മലബാര്‍ തീവ്രവാദികളുടെ കേന്ദ്രമോ?
Wednesday, April 24, 2013 2:35 AM IST
കണ്ണൂര്‍: മലബാര്‍ മേഖലയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ സജീവമാണെന്നതിന്റെ വ്യക്തമായ സൂചനകളാണു നാറാത്ത് കണ്െടത്തിയ ആയുധപരിശീലന കേന്ദ്രം നല്‍കുന്നത്. റിക്രൂട്ട് ചെയ്യപ്പെട്ട 21 യുവാക്കളെ പരിശീലന കേന്ദ്രത്തില്‍നിന്നു പിടികൂടിയതും വിദേശസാന്നിധ്യവും ആശങ്കകള്‍ ഇരട്ടിപ്പിക്കുന്നു. അതിനിടെ ഇത്തരം കേന്ദ്രങ്ങള്‍ വ്യാപകമായുണ്െടന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.

കണ്ണൂര്‍ ജില്ലയില്‍ തീവ്രവാദികളുടെ സാന്നിധ്യവും പ്രവര്‍ത്തനങ്ങളും ഇത് ആദ്യമായൊന്നുമല്ല. കാഷ്മീര്‍ തീവ്രവാദ റിക്രൂട്ട്മെന്റ് കേസില്‍ അറസ്റിലായവരില്‍ പലരും കണ്ണൂര്‍ ജില്ലക്കാരായിരുന്നു. കണ്ണൂര്‍ ടൌണിലടക്കം തീവ്രവാദ ആക്രമണങ്ങള്‍ക്കും നീക്കങ്ങള്‍ നടന്നിരുന്നു. നാറാത്ത് നിന്നുതന്നെ 2001 ല്‍ പൈപ്പ് ബോംബുകളുടെ ശേഖരം പിടികൂടിയിരുന്നു.

രണ്ടുവര്‍ഷം മുമ്പ് എടക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു കെട്ടിടത്തില്‍നിന്നു കൊടുവാളുകളും ബോംബുകളും പിടിച്ചെടുത്തിരുന്നു. പ്രസ്തുത കേസിന്റെ അന്വേഷണം ഇതുവരെ എവിടെയും എത്തിയിട്ടില്ല. ആ കേസില്‍ ഉള്‍പ്പെട്ടവരും ഇന്നലെ നാറാത്തില്‍ നിന്ന് പിടിയിലായവരിലുണ്ട്. 1995 ല്‍ മലപ്പുറത്തെ കൂമന്‍ക്കൊല്ലി വെങ്ങര പാലത്തിനു സമീപത്തു നിന്നാണ് മലബാറിലെ ആദ്യത്തെ പൈപ്പു ബോംബ് കണ്െടടുക്കുന്നത്. 1999ല്‍ കോഴിക്കോട് കടലുണ്ടിയില്‍നിന്നു വീണ്ടും പൈപ്പു ബോംബുകള്‍ കണ്െടത്തിയെങ്കിലും അതും സര്‍ക്കാരിനും പോലീസിനും ഗൌരവമുളള വിഷയമായില്ല.

തമിഴ്നാട്ടിലെ തീവ്രവാദ വിരുദ്ധസേന കോയമ്പത്തൂര്‍ സ്ഫോടനത്തെ കുറിച്ചന്വേഷിക്കാന്‍ വന്നപ്പോഴാണ് കണ്ണൂരിലെ തീവ്രവാദ പ്രവര്‍ത്തനത്തിന്റെ തീവ്രത പലര്‍ക്കും വ്യക്തമാകുന്നത്. എന്നാല്‍ അവരുമായി ലോക്കല്‍ പോലീസ് സഹകരിച്ചില്ലെന്നും പ്രതികളെ രക്ഷപ്പെടാന്‍ ചില പോലീസുകാര്‍ സഹായിച്ചുവെന്നും ആരോപണമുയര്‍ന്നിരുന്നു.

വടക്കെ മലബാറില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി 2005ല്‍ ദക്ഷിണേന്ത്യാ കരസേന മേധാവി വ്യക്തമാക്കിയിരുന്നു. 2005-06 ല്‍ നാറാത്തെ ഒരു വീട്ടില്‍ നിന്നു പൈപ്പു ബോംബുകള്‍ കണ്െടടുത്തതും കോഴിക്കോട് കെഎസ്ആര്‍ടിസി ബസ്സ്റാന്‍ഡ്, മാവൂര്‍ റോഡ് എന്നിവിടങ്ങളില്‍ ടൈമര്‍ ഉപയോഗിച്ചു ബോംബു സ്ഫോടനം നടത്തിയതും കേരളത്തിലും തീവ്രവാദികളുടെ ശക്തമായ സാന്നിധ്യമുണ്െടന്നതിന്റെ തെളിവായിരുന്നു.

കണ്ണൂരിലെ തീവ്രവാദ പ്രവര്‍ത്തനത്തിന്റെ ഉറവിടം കണ്െടത്തുന്നതിനു പ്രധാന മാര്‍ഗമായിരുന്നു നാറാത്തു നിന്നുകണ്െടടുത്ത പൈപ്പുബോംബു ശേഖരം. എന്നാല്‍ ബോംബ് കണ്െടത്തിയ വീട്ടുടമസ്ഥനെതിരെ കേസെടുക്കാന്‍ പോലും അന്ന് പോലീസ് തയാറായില്ല. പിന്നീട് പാപ്പിനിശേരിയിലെ ശ്മശാനത്തില്‍ നിന്നും കണ്െടടുത്ത പൈപ്പു ബോംബിന്റെയും കണ്ണൂര്‍ മാണിക്കകാവിനു സമീപത്തെ കിണറ്റില്‍ നിന്നു കണ്െടത്തിയ നഗരത്തെ തന്നെ തകര്‍ക്കാന്‍ സാധിക്കുന്ന അത്യുഗ്ര ശേഷിയുളള ബോംബിന്റെയും അന്വേഷണവും എങ്ങുമെത്തിയില്ല.

2008 ല്‍ കണ്ണൂര്‍ സിറ്റിയില്‍ നിന്നു രണ്ടു പൈപ്പു ബോംബുകളും കണ്ണൂര്‍ സ്റേഡിയം കോംപ്ളക്സില്‍ നിന്നു ഡിറ്റണേറ്റര്‍ ഘടിപ്പിച്ച ബോംബും കണ്െടത്തിയതു പോലീസ് ഗൌരവമായി അന്വേഷിക്കാന്‍ ശ്രമിച്ചതാണ് മലബാറിലെ തീവ്രവാദത്തിന്റെ ചുരുളഴിക്കാന്‍ കുറെയൊക്കെ സഹായിച്ചത്.

എന്നാല്‍ പ്രധാന തീവ്രവാദക്കേസുകളുടെ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തതോടെ ഇത്തരം സംഭവങ്ങളില്‍ കേരളാ പോലീസിന്റെ ജാഗ്രത കുറഞ്ഞു. അതാകട്ടെ രാജ്യദ്രോഹികള്‍ക്കു സഹായകരവുമായി. കണ്ണൂരിന്റെ ഗ്രാമാന്തരീക്ഷം ചൂഷണം ചെയ്ത് ചിലര്‍ രാജ്യദ്രോഹ പ്രവര്‍ത്തനം നടത്തുന്നുവെന്നാണ് ഏറ്റവും ഒടുവില്‍ തെളിയുന്നത്.