാറ കണ്‍വീനറും സജി കായംകുളം, നവാസ് വെള്ളിമാടുകുന്ന്, അബ്ദുറസാഖ് മാവൂര്‍, ജറോം മാത്യു എന്നിവര്‍ അംഗങ്ങളായുമുള്ള ഒരു സമിതിയെ നിയോഗിച്ചിട്ടുണ്െടന്നും അവര്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിനനുസരിച്ച് പുതിയ മെംബര്‍ഷിപ്പ് കൊടുത്തു തുടങ്ങുമെന്നും എന്‍ആര്‍കെ ഫോറം ചെയര്‍മാന്‍ അഷ്റഫ് വടക്കേവിള, ജനറല്‍ കണ്‍വീനര്‍ ബാലചന്ദ്രന്‍ എന്നിവര്‍ നല്‍കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ആരുടേയും അംഗത്വം അകാരണമായി എന്‍ആര്‍കെ ഫോറം തടഞ്ഞു വച്ചിട്ടില്ല.

ജില്ലാ, പ്രാദേശിക കൂട്ടായ്മകള്‍ ഓരോ പ്രദേശത്തിന്റെയും പേരില്‍ ഒന്നിലധികമുള്ളതും പ്രാദേശിക കൂട്ടായ്മകളുടെ പൊതുവേദിയായി മറ്റൊരു സംഘടന പ്രവര്‍ത്തിക്കുന്നതിനാലുമാണ് ഇത്തരം സംഘടനകളെ അംഗത്വത്തിനായി പരിഗണിക്കാതിരിക്കുന്നത്. ഒന്നര വര്‍ഷമായി പുതിയ സംഘടനകളെ ഉള്‍പ്പെടുത്തുന്നതില്‍ എന്‍ആര്‍കെ ഫോറത്തില്‍ നിലനിന്നിരുന്ന അവ്യക്തത ഇതിനായി നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് വരുന്നതോടെ ഇല്ലാതാകുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

നിതാഖാത്ത് സമയത്ത് എന്‍ആര്‍കെ ഫോറം കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. സംഘടനാ എന്ന നിലയില്‍ അംഗീകരിക്കാന്‍ ഇന്ത്യന്‍ എംബസിക്ക് സാങ്കേതിക ബുദ്ധിമുട്ടുകളുള്ളതിനാലാണ് ഒരു സംഘടനയുടേയും പേര് മാധ്യമങ്ങളില്‍ വരാതിരുന്നത്. റിയാദിന് പുറമെ അല്‍ ഖര്‍ജ്, മുസാമിയ തുടങ്ങിയ സമീപ പ്രദേശങ്ങളിലും എന്‍ആര്‍കെ വെല്‍ഫെയര്‍ ഫോറം പ്രവര്‍ത്തകര്‍ ബോധവത്കരണ പരിപാടികള്‍ നടത്തിയിരുന്നു.

എംബസിയിലും തര്‍ഹീലിലും പാസ്പോര്‍ട്ട് ഓഫീസിലും ബത്ഹയില്‍ ഇന്ത്യക്കാര്‍ കൂടുന്ന സ്ഥലങ്ങളിലും ഇന്ത്യന്‍ എംബസി വോളന്റിയര്‍മാരായി നിസ്വാര്‍ഥ സേവനം നല്‍കിയവരില്‍ ഭൂരിപക്ഷവും എന്‍ആര്‍കെ ഫോറം എംബസിക്ക് സംഭാവന ചെയ്ത അംഗങ്ങളായിരുന്നു. ഇനിയും പ്രവാസി മലയാളികള്‍ക്ക് ആവശ്യമായ സേവനം നല്‍കുന്നതിന് മുഴുവന്‍ അംഗ സംഘടകളേയും സഹകരിപ്പിച്ചുകൊണ്ട് കൂട്ടായ ശ്രമങ്ങള്‍ നടത്താന്‍ എന്‍.ആര്‍കെ ഫോറം മുന്‍പന്തിയിലുണ്ടാകുമെന്നും ഭാരവാഹികള്‍ ഒപ്പിട്ടു നല്‍കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍