എമർജൻസി ബ്ലഡ് ഡൊണേഷൻ ക്യാന്പ് നടത്തി
Saturday, December 9, 2017 11:17 AM IST
കുവൈത്ത്: ബ്ലഡ് ഡോണേഴ്സ് കേരള, കുവൈത്ത് ചാപ്റ്റർ നടത്തി വരുന്ന ഒരുവർഷം നീണ്ടുനിൽക്കുന്ന സന്നദ്ധ രക്തദാന പ്രചാരണ പരിപാടികളുടെ ഭാഗമായി ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ രക്തദാനക്യാന്പ് സംഘടിപ്പിച്ചു.

സെൻട്രൽ ബ്ലഡ് ബാങ്ക് അധികൃതരുടെ അഭ്യർഥനപ്രകാരം ഡിസംബർ ആറിന് വൈകുന്നേരം അഞ്ചു മുതലാണ് ക്യാന്പ് സംഘടിപ്പിച്ചത്. നെഗറ്റീവ് ഗ്രൂപ്പിൽ പെട്ട അൻപതിലധികം ദാതാക്കൾ ക്യാന്പിൽ പങ്കെടുത്ത് രക്തദാനം ചെയ്തു.

കുവൈത്തിലെ രക്തദാനമേഘലയിൽ പ്രവർത്തിക്കുന്ന സന്നദ്ധരക്തദാന സംഘടനയായ കുവൈത്ത് പാക്കിസ്ഥാൻ ബ്ലഡ് ഡോണേഴ്സ് പ്രതിനിധികൾ ക്യാന്പ് സന്ദർശിച്ച് ബ്ലഡ് ഡോണേഴ്സ് കേരളയുടെ രക്തദാനപ്രചാരണ പ്രവർത്തനങ്ങൾക്ക് പിന്തുണ അറിയിക്കുകയും രക്തദാതാക്കളെ അഭിനന്ദിക്കുകയും ചെയ്തു.

2011 മുതൽ ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും സന്നദ്ധരക്തദാനരംഗത്തു പ്രവർത്തിച്ചു വരുന്ന നവമാധ്യമ കൂട്ടായ്മയായ ബ്ലഡ് ഡോണേഴ്സ് കേരളയുടെ കുവൈത്ത് ചാപ്റ്റർ കഴിഞ്ഞ ദിവസം അദാൻ ആശുപത്രിയിൽ അത്യപൂർവയിനം രക്തം ലഭിക്കാത്തതിനാൽ പ്രസവസംബന്ധമായ ശസ്ത്രക്രിയ വൈകിയ കർണാടക സ്വദേശിയായ ഒരു യുവതിക്കുവേണ്ടി ഖത്തറിൽ നിന്നും ഒരു രക്തദാതാവിനെ എത്തിച്ചിരുന്നു. പത്തുലക്ഷത്തിൽ നാലു പേർക്ക് മാത്രം കാണപ്പെടുന്ന ബോംബെ ബ്ലഡ് എന്ന ഇനത്തിൽ പെട്ട, നിധീഷ് രഘുനാഥ് എന്ന രക്തദാതാവിനെ ആണ് കൃത്യതയോടെ നടത്തിയ നീക്കങ്ങളിലൂടെ കുവൈത്തിൽ എത്തിക്കാൻ സാധിച്ചത്.

ബിഡികെ കുവൈത്ത് ടീമിന് ലഭിച്ച സഹായാഭ്യർഥന പ്രകാരം സോഷ്യൽ മീഡിയയിൽ നടത്തിയ തിരച്ചിലിൽ ആണ് ബിഡികെ ഖത്തർ ടീം ഈ ദാതാവിനെ കണ്ടെത്തുന്നത്. തുടർന്ന് കുവൈത്ത് ഖത്തർ ടീമുകൾ സംയുക്തമായി നടത്തിയ സജീവ ഇടപെടലുകളിലൂടെ ആവശ്യമായ അനുമതികളും യാത്രാ രേഖകളും തയാറാക്കി നിധീഷിനെ കുവൈത്തിൽ എത്തിച്ചു ചരിത്രപരമായ ദൗത്യം പൂർത്തിയാക്കിയത്.

കുവൈത്ത് സെൻട്രൽ ബ്ലഡ് ബാങ്ക്, ആരോഗ്യമന്ത്രാലയം, ഖത്തർ ഹമദ് മെഡിക്കൽ കോർപറേഷൻ, നിധീഷിന്‍റെ തൊഴിലുടമകളായ, അൻസാർ ഗാലറി എന്നിവരും ഉദ്യമത്തിൽ സർവാത്മനാ സഹകരിച്ചു. രാജ്യത്ത് ആദ്യമായാണ് പുറത്തു നിന്നും ഒരു ദാതാവിനെ എത്തിച്ചു രക്തം സ്വീകരിക്കുന്നതെന്ന് കുവൈത്ത് സെൻട്രൽ ബ്ലഡ് ബാങ്ക് ഡോണർ വിഭാഗം മേധാവി ഡോ. റാണ്യ മക്ദൂർ പറഞ്ഞു.

രക്തദാന പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ താല്പര്യമുള്ളവർക്ക് അവരവരുടെ പേരും ബ്ലഡ് ഗ്രൂപ്പും 6999 7588 എന്ന നന്പറിലേക്ക് വാട്സ് ആപ് സന്ദേശമായി അയയ്ക്കാവുന്നതാണ്.

റിപ്പോർട്ട്: സലിം കോട്ടയിൽ