അമിതാഭ് ബച്ചന് ഓസ്ട്രേലിയന്‍ യൂണിവേഴ്സിറ്റിയുടെ ആദരം
Tuesday, April 23, 2013 9:17 PM IST
മെല്‍ബണ്‍: ബോളിവുഡ് മെഗാസ്റാര്‍ അമിതാഭ് ബച്ചനെ ഓസ്ട്രേലിയന്‍ യൂണിവേഴ്സിറ്റി ആദരിക്കുന്നു. ലാ തോര്‍ബെ യുണിവേഴ്സിറ്റിയുടെ പ്രഥമ 'ലാ തോര്‍ബെ യൂണിവേഴ്സിറ്റി ഗ്ളോബല്‍ സിറ്റിസണ്‍ഷിച്ച് അവാര്‍ഡ്' അമിതാഭ് ബച്ചന് നല്‍കുമെന്ന് യൂണിവേഴ്സിറ്റി സീനിയര്‍ ഡെപ്യൂട്ടി വൈസ് ചാന്‍സിലര്‍ പ്രൊഫസര്‍ ജോണ്‍ റോസെന്‍ബര്‍ഗ് വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. മെല്‍ബണില്‍ നടക്കുന്ന 'ഇന്ത്യന്‍ ഫിലിം ഫെസ്റിവലില്‍' പങ്കെടുക്കാന്‍ എത്തുന്ന ബച്ചന് അവാര്‍ഡ് സമ്മാനിക്കും. ഇതുകൂടാതെ 'ശ്രീ അമിതാഭ് ബച്ചന്‍ സ്കോളര്‍ഷിപ്പ്' എന്ന പേരില്‍ പിഎച്ച്ഡി വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുമെന്നും റോസന്‍ബര്‍ഗ് വ്യക്തമാക്കി.

സിനിമക്ക് നല്‍കിയ അതുല്യമായ സംഭാവനകള്‍ക്കാണ് ബച്ചന് അവാര്‍ഡ് നല്‍കുന്നത്. പ്രഥമ 'ലാ തോര്‍ബെ യൂണിവേഴ്സിറ്റി ഗ്ളോബല്‍ സിറ്റിസണ്‍ഷിച്ച് അവാര്‍ഡ്' അമിതാഭ് ബച്ചന് നല്‍കുന്നതില്‍ അഭിമാനം ഉണ്ടെന്ന് റോസന്‍ബര്‍ഗ് പറഞ്ഞു. മെയ് 22, 2013ല്‍ മെല്‍ബണില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് ബച്ചനു സമ്മാനിക്കും. അമിതാഭ് ബച്ചന്റെ പേരിലുള്ള സ്കോളര്‍ഷിപ്പ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കാണ് നല്‍കുന്നത്. ഇന്ത്യയുമായി ബന്ധപ്പെട്ട പഠനങ്ങള്‍ക്കാണ് സ്കോളര്‍ഷിപ്പ്. മാധ്യമങ്ങള്‍, ഫിലോസഫി, സിനിമ തുടങ്ങിയ വിഷയങ്ങള്‍ക്കാണ് മുന്‍ഗണന. നാലുവര്‍ഷത്തേക്ക് 25,000 അമേരിക്കന്‍ ഡോളറാണ് സ്കോളര്‍ഷിപ്പായി നല്‍കുകയെന്നും യൂണിവേഴ്സിറ്റി അറിയിച്ചു.