ശാന്തിയും സമാധാനവും ഉത്ഘോഷിക്കുന്ന മതദർശനങ്ങൾ ജനമനസുകളിലേക്കെത്തിക്കുക : എൻ. ഷംസുദ്ദീൻ എംഎൽഎ
Tuesday, January 17, 2017 2:28 AM IST
ദമാം : ഫാഷിസം പിടിമുറുക്കിക്കൊണ്ടിരിക്കുന്ന സമകാലിക ഇന്ത്യൻ സാഹചര്യചര്യത്തിൽ മുസ്ലിംകൾ ഇസ്ലാമിന്റെ തനതായ സമാധാന സന്ദേശം സമൂഹത്തിൽ ആഴത്തിൽ പ്രചരിപ്പിക്കേണ്ടതുണ്ടെന്നു അഡ്വ:എൻ ഷംസുദ്ദീൻ എൽഎൽഎ അഭിപ്രായപ്പെട്ടു . വക്കം മൗലവി, കെ.എം. മൗലവി, സീതി സാഹിബ് തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകിയ സലഫി പ്രസ്‌ഥാനത്തിന്റെ പിൻമുറക്കാരായ വിസ്ഡം ഇസ്ലാമിക് മിഷന്റെ കീഴിൽ സൗദി അറേബ്യയിൽ നടക്കുന്ന ഇസ്ലാം മാനവിക ഐക്യത്തിന് സമാധാനത്തിന് കാംപയിൻ തികച്ചും കാലിക പ്രസക്‌തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സൗദി കിഴക്കൻ പ്രവിശ്യാ ഇന്ത്യൻ ഇസ്ലാഹീ സെൻററുകളുടെ സംയുക്‌ത ത്രൈമാസ കാമ്പയിൻ സന്ദേശ രേഖ പ്രകാശനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലാക്കാട് ജില്ലാ കെ.എം.സി.സി പ്രസിഡന്റ് ഖാലിദ് തെങ്കര ആദ്യപ്രതി ഏറ്റുവാങ്ങി.

സമൂഹത്തിൽ അംഗീകാരമുളള എംടിയെപ്പോലെയുള്ളവർക്കെതിരെപ്പോലും ഇന്നു സംഘപരിവാർ നടത്തുന്ന ആക്രമണം നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. ഇസ്ലാമോഫോബിയ ഒരാഗോള അജണ്ടയാണെന്നും. ഐഎസ് പോലെയുള്ള തീവ്രവാദികളെ ഒരു ഭാഗത്ത് പ്രോൽസാഹിപ്പിക്കുകയും മറു ഭാഗത്ത് ഇസ്ലാം പേടിയെക്കുറിച്ച് പ്രചാരണം നടത്തുകയും ചെയ്യുന്ന സാമ്രാജ്യത്വ തന്ത്രങ്ങൾ തിരിച്ചറിയപ്പെടണം. .സമാധാനം ഉൽഘോഷിക്കുന്ന ഇസ്ലാമിന്റെ യഥാർത്ഥ സന്ദേശം പ്രചരിപ്പിക്കുന്ന സലഫി പ്രസ്‌ഥാനങ്ങളെക്കുറിച്ച് പോലും തെററിദ്ധാരണകൾ പരത്തുന്നത് തികച്ചും അപലപനീയമാണ്.ഇത്തരം തെറ്റിദ്ധരിപ്പിക്കലുകൾ പ്രതിരോധിക്കുന്നതിൽ മതേതര കാഴ്ചപ്പാടുള്ള സർക്കാർ സംവിധാനങ്ങളിൽ നിന്നും ശക്‌തമായ നിലപാടുകൾ ഉണ്ടാകണം.ബഹുസ്വര സമൂഹത്തിൽ ജീവിച്ചു ഭരണഘടന നൽകിയ സ്വാതന്ത്ര്യത്തിലൂടെ മതപ്രബോധനം നിർവ്വഹിച്ചു സമാധാനത്തോടെയും അന്തസോടെയും ജീവിച്ചു നവോത്ഥാന ചരിത്രം രചിച്ചവരാണ് കേരള മുസ്ലീങ്ങളെന്നും ഇത് ലോകത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

ദമാം ഇസ്ലാഹീ സെന്റർ പ്രസിഡന്റ് ബി.വി അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ശാക്കിർ സ്വലാഹി ആമുഖ പ്രഭാഷണം നിർവ്വഹിച്ചു.അർഷദ് ബിൻ ഹംസ കൃതജ്‌ഞത അർപ്പിച്ചു .എൻ.വി മുഹമ്മദ് സാലിം അരീക്കോട്,ഫൈസൽ കൈതയിൽ,അബ്ദുൽ ജബ്ബാർ വിളത്തൂർ,മൻസൂർ കോട്ടക്കൽ,സിറാജ് ആലുവ,ഷിയാസ് തിരൂരങ്ങാടി,അബ്ദുൽ അസീസ് വെളിയംകോട്,ജിഹാദ്,നാസർ കരൂപടന്ന,ഉമ്മർ കൂട്ടായി, എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം