സാന്പത്തിക കേസുകളിൽ പെട്ടവർക്ക് സമാശ്വാസമായി കുവൈത്ത് അമീർ
Tuesday, February 20, 2018 12:24 AM IST
കുവൈത്ത് സിറ്റി: സാന്പത്തിക കേസുകളിൽപ്പെട്ടു വർഷങ്ങളായി ജയിലിൽ കഴിയുന്ന സ്വദേശികളുടെയും വിദേശികളുടെയും കട ബാധ്യത ഏറ്റെടുക്കുമെന്നു കുവൈത്ത് അമീർ ഷേയ്ഖ് സബ അൽ അഹമദ് അൽ ജാബിർ അൽ സബ പ്രസ്താവിച്ചു. രാജ്യത്തിന്‍റെ 57 മത് ദേശീയ ദിനത്തിന്േ‍റയും 27മത് വിമോചന ദിനാഘോഷത്തിന്േ‍റയും ഭാഗമായാണ് സാന്പത്തിക ബാധ്യത ഏറ്റെടുക്കുന്നതെന്ന് അമീരി ദിവാൻ അറിയിച്ചു.

അമീറിന്‍റെ സ്വകാര്യ നിധിയിൽ നിന്നാകും ഇതിനുള്ള തുക വകയിരുത്തുക. അമീറിന്‍റെ തീരുമാനത്തെ വാനോളം പുകഴ്ത്തിയ പാർലമെന്‍റ് സ്പീക്കർ മർസൂക്ക് അൽ ഗാനിം രാഷ്ട്രീയ, സാന്പത്തിക, പ്രകൃതി ദുരന്ത പ്രതിസന്ധികൾ മൂലം ലോകത്ത് വിഷമത അനുഭവിക്കുന ജനങ്ങളെ സഹായിക്കുകയും അതിനു നേതൃത്വം നൽകുന്ന മഹനീയ നേതാവാണ് അമീറെന്നും നൂറുകണക്കിന് കുടുംബത്തിനാണ് അമീറിന്‍റെ പുതിയ തീരുമാനത്തിലൂടെ പുതുജീവൻ ലഭിക്കുകയെന്നും പറഞ്ഞു.

ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ചു ഇത്തവണ കൂടുതൽ തടവുകാർക്ക് അമീർ ഇളവുനൽകാൻ പദ്ധതിയുള്ളതായി ജയിൽകാര്യ അസിസ്റ്റന്‍റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അബ്ദുള്ള അൽ മുഹന്ന നേരത്തേ അറിയിച്ചിരുന്നു.

പുതിയ തീരുമാനം സാന്പത്തിക ബാധ്യതയുടെ പേരിൽ ജയിവാസം അനുഭവിക്കുന്ന ഇന്ത്യക്കാർ ഉൾപ്പടെയുള്ള നിരവധി തടവു പുള്ളികൾക്ക് ആശ്വാസമാകുമെന്നാണ് കരുതുന്നത്.

റിപ്പോർട്ട്: സലിം കോട്ടയിൽ