മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകണം: ഡോ. എസ്. ശ്രീകുമാർ
Wednesday, October 11, 2017 11:45 AM IST
ദോഹ: മനുഷ്യന് ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യമെന്നും ശാരീരിക പ്രയാസങ്ങളും അസ്വസ്ഥകളുമൊക്കെയുണ്ടാകുന്പോൾ വിദഗ്ധരായ ഡോക്ടർമാരെ കണ്ട് ചികിൽസ തേടുന്നതുപോലെ തന്നെ മനസിന് അസ്വസ്ഥകളുണ്ടാകുന്പോഴും ചികിൽസ തേടണമെന്ന ബോധം സമൂഹത്തിലുണ്ടാകണമെന്ന് പ്രമുഖ ക്ളിനിക്കൽ സൈക്കോളജിസ്റ്റും ഖത്തർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പീച്ച് ആൻഡ് ഹിയറിംഗിലെ സൈക്കോളജി വിഭാഗം തലവനുമായ എസ്. ശ്രീകുമാർ അഭിപ്രായപ്പെട്ടു. ലോക മാനസിക ദിനാചരണത്തോടനുബന്ധിച്ച് മീഡിയ പ്ളസും ഫ്രന്‍റ്സ് കൾചറൽ സെന്‍ററും സംയുക്തമായി സംഘടിപ്പിച്ച സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മാനസിക പ്രയാസങ്ങളെക്കുറിച്ചും അവയെ കൈകാര്യം ചെയ്യുന്നതുസംബന്ധിച്ചും ശക്തമായ ബോധവത്കരണം സമൂഹത്തിലുണ്ടാവണം. മാനസിക രോഗികളോടുള്ള സമൂഹത്തിന്‍റെ കാഴ്ചപ്പാടിലും നിലപാടിലും മാറ്റം വരുത്തുവാൻ ഇത്തരം ബോധവത്കരണങ്ങൾക്ക് കഴിയും. അനാവശ്യമായ ആശങ്കകളും അമിതമായ ഉത്കണ്ഠയുമാണ് മനുഷ്യജീവിതത്തെ പലപ്പോഴും സമ്മർദ്ദത്തിലാഴ്ത്തുന്നത്. വിഷാദവും ഉൽകണ്ഠയുമൊക്കെ പരിഹരിക്കാവുന്ന മാനസിക പ്രയാസങ്ങളാണ്. മാനസിക പ്രയാസങ്ങളെ ദൂരീകരിക്കുവാനും സന്തോഷകരമായ ജീവിതം ഉറപ്പുവരുത്തുവാനും സഹായകമായ അന്വേഷണങ്ങളും ചിന്തകളുമാണ് ലോകമാനസിക ദിനത്തിൽ ഏറെ പ്രസക്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ആത്മീയ ചിന്തകളും മൂല്യ വിചാരവും മനുഷ്യ മനസിന് ശക്തി നൽകുന്ന ചാലക ശക്തികളാണെന്നും ദൈവ ചിന്തയാൽ മനസുകൾ സമാധാനമടയുമെന്ന ഖുർആനിക വചനം എന്നും പ്രസക്തമാണെന്നും പരിപാടി ഉദ്ഘാടനം ചെയ്ത ഫ്രന്‍റ്സ് കൾചറൽ സെന്‍റർ എക്സിക്യൂട്ടീവ് ഡയറക്ടർ ഹബീബുറഹ്മാൻ കിഴിശേരി അഭിപ്രായപ്പെട്ടു.

സൗദിയ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എൻ.കെ.എം. മുസ്തഫ സാഹിബ്, ഡോ. യാസർ, മൈൻഡ് ട്യൂണ്‍ പരിശീലകനും സക്സസ് കോച്ചുമായ മശ്ഹൂദ് തിരുത്തിയാട് എന്നിവർ പ്രസംഗിച്ചു. മീഡിയ പ്ലസ് സിഇഒ ഡോ. അമാനുള്ള വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു.