7,000-13,000 രൂപകൊണ്ട് തങ്ങൾക്കും കുടുംബത്തിനും ഒരു മാസം സുഖമായി കഴിയാമെന്ന്
ഉറപ്പുള്ള പാർട്ടിക്കാർ കൈ പൊക്കണം. ബാക്കിയുള്ളവർ കേരളം കണ്ട ഏറ്റവും ന്യായമായ സമരത്തെ പുച്ഛിക്കുന്നവർക്കൊപ്പമല്ല, ഈ പാവപ്പെട്ട സ്ത്രീകൾക്കൊപ്പം നിൽക്കണം.
ജീവിക്കാനുള്ള വകയെങ്കിലും കിട്ടണമെന്നാവശ്യപ്പെട്ട് ആശാവർക്കർമാർ നടത്തുന്ന സമരത്തോട് മനുഷ്യത്വമുള്ളവരെല്ലാം ഐക്യദാർഢ്യം പ്രഖ്യാപിക്കുന്പോൾ, അതു പൊളിക്കാനുള്ള ശ്രമത്തിൽ സിപിഎം തനിച്ചായിരിക്കുന്നു. അധികാരവും സർക്കാർ സംവിധാനങ്ങളും ഉത്തരവുകളും ഉപയോഗിക്കുന്നതിനു പുറമേ അവഹേളനവും ഈ സാധു സ്ത്രീകൾക്കെതിരേ ആയുധമാക്കുകയാണ്.
ഏറ്റവുമൊടുവിൽ, ഇതൊരു ഈർക്കിൽ സംഘടനയാണെന്നു പറഞ്ഞ് സെക്രട്ടേറിയറ്റ് പടിക്കലെ ആശാവർക്കർമാരുടെ സമരത്തെ നിന്ദിച്ചത് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീമാണ്. മിക്ക സംസ്ഥാനങ്ങളിലും ഈർക്കിൽ പാർട്ടി പോലുമല്ലെങ്കിലും അവിടെയും സിപിഎമ്മിന്റെ ന്യായമായ സമരങ്ങൾ വിജയിക്കണമെന്ന് ആഗ്രഹിക്കുന്നവരോട് കരീം എന്തു പറയുമെന്നറിയില്ല. പക്ഷേ, ചൂഷണത്തിനൊക്കെ ഒരു പരിധിയുണ്ടെന്നു കരുതുന്ന പ്രബുദ്ധകേരളം കരീമിനോ സർക്കാരിനോ ഒപ്പമല്ല. അതുകൊണ്ട്, ഈ ‘ഈർക്കിൽ സമരം’ ഭരണകൂട അടിച്ചമർത്തലിനെയും ധാർഷ്ട്യങ്ങളെയും പുച്ഛങ്ങളെയും അതിജീവിച്ചു വിജയിക്കേണ്ടതാണ്.
ആരോഗ്യമേഖലയെ പ്രതിസന്ധിയിലാക്കുന്ന സമരം അംഗീകരിക്കാനാവില്ലെന്നു പറയുന്ന എളമരം കരീം, വിവിധ മേഖലകളിൽ പ്രതിസന്ധി സൃഷ്ടിച്ച സമരങ്ങൾ നടത്തിയാണു താനുൾപ്പെടെ നേതാക്കളായതെന്നു മറക്കുകയും, കൂലി ചോദിക്കുന്നവരെ സമൂഹവിരുദ്ധരാക്കാൻ ശ്രമിക്കുകയുമാണ്. സംസ്ഥാന സര്‍ക്കാരിനെയും ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെയും സിഐടിയുവിനെയും അധിക്ഷേപിക്കുന്നതിനെക്കുറിച്ചു ഖേദിക്കുന്നവർ പ്രതിപക്ഷത്തിരുന്നു നടത്തിയ സമരങ്ങളെല്ലാം അന്നത്തെ സർക്കാരുകളെ ആദരിച്ചുകൊണ്ടായിരുന്നോ? കേരളത്തിലെ മഹാഭൂരിപക്ഷം ആശാവര്‍ക്കര്‍മാരും ഈ സമരത്തിന്റെ ഭാഗമല്ലെന്നാണു കരീമിന്റെ കണ്ടെത്തലെങ്കിൽ, ആ മഹാഭൂരിപക്ഷം ഹതഭാഗ്യരെ സമരത്തിൽനിന്നു തടഞ്ഞ് ചൂഷണത്തിന്റെ ഇരകളാക്കി നിലനിർത്തിയതിന്റെ ബഹുമതിയാണ് അദ്ദേഹം അവകാശപ്പെടുന്നത്.
അത് അവർക്കു മനസിലാകാത്തത്, ഗതികേടിനൊടുവിൽ സമരത്തിനിറങ്ങിയവരുടെ കുറ്റമല്ല. ഓർമയുണ്ടായിരിക്കണം. രാജ്യം കണ്ട ഏറ്റവും വലിയ കർഷക സമരം ഡൽഹിയിൽ നടത്തിയത് കരീമിന്റെ പാർട്ടിയുൾപ്പെടെ ഒന്നിന്റെയും പിന്തുണയിലായിരുന്നില്ല. അതുപോലൊരു സമരം നടത്താൻ കഴിഞ്ഞ 10 വർഷത്തിനിടെ കരീമിന്റെ പാർട്ടിക്കു കഴിഞ്ഞിട്ടുണ്ടോ?
ഒരു കാര്യം ഉറപ്പാണ്, ജോലിയിൽ അങ്ങേയറ്റം വിജയിക്കുന്ന കുറച്ച് ആശാവർക്കർമാർക്ക് 13,000 രൂപ വരെയും ബാക്കിയുള്ളവർക്ക് 7,000 മുതൽ 8,000 വരെയും കൊടുക്കുന്ന ഈ പ്രതിഫലം വർധിപ്പിക്കേണ്ടതാണ്. അവരുടെ പേര് തൊഴിലാളിയെന്നല്ല വോളണ്ടിയർമാർ എന്നാണെന്നു പറയുന്നത് ചൂഷണത്തിനു മറയിടാനാണ്.
അല്ലെങ്കിൽ പൊതുസേവനത്തിനിറങ്ങിയ എളമരം കരീം ഉൾപ്പെടെയുള്ളവർ എംഎൽഎ, മന്ത്രി, എംപി എന്നീ സേവനങ്ങൾക്കു ശന്പളം വാങ്ങുകയും ഇടയ്ക്കിടെ അതിന്റെ വർധന സ്വയം പാസാക്കുകയുമില്ലല്ലോ. അറിയപ്പെടുന്നത് ഏതു പേരിലാണെങ്കിലും ആശാവർക്കർമാരുടെ അധ്വാനം സർക്കാർ ഉപയോഗിക്കുന്നുണ്ട്. അധ്വാനത്തിനു മൂല്യമുണ്ടെന്ന് തൊഴിലാളികൾ പറഞ്ഞു പഠിപ്പിക്കേണ്ട സ്ഥിതിയിൽ സിപിഎമ്മും സിഐടിയുവും എത്തിയെങ്കിൽ അത് അധ്വാനിക്കുന്നവരുടെ കുറ്റമല്ല.
തൊഴിലുടമയെന്ന നിലയിൽ സർക്കാർ ആവശ്യപ്പെടുന്ന ജോലി ദിവസവും നിശ്ചിത സമയത്ത് നിർബന്ധമായും ചെയ്തുകൊടുക്കുന്നവർക്കു ന്യായമായ പ്രതിഫലം നൽകണം. കേന്ദ്രത്തിന്റെ വിഹിതം കുറവാണെങ്കിലും ഉയർന്ന ജീവിതച്ചെലവുള്ള ഈ സംസ്ഥാനത്തു പണിയെടുക്കുന്നവരെ കേരളം പരിഗണിക്കണം. ബിജെപി ഭരിക്കുന്നത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ കുറഞ്ഞ കൂലിയല്ലല്ലോ അവിടങ്ങളിൽനിന്നെത്തുന്ന തൊഴിലാളികൾക്കു നാം കൊടുക്കുന്നത്. ഈ ആശാവർക്കർമാരുടെ അത്രയും അധ്വാനിക്കുന്ന ഇതരസംസ്ഥാന തൊഴിലാളിക്ക് 25,000 മുതൽ 30,000 വരെ കേരളം പ്രതിമാസം കൊടുക്കുന്നുണ്ട്.
യുഡിഎഫ് ഭരിച്ച കാലത്തെ വേതനത്തെ 10 വർഷത്തിനുശേഷമുള്ള സാഹചര്യവുമായി താരതമ്യപ്പെടുത്തുന്നതും കുതന്ത്രമാണ്. എൽഡിഎഫ് സർക്കാർ ആശാവർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ചത് അഭിനന്ദനാർഹമാണ്. പക്ഷേ, ഇത്രയൊക്കെ വർധിപ്പിച്ചിട്ടും ഈ മനുഷ്യർക്കു കൊടുക്കുന്നത് ഇത്ര നിസാര തുകയാണെങ്കിൽ തിരുത്തണം. ലക്ഷങ്ങൾ വാരിക്കൂട്ടുന്ന പിഎസ്സി അംഗങ്ങൾക്ക് വീണ്ടും ലക്ഷങ്ങളുടെ ശന്പളവർധന വരുത്തിയതിനെ ന്യായീകരിക്കുകയും അതേസമയം, അതിലേറെ പണിയെടുക്കുന്നവർക്കു ജീവിക്കാനുള്ള വക പോലും കൊടുക്കാതിരിക്കുകയും ചെയ്യുന്നതിൽ അനീതിയൊന്നും കാണുന്നില്ലെങ്കിൽ ഈ പാർട്ടിയുടെ നവസിദ്ധാന്തങ്ങൾ അധ്വാനിക്കുന്നവരുടേതുമായി ഒത്തുപോകാത്തവിധമായിരിക്കുന്നു.
ആശാവർക്കർമാർ ചോദിക്കുന്നത്, ഭക്ഷണവും വസ്ത്രവും മരുന്നുമുൾപ്പെടെ അത്യാവശ്യത്തിനെങ്കിലും തികയ്ക്കാനുള്ള പ്രതിഫലമാണ്. അത് അന്യായമാണെന്നു കരുതുന്ന, 7,000-13,000 രൂപകൊണ്ട് തങ്ങൾക്കും കുടുംബത്തിനും ഒരു മാസം സുഖമായി കഴിയാമെന്ന് ഉറപ്പുള്ള പാർട്ടിക്കാർ കൈപൊക്കണം. ബാക്കിയുള്ളവർ കേരളം കണ്ട ഏറ്റവും ന്യായമായ സമരത്തെ പുച്ഛിക്കുന്നവർക്കൊപ്പമല്ല, ഈ പാവപ്പെട്ട സ്ത്രീകൾക്കൊപ്പം നിൽക്കണം.