പ്രവാസി സംഘടന നേതാക്കൾക്ക് പുതിയ പരിശീലന പരിപാടികൾ ആരംഭിക്കും: സൈൻ
Tuesday, February 28, 2017 7:08 AM IST
ജിദ്ദ: മിഡിൽ ഈസ്റ്റിലെ രാഷ്ട്രീയ സാമൂഹിക സാന്പത്തിക രംഗത്തെ പുതിയ വെല്ലു വിളികളുടെ പശ്ചാത്തലത്തിൽ പ്രവാസി സമൂഹം നേരിടുന്ന പ്രശ്നങ്ങളെ അതിജീവിക്കുന്നതിന് പ്രവാസി സംഘടനകൾക്ക് ദിശാബോധം നൽകുന്ന പരിശീലന പരിപാടികൾ ആരംഭിക്കാൻ സൈൻ ഇന്ത്യ ചെയർമാൻ പാണക്കാട് മുനവറലി ശിഹാബ്തങ്ങളും എക്സിക്യൂട്ടീവ് ഡയറക്ടർ റാഷിദ് ഗസാലിയും വിവിധ ഗൾഫ് രാജ്യങ്ങളിലെ സൈൻ ചാപ്റ്ററുകളോട് അഭ്യർഥിച്ചു.

കഴിഞ്ഞ പത്ത് വർഷകാലമായി പഠന പരിശീലന മാനവ വിഭവ ശേഷി രംഗത്ത് നിരവധി സ്തുത്യർഹമായ സേവനം നടത്തിവരുന്ന സൈൻ വയനാട്ടിലെ ആസ്ഥാനത്ത് ജീവിതത്തിന്‍റെ നാനാ തുറകളിലുള്ള കോർപ്പറേറ്റുകൾ മുതൽ വിദ്യാർഥികളും അധ്യാപകരും സാമൂഹ്യ, സാംസ്കാരിക മത രംഗത്തുള്ളവരുമടക്കം വിവിധ മേഖലകളിലെ ആയിരങ്ങൾക്കാണ് പരിശീലനം നൽകിയത്.

ഗൾഫ് രാജ്യങ്ങളിൽ നിരവധി ട്രെയിനിംഗുകൾ നടത്തിയ സൈൻ ചാപ്റ്ററുകളിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ചത് ജിദ്ദ ചാപ്റ്ററാണ്. ജിദ്ദയിൽ നടത്തിയ ്രെടെനിംഗുകളിൽ ശ്രദ്ധേയമായത് സൈൻ യുവർ സെൽഫ്, മാസ്റ്റർ മൈന്‍റ്, ലീഡ് 2020 തുടങ്ങിയവയാണ്. പരിശീലന പ്രവർത്തനങ്ങളോടൊപ്പം വിദ്യാഭാസ മേഘലയിലും സൈൻ അതിന്േ‍റതായ പുതിയ കാൽവയ്പുകൾ നടത്തി വരികയാണെന്ന് ഇരുവരും വിശദീകരിച്ചു.

പുതിയ ഭാരവാഹികളായി റഷീദ് വരിക്കോടൻ (ഡയറക്ടർ) കെ.സി. അബ്ദുറഹ്മാൻ, അഷ്റഫ് പൊാനി (ഡെപ്യൂട്ടി ഡയറക്ടർ), നാസർ വെളിയംകോട് (എക്സിക്യൂട്ടീവ് കോഓർഡിനേറ്റർ) അനസ് പരപ്പിൽ, അഡ്വ: അലവികുട്ടി (കോഓർഡിനേറ്റർ) വി.പി. ഹിഫ്സുറഹിമാൻ (ഫിനാൻസ് കണ്‍വീനർ) എന്നിവരേയും കവീനർമാരായി നിസാം മന്പാട് (ഫാമിലി സർക്കിൾ), അഷ്റഫ് കോയിപ്ര (ലോജിസ്റ്റിക്സ്) എൻ.എം. ജമാൽ (ജെടിസി), റസാക് ചേലക്കോട് (സ്കോളർഷിപ്പ്), സി.ടി. ശിഹാബ് (മീഡിയ) അഡ്വ: മുനീർ (മോറ. സ്റ്റഡീസ്) സലാഹ് കാരാടൻ, അഹമ്മദ് പാളയാട്ട്, കാവുങ്ങൽ മുഹമ്മദ് (പാട്രസ്) എന്നിവരെയും തെരഞ്ഞെടുത്തു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ