നോർക്ക പ്രവാസി ഐഡി കാർഡ്: ഓണ്‍ലൈൻ സംവിധാനമൊരുക്കി വെൽഫെയർ കേരള കുവൈത്ത്
Thursday, July 5, 2018 6:39 PM IST
കുവൈത്ത്: നോർക്ക പ്രവാസി ഐഡി കാർഡിന് അപേക്ഷ നൽകിയവർക്ക് അപേക്ഷകരുടെ വിവരങ്ങൾ അറിയുവാനും കാർഡിന്‍റെ വിതരണം സുഗമമാക്കുന്നതിനുമായി ഓണ്‍ലൈൻ സംവിധാനമൊരുക്കിയതായി വെൽഫെയർ കേരള കുവൈത്ത് ഭാരവാഹികൾ അറിയിച്ചു.

വെൽഫെയർ കേരള നോർക്ക ഹെല്പ് ഡെസ്ക്കുകൾ വഴി അപേക്ഷ നൽകിയവർക്ക് www.welfarekeralakuwait.com എന്ന വെബ്സൈറ്റിൽ നോർക്ക കാർഡിന്‍റെ നിലവിലെ അവസ്ഥ അറിയാൻ സാധിക്കും. സൈറ്റിൽ അപേക്ഷകന്‍റെ സിവിൽ ഐഡി നന്പർ കൊടുത്ത് സേർച്ച് ചെയ്താൽ കാർഡ് റെഡിയായ വിവരവും കാർഡ് കരസ്ഥമാക്കാൻ ബന്ധപ്പെടേണ്ട നന്പരും ലഭിക്കും.

17 ഘട്ടങ്ങളിലായി കുവൈത്തിന്‍റെ വിവിധ സ്ഥലങ്ങളിൽ കാർഡ് വിതരണം നടത്തിയെങ്കിലും നിരവധി അപേക്ഷകർ ഇതുവരെ കാർഡ് കൈപറ്റാത്തത് സംഘാടകരെ കുഴയ്ക്കുന്നുണ്ട്. നാട്ടിൽ നോർക്ക ഓഫീസുകളിലെ തിരക്കു കാരണം അപേക്ഷ നൽകി മാസങ്ങളോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് നോർക്ക കാർഡുകൾ അപേക്ഷകർക്ക് ലഭിച്ചു തുടങ്ങിയത്. പ്രവാസികൾക്കുള്ള ആനുകല്യങ്ങൾ ലഭ്യമാക്കുന്നതിനായി വെൽഫെയർ കേരള നടത്തിയ ബോധവൽക്കരണ കാന്പയിന്‍റെ ഫലമായി ആയിരക്കണക്കിന് പേരാണ് നോർക കാർഡിനായി അപേക്ഷ നൽകിയത്. വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നും കൂട്ടത്തോടെ വന്ന അപേക്ഷകൾ പരിശോധന നടത്തി കാർഡുകൾ പ്രിന്‍റ് ചെയ്യാൻ മതിയായ ഉദ്യോഗസ്ഥരുടെ അഭാവം കാരണം മാസങ്ങളോളം വിവിധ നോർക്ക ഓഫീസുകളിൽ അപേക്ഷകൾ കെട്ടികിടന്ന വാർത്ത മുന്പ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

പ്രവാസികളുടെ നിരന്തര സമ്മർദ്ദം മൂലം കുടുംബശ്രീ യൂണിറ്റുകളുടെ സഹായത്തോടെ കാർഡുകൾ പ്രിന്‍റ് ചെയ്യാൻ നോർക്ക സംവിധാനമുണ്ടാക്കിയതോടെയാണ് കാർഡുകൾ ലഭിച്ചു തുടങ്ങിയത് .

നോർക്ക റൂട്സ് വെബ്സൈറ്റ് മുഖേന ഓണ്‍ലൈൻ അപേക്ഷ സ്വീകരിക്കുന്ന സംവിധാനം അടുത്തിടെ ആരംഭിച്ചെങ്കിലും നടപടിക്രമങ്ങളുടെ സങ്കീർണതമൂലം സാധാരണക്കാരായ പ്രവാസികൾ സാമൂഹിക സംഘടനകളെയാണ് അപേക്ഷ സമർപ്പിക്കാനായി ആശ്രയിക്കുന്നത്.

അബാസിയ,ഫർവാനിയ,സാൽമിയ,ഫഹഹീൽ എന്നീ മേഘലകളിൽ ഇതിനോടകം മൂവായിരത്തോളം കാർഡുകൾ വിതരണം ചെയ്തതായി വെൽഫെയർ കേരള കുവൈത്ത് ഭാരവാഹികൾ അറിയിച്ചു.

അപേക്ഷ നൽകുന്ന സമയത്തെ മൊബൈൽ നന്പരുകളിൽ പലതും മാറിയതിനാൽ കാർഡ് ഉടമകളെ ബന്ധപ്പെടാനുള്ള പ്രയാസവും സംഘാടകർ പങ്കുവയ്ക്കുന്നു . വാട്സ്ആപ്പ്, ഇമെയിൽ വഴി സന്ദേശമയച്ചും കാർഡ് വിതരണത്തിന്‍റെ അറിയിപ്പുകൾ മാധ്യമങ്ങൾക്ക് നൽകിയും അപേക്ഷകരെ അറിയിക്കാൻ ശ്രമം നടത്തുന്നുണ്ടെങ്കിലും പല കാർഡുകളും കൈപ്പറ്റാൻ ഇതുവരെ അപേക്ഷകർ എത്താത്തത് സംഘാടകരെ ആശങ്കയിലാക്കുകയാണ്. ഈ അവസ്ഥ മറികടക്കാനാണ് ഇപ്പോൾ ഓണ്‍ലൈൻ സംവിധാനമൊരുക്കിയിരിക്കുന്നതെന്നും അപേക്ഷകർ പ്രയോജനപ്പെടുത്തണമെന്നും വെൽഫെയർ കേരള ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ