കമ്യൂണിറ്റി പോലീസുകാർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
Wednesday, March 1, 2017 5:26 AM IST
അബുദാബി: നമ്മളെല്ലാം പോലീസ് പദ്ധതിയിൽ പരിശീലനം പൂർത്തിയാക്കിയ ആയിരം കമ്യൂണിറ്റി പോലീസുകാർക്ക് ഗ്രാജുവേഷൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. അബുദാബി പോലീസ് ഓഫീസേഴ്സ് ക്ലബിൽ നടന്ന ചടങ്ങിൽ അബുദാബി പോലീസ് മേധാവി ജനറൽ മുഹമ്മദ് ഖൽഫാൻ അൽ റുമൈതിയാണ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത്.

പരിശീലനം പൂർത്തിയാക്കിയ ഇവർ ഉടൻ സേവനത്തിനിറങ്ങും. ജനങ്ങൾ തമ്മിലെ സംഘർഷങ്ങളിൽ ഇടപെടുക, വിവിധ പരിപാടികൾക്കത്തെുന്ന ജനങ്ങളെ നിയന്ത്രിക്കുക, അപകടമുണ്ടായാൽ ഗതാഗത നിയന്ത്രണം നടത്തുക തുടങ്ങിയവയാണ് ഇവരുടെ പ്രധാന ചുമതലകൾ. യുഎഇ പൗരന്മരും വിദേശികളും കമ്യൂണിറ്റി പോലീസിൽ അംഗങ്ങളാണ്.

കഴിഞ്ഞ വർഷം ആരംഭിച്ച കമ്യൂണിറ്റി പോലീസ് പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. പദ്ധതിയിലേക്ക് അപേക്ഷിച്ച 5000 പേരിൽ നിന്നാണ് 1000 പേരെ തിരഞ്ഞെടുത്തത് . തെരഞ്ഞെടുക്കപ്പെടുന്നവർ 30 മിനിറ്റ് ദൈർഘ്യമുള്ള ആറു പരിശീലന ക്ലാസുകളിൽ പങ്കെടുക്കുന്നതോടെ പരിശീലനം പൂർത്തിയാകും.

വിവിധ സാഹചര്യങ്ങളെ നേരിടൽ, ഗതാഗത നിയന്ത്രണം, റിപ്പോർട്ട് തയാറാക്കൽ തുടങ്ങിയവയാണ് പരിശീലന ക്ലാസുകളിലെ വിഷയങ്ങൾ. സിഗ്നലുകൾ തകരാറിലായാൽ ഗതാഗത നിയന്ത്രണ ചുമതല കമ്യൂണിറ്റി പോലീസിനാണ്. ജനങ്ങൾ തമ്മിലുള്ള വഴക്കുകളിൽ ഇടപെട്ട് പ്രശ്നം പരിഹരിക്കാനും ഇവർക്ക് അധികാരമുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ആപ്ലിക്കേഷൻ മുഖേന അബുദാബി പോലീസിന് റിപ്പോർട്ട് അയയ്ക്കാൻ കമ്യൂണിറ്റി പോലീസ് അംഗങ്ങൾക്ക് സാധിക്കും. ഇതിനുള്ള മൊബൈൽ അപ്ലിക്കേഷനുകൾ ഇതിനകം അംഗങ്ങൾക്ക് നൽകി കഴിഞ്ഞു. ഫോട്ടോകളും ആപ്ളിക്കേഷൻ വഴി അയയ്ക്കാം. റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് അബുദാബി പോലീസ് ആവശ്യമായ നടപടികൾ സ്വീകരിക്കും.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള