പ്രതിരോധത്തിന്‍റെ വിപുലമായ രാഷ്ട്രീയ ഐക്യം കാലഘട്ടത്തിന്‍റെ അനിവാര്യത : കവി കെ സച്ചിദാനന്ദൻ
Tuesday, May 23, 2017 1:14 AM IST
റിയാദ്: ഇന്ത്യയിലെ നിലവിലെ സാഹചര്യത്തിൽ, ശക്തിപ്രാപിച്ചുവരുന്ന ഫാസിസ്റ്റ് കടന്നാക്രമണങ്ങൾക്കെതിരെ പ്രതിരോധത്തിന്‍റെ വിപുലമായ രാഷ്ട്രീയ ഐക്യം അനിവാര്യമാണെന്ന് കവി കെ സച്ചിദാനന്ദൻ. റിയാദിൽ കേളി കലാ സാംസ്കാരികവേദി സംഘടിപ്പിച്ച ഇകെ നായനാർ അനുസ്മരണ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

നാം സംസാരിക്കുന്ന വാക്കും നാം എഴുതുന്ന അക്ഷരവും ഇന്ന് ഭരണാധികാരികളുടെ നിരീക്ഷണത്തിലാണ്. ഭരണാധികാരത്തിനെതിരായ എന്തിലും എത്തുന്ന കണ്ണായി രാജ്യം മുഴുവൻ ജയിലായി മാറുകയാണ്. അത്തരത്തിലുള്ള ഭൂരിപക്ഷവാദമാണിന്നിവിടെ ജനാധിപത്യമായി കൊണ്ടാടപ്പെടുന്നത്. ചരിത്ര വസ്തുതകൾ ഭരണാധികാരികളുടെ ഇംഗിതത്തിനനുസരിച്ച് പുനർനിർവചിക്കപ്പെടുന്നു, ചിന്തയും സ്വാതന്ത്ര്യവും തടവിലാക്കപ്പെട്ടിരിക്കുന്നു. ഇവരുടെ ആദ്യ ഇരകൾ മുസ്ലീങ്ങളാണ്. രണ്ടാമത്തേത് കലാകാരൻമാരും ബുദ്ധിജീവികളും. അധികാരത്തോട് സത്യം സംസാരിക്കുന്ന കലാകാരൻമാരെയും എഴുത്തുകാരെയും അവർ ഭയക്കുന്നു. പുരോഗമന ചിന്താധാരയിലുള്ള സംഘടനകൾ, ചരിത്രകാരൻമാർ, തൊഴിലാളികൾ, സ്ത്രീകൾ, ദളിതർ, ഇവരൊക്കെ ഇരകളും അക്രമണവിധേയരുമായിത്തരുന്നു. ഈ വിധത്തിൽ ഫാസിസത്തിന്‍റെ എല്ലാ ലക്ഷണങ്ങളും ഇന്ത്യയിൽ പ്രകടമായിക്കഴിഞ്ഞിരിക്കന്നു. ഇതിനെതിരെ വിപുലമായ രാഷ്ട്രീയ പ്രതിരോധ നിര സജ്ജമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും സച്ചിദാനന്ദൻ പറഞ്ഞു.

വെള്ളിയാഴ്ച്ച അൽഹയർ അൽഒവൈദ ഓഡിറേറാറിയത്തിൽ നടന്ന ഇകെ നായനാർ അനുസ്മരണ യോഗത്തിൽ കേളി മുഖ്യ രക്ഷാധികാരി കെ.ആർ ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. ബി.പി രാജീവൻ സ്വാഗതം ആശംസിച്ചു,. കേളി സെക്രട്ടറി റഷീദ് മേലേതിൽ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗം ദസ്തക്കീർ, ചില്ല സർഗ്ഗവേദി ഉപദേശക സമിതി അംഗവും എഴുത്തുകാരനുമായ എം ഫൈസൽ എന്നിവർ ഇകെ നായനാരെ അനുസ്മരിച്ച് സംസാരിച്ചു. രക്ഷാധികാരി സമിതി അംഗങ്ങൾ കേന്ദ്ര കമ്മിററി അംഗങ്ങൾ, വിവിധ ഏരിയകളിൽ നിന്നെത്തിയ നിരവധി പ്രവർത്തകർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍