ലിബിയയിലും കോംഗോയിലുമുൾപ്പെടെയുള്ള ലോകത്തെ ഏറ്റവും സജീവമായ ക്രൈസ്തവവംശഹത്യ വാർത്തയല്ലാതാകുന്നതിൽ പ്രീണനരാഷ്ട്രീയമുണ്ട്; കച്ചവടവുമുണ്ട്.
2015 ഫെബ്രുവരി 15നാണ് ലിബിയയിലെ ട്രിപ്പോളിയിൽനിന്ന് 460 കിലോമീറ്ററകലെ സിർതിലെ അൽ മഹാറി ഹോട്ടലിന്റെ എതിർവശത്തെ കടൽത്തീരത്തുനിന്നുള്ള ഒരു ദൃശ്യം ലോകത്തെ നടുക്കിയത്. ഈജിപ്തുകാരായ 20 കോപ്റ്റിക് ക്രിസ്ത്യാനികൾ ഉൾപ്പെടെ 21 പേരെ ആ കടൽത്തീരത്ത് നിരയായി നിർത്തി കഴുത്തറത്തു. കൊലയാളികൾ ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകര പ്രസ്ഥാനമായിരുന്നു. കൊല്ലപ്പെട്ടവർ ബന്ദികളോ യുദ്ധത്തടവുകാരോ അക്രമികളോ മതനിന്ദകരോ ആയിരുന്നില്ല.
പക്ഷേ, ക്രിസ്ത്യാനികളായിരുന്നു. ദിവസങ്ങൾക്കുമുന്പ്, ലിബിയയിലെ കശാപ്പിന്റെ 10-ാം വാർഷികത്തിന്റെ തലേന്ന് കോംഗോയിലെ പള്ളിക്കുള്ളിൽവച്ച് 70 ക്രിസ്ത്യാനികളുടെ തലയറത്തു. കാരണം, ക്രൈസ്തവരായിരുന്നു എന്നതു മാത്രം. കൊലയാളികൾ, ഇസ്ലാമിക് സ്റ്റേറ്റിന്റെ കോംഗോ പതിപ്പായ എഡിഎഫ് (അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ്). കേരളത്തിൽ വാർത്തയല്ലാത്തതുകൊണ്ട്, മലയാളികൾ കാര്യമായി അറിഞ്ഞില്ല. ലിബിയയിലെ തലയറക്കൽ അറിയാതിരുന്നതുപോലെ; ഗാസയിലെ മനുഷ്യർ പലായനം ചെയ്ത അതേ കാലത്ത്, അസർബൈജാനിൽനിന്ന് 1.25 ലക്ഷം അർമേനിയൻ ക്രിസ്ത്യാനികളെ തുർക്കിയുടെ സഹായത്തോടെ ആട്ടിപ്പായിച്ചതിന്റെ വാർത്ത നാം അറിയാതിരുന്നതുപോലെ.
ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ കസാംഗ എന്ന സ്ഥലത്തെ പ്രോട്ടസ്റ്റന്റ് പള്ളിയുടെ അകത്താണ് 70 ക്രിസ്ത്യാനികളുടെ മൃതദേഹം കഴിഞ്ഞ 14നു പുലർച്ചെ കണ്ടെത്തിയത്. എല്ലാവരുടെയും കഴുത്തറത്ത നിലയിലായിരുന്നു. തലേന്നു രാവിലെ മെയ്ബ എന്ന ഗ്രാമത്തിൽനിന്ന് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള എഡിഎഫ് തട്ടിക്കൊണ്ടു പോയവരെയാണു പള്ളിയിൽ കയറ്റിയശേഷം അതിനിഷ്ഠുരമായി വധിച്ചത്. ഒരു മതവിഭാഗത്തിൽ പെട്ടവരെ അവരുടെ ആരാധനാലയത്തിൽവച്ചുതന്നെ കഴുത്തറത്ത സംഭവം ക്രൂരതയ്ക്കപ്പുറം കടുത്ത നിന്ദയുമാണ്.
പടിഞ്ഞാറൻ ഉഗാണ്ടയിൽ വേരുകളുള്ള എഡിഎഫ് കോംഗോയിലും സജീവമായി. സൊമാലിയയിലെ അൽഷബാബ് ഭീകരരും അൽഖ്വയ്ദയുമായുമൊക്കെ എഡിഎഫിനു തീവ്രവാദ സാഹോദര്യമുണ്ട്. തലേന്നു രാവിലെ മെയ്ബയിലെത്തിയ ഭീകരർ വീടുകളിൽനിന്ന് ക്രിസ്ത്യാനികളോട് ശബ്ദമുണ്ടാക്കാതെ പുറത്തിറങ്ങാൻ പറഞ്ഞു. 20 പേരെ അവർ പിടിച്ചുകൊണ്ടുപോയി. സംഭവമറിഞ്ഞ് ഗ്രാമത്തിലെ മറ്റുള്ളവർ തങ്ങളുടെ പ്രിയപ്പെട്ടവരെ എങ്ങനെ മോചിപ്പിക്കും എന്നാലോചിക്കുന്നതിനിടെ ഗ്രാമം വളഞ്ഞ ഭീകരർ 50 ക്രൈസ്തവരെക്കൂടി തട്ടിക്കൊണ്ടുപോയി. 95.4 ശതമാനം ക്രിസ്ത്യാനികൾ ഉള്ള രാജ്യമാണ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ. (റിപ്പബ്ലിക് ഓഫ് കോംഗോ അല്ല). 1.5 ശതമാനമാണ് മുസ്ലിംകൾ. പക്ഷേ, ഇസ്ലാമിക ഭീകരരെ അമർച്ച ചെയ്യാൻ ഭരണകൂടത്തിനു കഴിഞ്ഞിട്ടില്ല.
2021 നവംബർ മുതൽ രാജ്യത്ത് കലാപങ്ങളും വിമതപ്രവർത്തനങ്ങളും നടത്തുന്ന എം 23 എന്ന സായുധസംഘം കോംഗോയുടെ പല പ്രദേശങ്ങളും കൈയടക്കിയിരുന്നു. ഇക്കൊല്ലം ജനുവരിയിൽ നോര്ത്ത് കിവു പ്രവിശ്യയുടെ തലസ്ഥാനമായ ഗോമയും അവർ പിടിച്ചടക്കി. ഈ കലാപത്തിനിടെയാണ് ഇസ്ലാമിക തീവ്രവാദികളും അഴിഞ്ഞാട്ടം നടത്തുന്നത്.
വിമതരെയും തീവ്രവാദികളെയും ഭയന്നു പതിനായിരങ്ങൾ പലായനം ചെയ്തുകഴിഞ്ഞു. ഏതാണ്ട് വിജനമായതോടെയാണ് എഡിഎഫ് ഭീകരർ കസാംഗയിലുമെത്തിയത്. സ്കൂളുകളും ആശുപത്രികളുമെല്ലാം അടഞ്ഞുകിടക്കുകയാണ്. കസാംഗയിലേത് ഒറ്റപ്പെട്ട സംഭവമല്ല, കഴിഞ്ഞ ക്രിസ്മസ് ദിനങ്ങളിൽ തീവ്രവാദികൾ നൂറുകണക്കിനു ക്രിസ്ത്യാനികളെ കൊന്നൊടുക്കി. നിരവധി പേർ പലായനം ചെയ്തു. ഓപ്പൺ ഡോർസിന്റെ വേൾഡ് വാച്ച് ലിസ്റ്റ് അനുസരിച്ച്, ലോകത്ത് 36.5 കോടി ക്രിസ്ത്യാനികൾ പീഡനങ്ങളുടെ നടുവിലാണ്. മുസ്ലിം, കമ്യൂണിസ്റ്റ് രാജ്യങ്ങളിലാണ് ഏതാണ്ട് എല്ലാംതന്നെ. ആയിരങ്ങൾ കൊല്ലപ്പെട്ടു, നിരവധി പേർ ജയിലുകളിലുണ്ട്. മുസ്ലിം തീവ്രവാദികളിൽനിന്നു രക്ഷതേടി ലക്ഷക്കണക്കിനാളുകൾ എല്ലാമുപേക്ഷിച്ചു പലായനം ചെയ്തു. അതിലേറെ മനുഷ്യർ രണ്ടാംതരം പൗരന്മാരെപ്പോലെ ജീവിക്കുകയാണ്.
ഇസ്ലാമിക് സ്റ്റേറ്റ് ഒരു ആശയമാണ്; മതരാഷ്ട്ര അജന്ഡയും വംശവെറിയും പേറുന്ന ആശയം. ഇന്ത്യയിലുൾപ്പെടെ രാഷ്ട്രീയമാധ്യമ പ്രീണനങ്ങളുടെയും ഇരവാദ തന്ത്രങ്ങളുടെയും ഇരുട്ടുപറ്റി സമസ്തമേഖലയിലും ഇഴഞ്ഞുകയറുന്ന വിഷം. ഭരണകൂട ഭീകരതയ്ക്കും ചില വർഗീയതകൾക്കുമെതിരേയും അതുപോലെ, മനുഷ്യാവകാശങ്ങൾക്കും ദളിത് ആദിവാസി അവകാശങ്ങൾക്കുവേണ്ടിയുമൊക്കെ അവർ കെട്ടുന്ന വേഷങ്ങൾ വെറുമൊരു മറയാണെന്നു പലരും തിരിച്ചറിഞ്ഞിട്ടില്ല. അറിഞ്ഞവർ കണ്ണടയ്ക്കുന്നുമുണ്ട്. മനുഷ്യാവകാശങ്ങളെക്കുറിച്ചാണെങ്കിൽ, നമ്മുടെ അന്തർദേശീയ വാർത്തകൾ പശ്ചിമേഷ്യയിലെ ചിലയിടങ്ങളിൽ ഒതുങ്ങിപ്പോകും.
സൊമാലിയ, ലിബിയ, എറിത്രിയ, യെമൻ, നൈജീരിയ, പാക്കിസ്ഥാൻ, സുഡാൻ, ഇറാൻ, അഫ്ഗാനിസ്ഥാൻ, കോംഗോ തുടങ്ങിയ രാജ്യങ്ങളിലെ ക്രൈസ്തവ വംശഹത്യയും മാനഭംഗങ്ങളും നിർബന്ധിത മതപരിവർത്തനങ്ങളും പലായനങ്ങളുമൊക്കെ ഒഴിവാക്കപ്പെടും. കാരണം, വംശഹത്യകളാണെങ്കിലും മനുഷ്യാവകാശലംഘനങ്ങളാണെങ്കിലും അവയെ കൈകാര്യം ചെയ്യുന്നിടത്ത് തെരഞ്ഞെടുപ്പ് രാഷ്ട്രീയവും രാജ്യാന്തര കയറ്റിറക്കുമതിയുമൊക്കെയുള്ളതുപോലെ പ്രാദേശിക കച്ചവടങ്ങളുമുണ്ട്.
ബറാബാസിനെ എതിർത്താൽ കച്ചവടത്തിൽ കുറവുണ്ടാകുമെന്നു കണ്ടാൽ നാം ബറാബാസിനെ വിട്ടയയ്ക്കാൻ ആവശ്യപ്പെടും. അങ്ങനെയാണ് ലിബിയയിലും കോംഗോയിലുമുൾപ്പെടെയുള്ള ലോകത്തെ ഏറ്റവും സജീവമായ ക്രൈസ്തവവംശഹത്യ വാർത്തയല്ലാതാകുന്നത്. ഈ അനീതിയെ അഭിസംബോധന ചെയ്യാത്ത വർഗീയതീവ്രവാദ വിരുദ്ധതകളെല്ലാം പരാജയപ്പെടാൻ വിധിക്കപ്പെട്ടവയാണ്.