പ്രവാസി സാന്ത്വനം പദ്ധതിയോടുള്ള സർക്കാരിന്റെ സമീപനം തിരുത്തണം. കെഎംസിസി
Wednesday, March 1, 2017 11:26 AM IST
റിയാദ്: വിദേശത്ത് നിന്ന് മടങ്ങുന്ന പ്രവാസികൾക്ക് നോർക്ക റൂട്സ് വഴി നടപ്പിലാക്കിയ പ്രവാസി സാന്ത്വനം പദ്ധതിയോടുള്ള ഇടതുപക്ഷ സർക്കാരിന്റെ സമീപനം തിരുത്തണമെന്ന് പെരിന്തൽമണ്ണ നിയോജക മണ്ഡലം കെഎംസിസി കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് വിതരണം ചെയ്ത സഹായങ്ങളല്ലാതെ മറ്റൊരു സഹായവും ആർക്കും നൽകിയിട്ടില്ല. ആയിരക്കണക്കിന് അപേക്ഷകളാണ് നോർക്കയിൽ കെട്ടിക്കിടക്കുന്നത്, ഇതിന് അടിയന്തര പരിഹാരം വേണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.

പെരിന്തൽമണ്ണ നിയോജക മണ്ഡലം കെഎംസിസി പ്രസിഡന്റ് നാസർ മാസ്റ്റർ വളപുരം അദ്ധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് നൗഷാദ് കട്ടുപ്പാറ ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണ നിയോജക മണ്ഡലം ജ. സെക്രട്ടറി സത്താർ താമരത്ത് ഇ.അഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി. പ്രവർത്തന പരിപാടികൾ സ്വാലിഹ് അമ്മിനിക്കാട് വിശദീകരിച്ചു. മണ്ഡലത്തിൽ നിന്നുള്ള നോർക്ക അപേക്ഷകരുടെ ലിസ്റ്റ് മജീദ് മണ്ണാർമലയും ബുഷൈർ താഴക്കോടും കെ.എം.സി.സി നോർക്ക ഉപസമിതി ചെയർമാൻ മുനീർ വാഴക്കാടിനു കൈമാറി. ഹംസ ദാരിമി ചെമ്മണിയോട് പ്രാർത്ഥന നിർവഹിച്ചു. ജില്ലാ കെ.എം.സി.സി. ചെയർമാൻ ഷംസു പൊന്നാനി, ഹാരിസ് മഞ്ചേരി, ഖമറുദ്ദീൻ കുയിലൻ, നിഷാദ് പാറൽ, മുഹമ്മദ് ഏലംകുളം, അലി വെട്ടത്തൂർ, ശിഹാബ് മേലാറ്റൂർ, എന്നിവർ പ്രസംഗിച്ചു. നാസർ മംഗലത്ത് സ്വാഗതവും മുത്തു കട്ടുപ്പാറ നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ