മലപ്പുറത്ത് ഐക്യജനാധിപത്യമുന്നണി റിക്കാർഡ് ഭൂരിപക്ഷം നേടും
Monday, March 20, 2017 7:07 AM IST
ജിദ്ദ: മലപ്പുറം ലോകസഭാ മണ്ഡലത്തിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥിയുടെ ഭൂരിപക്ഷം എല്ലാ റിക്കാർഡുകളും മറികടക്കുന്നതായിരിക്കുമെന്ന് മലപ്പുറം മുനിസിപ്പൽ ഒഐസിസി കമ്മിറ്റി അഭിപ്രായപ്പെട്ടു. പരാജയം മുന്നിൽ കണ്ടുകൊണ്ടാവണം ഇടതുപക്ഷ ജനാധിപത്യമുന്നണി താരതമ്യേന ദുർബലരായ സ്ഥാനാർഥിയെ ഇറക്കിയതെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു.

മലപ്പുറം മുനിസിപ്പൽ കമ്മിറ്റി നടത്തിവരുന്ന ന്ധസാന്ത്വനം 2017’ ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ മാസാന്ത അവലോകന യോഗത്തോടനുബന്ധിച്ചു നടന്ന ചർച്ചയിൽ മലപ്പുറം ലോകസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് മലപ്പുറം മുനിസിപ്പൽ ഒഐസിസി കമ്മിറ്റി പ്രവർത്തകർ സജീവമാവാൻ തീരുമാനിച്ചു. സോഷ്യൽ മീഡിയവഴിയുള്ള പ്രചാരണ പ്രവർത്തനങ്ങൾക്കുപുറമെ മലപ്പുറം മുനിസിപ്പൽ പരിധിയിൽ കമിറ്റിയുടേതായി പ്രചാരണ ബോർഡുകൾ സ്ഥാപിക്കാനും തീരുമാനിച്ചു.

സാന്ത്വനം 2017 ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി മലപ്പുറം മുനിസിപ്പൽ പ്രദേശത്തുള്ള നിർധനരായ പത്തു രോഗികൾക്ക് ആവശ്യമായ മരുന്നുകളും മലപ്പുറം ഗവണ്‍മെന്‍റ് ഹോമിയോ ആശുപത്രിയിലെത്തുന്ന നിർധനരായ രോഗികൾക്ക് മരുന്നു നൽകി വരുന്ന ബോട്ടിലുകളും സൗജന്യമായി നൽകാൻ തീരുമാനിച്ചു.

ഒഐസിസി മലപ്പുറം ജില്ലാ പ്രസിഡന്‍റ് ഹക്കീം പാറക്കൽ യോഗം ഉദ്ഘാടനം ചെയ്തു. യു.എം. ഹുസൈൻ മലപ്പുറം അധ്യക്ഷത വഹിച്ചു. അബാസ് അലി കൊന്നോല, ടി.കെ. ബഷീർ മലപ്പുറം, കമാൽ കളപ്പാടൻ, കുഞ്ഞാൻ പൂക്കാട്ടിൽ, സലിം ഷിഫാ ജിദ്ദ, റഷീദ് കണ്ണത്തുപാറ, സി.പി. യൂനുസ്, റസാഖ് മൈലപ്പുറം തുടങ്ങിയവർ പ്രസംഗിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ