ഇടുക്കി: ജില്ലയിലെ ഹരിത പെരുമാറ്റചട്ടത്തിന്റെ ലോഗോ മേരു ഗില്ലു കളക്ടർ ഷീബ ജോർജ്, സബ് കളക്ടർ ഡോ.അരുണ്‍ എസ്. നായർക്ക് നൽകി പ്രകാശനം ചെയ്തു. ഉപയോഗം കുറച്ച് വീണ്ടും ഉപയോഗിച്ച് പുനഃചംക്രമണം നടത്തി ഭൂമിയെ ഹരിതാഭമായി സൂക്ഷിക്കാം എന്ന സന്ദേശമാണ് ലോഗോ നൽകുന്നത്. പച്ചപ്പാർന്ന ഭൂമിയെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന മലയണ്ണാനാണ് ചിത്രത്തിൽ.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന മാലിന്യങ്ങളുടെ അളവ് പരമാവധി കുറയ്ക്കുകയും പ്രകൃതി സൗഹൃദ സാധന സാമഗ്രികൾ ഉപയോഗിക്കുകയും ചെയ്യുന്ന ഹരിത തെരഞ്ഞെടുപ്പാണ് കമ്മീഷൻ വിഭാവനം ചെയ്യുന്നത്.
എഡിഎം ബി.ജ്യോതി , ഡെപ്യൂട്ടി കളക്ടർമാരായ ഡോ.അരുണ്‍,കെ. മനോജ്, സ്വീപ്പ് നോഡൽ ഓഫീസർ ലിപു ലോറൻസ് എന്നിവർ പങ്കെടുത്തു.
തെരഞ്ഞെടുപ്പ് പ്രചാരണം പരിസ്ഥിതി സൗഹൃദമാകണം
ഇടുക്കി: കോട്ടണ്‍ തുണിയിൽ എഴുതി തയാറാക്കുന്നവയും അല്ലെങ്കിൽ കോട്ടണ്‍ തുണിയും പേപ്പറും ചേർന്ന് നിർമിക്കുന്ന വസ്തുവിൽ പ്രിന്റ് ചെയ്യപ്പെടുന്ന ബോർഡുകളും ബാനറുകളും ഉപയോഗിക്കാം.ഇതിനു പുറമേ പനന്പായ, പുൽപ്പായ, ഓല, ഈറ, മുള, പാള തുടങ്ങിയ പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ചും ആകർഷകങ്ങളായ പ്രചാരണ സാമഗ്രികൾ തയാറാക്കാം. പ്രചാരണത്തിന് ഡിജിറ്റൽ സാധ്യതകളും ഉപയോഗിക്കാം. ഫ്ളക്സ് ബോർഡുകളും ബാനറുകളും കാഴ്ചയിൽ തുണിയോട് സാമ്യമുള്ള നോണ്‍ വുവൻ പോളി പ്രൊപ്പലീൻ കൊണ്ടുള്ള ബോർഡുകളും ബാനറുകളും ഉപയോഗിക്കാൻ പാടില്ല.
കൊടികളും തോരണങ്ങളും തുണിയിലോ പേപ്പറിലോ നിർമിച്ചവയാകണം. പ്ലാസ്റ്റിക് കലർന്ന തുണി ഉപയോഗിക്കരുത്. തോരണങ്ങൾ പേപ്പറിലോ കോട്ടണ്‍ തുണിയിലോ മാത്രമാകണം. നോണ്‍ വുവൻ പോളിപ്രോപ്പലീൻ കൊണ്ടുള്ള കൊടിതോരണങ്ങൾ പൂർണമായും ഒഴിവാക്കേണ്ടതാണ്.വാഹനങ്ങൾ അലങ്കരിക്കുന്നതിന് പ്രകൃതി സൗഹൃദ വസ്തുക്കൾ മാത്രം ഉപയോഗിക്കണം.
ഫ്ളക്സും പ്ലാസ്റ്റിക്കും തെർമോക്കോളും ഉൾപ്പെടെയുള്ള സാധനങ്ങൾ പൂർണമായും ഒഴിവാക്കി കോട്ടണ്‍ തുണിയും പേപ്പറുംപോലുള്ള പ്രകൃതി സൗഹൃദ വസ്തുക്കൾ മാത്രം ഉപയോഗിച്ച് വാഹനങ്ങൾ അലങ്കരിക്കണം.സ്ഥാനാർഥികളെ സ്വീകരിക്കാൻ വേണ്ടി അണിയിക്കുന്ന ഹാരങ്ങളും മറ്റും പൂർണമായും പ്ലാസ്റ്റിക് മുക്തമാക്കാം. പകരം പൂക്കൾ ഉപയോഗിച്ച് ഉണ്ടാക്കിയ ഹാരങ്ങൾ, കോട്ടണ്‍ റിബണ്‍ ഹാരങ്ങൾ, കോട്ടണ്‍ ഷാളുകൾ തുടങ്ങിയവ ഉപയോഗിക്കാം.
ഉപഹാരങ്ങളായി പുസ്തകങ്ങളും പഴക്കൂടകളും നൽകാവുന്നതാണ്. പ്രചാരണത്തിന്റെ ഭാഗമായി സ്ഥാപിക്കുന്ന ആർച്ചുകളിൽ പ്രകൃതി സൗഹൃദമല്ലാത്ത വസ്തുക്കൾ ഉപയോഗിക്കരുത്. ആർച്ചുകൾ ഉണ്ടാക്കുന്നത് സ്റ്റീൽ, ഇരുന്പ്, അലുമിനിയം, തടി ഫ്രെയിമുകൾ, തുണി എന്നിവ ഉപയോഗിച്ചാണെങ്കിലും ഇവയിൽ തെർമൊക്കോൾ അക്ഷരങ്ങൾ പിടിപ്പിക്കുന്നത് അനുവദനീയമല്ല.
തെരഞ്ഞെടുപ്പിനു ശേഷം ബോർഡുകളും കൊടിതോരണങ്ങളും മറ്റ് പ്രചാരണ സാമഗ്രികളും സ്ഥാപിച്ചവർതന്നെ അഴിച്ചുമാറ്റി തരംതിരിച്ച് ഹരിതകർമ സേനയ്ക്ക് കൈമാറണം. ഹരിത പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാതലം മുതൽ തദ്ദേശ സ്വയംഭരണ സ്ഥാപന തലംവരെ മാർഗനിർദേശങ്ങൾക്ക് ഹരിത കേരള മിഷന്റെയും ശുചിത്വമിഷന്റെയും ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടാം.