പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി റീസൈക്കിളത്തോണ്‍ റണ്‍ നടത്തി
Monday, December 11, 2017 11:20 AM IST
ഷാർജ: പരിസ്ഥിതി സംരക്ഷണത്തിന്‍റെ സന്ദേശവുമായി വിദ്യാർത്ഥികൾ ഷാർജ കസബയിൽ റീസൈക്കിളത്തോണ്‍ റണ്‍ നടത്തി. ശേഖരിച്ചു വച്ച ഉപയോഗ ശൂന്യമായ കടലാസുകളും പ്ലാസ്റ്റിക്ക് ബോട്ടിലുകളുമായാണ് രാവിലെ തന്നെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ കസബയിലെത്തിയത്.

പരിസ്ഥിതി സംരക്ഷണത്തിന്‍റെ സന്ദേശമോതുന്ന പ്ലക്കാർഡുകളുമായി അവർ കസബ പരിസരത്ത് കൂട്ടയോട്ടം നടത്തി. ഷാർജ ഇന്ത്യൻ അസോസിയേഷൻ ലൈബ്രറി കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷാർജ ഇന്ത്യൻ സ്കൂൾ ഹോപ് ക്ലബ്, ബീഅ, കസബ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാർത്ഥികൾ ശേഖരിച്ച 2000ത്തോളം കിലോ കടലാസുകളും ബോട്ടിലുകളും പുനർ നിർമ്മാണത്തിനായി ബീഅയ്ക്കു കൈമാറി.

ഏറ്റവും കൂടുതൽ കടലാസുകൾ ശേഖരിച്ച ശ്രദ്ധ കണ്ണപ്പൻ (330 കിലോ), ഏറ്റവും കൂടുതൽ പ്ലാസ്റ്റിക്ക് ബോട്ടിലുകൾ ശേഖരിച്ച നിയോള കാസ്റ്റിലോന (34 കിലോ) എന്നിവർ സമ്മാനാർഹരായി. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് അഡ്വ.വൈ.എ.റഹീം പരിപാടി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ലൈബ്രറി കമ്മിറ്റി കണ്‍വീനർ സുനിൽ രാജ്, ഷാർജ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ പ്രമോദ് മഹാജൻ, ഹെഡ്മാസ്റ്റർ രാജീവ് മാധവൻ, മഹേഷ് മേനോൻ, ഹോപ് ക്ലബ് കോഡിനേറ്റർമാരായ ജസീല ഹമീദ്, റാഷിദ ആദിൽ സ്കൗട്ട്സ് മാസ്റ്റർ റജിദീൻ, ഹെഡ് ബോയ് ജോയൽ ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.