ആരോഗ്യത്തിനു ഭീഷണിയായി വിഷം പുരട്ടിയ മാങ്ങകള്‍ വിപണിയില്‍ വ്യാപകമാകുന്നു
Tuesday, April 23, 2013 5:06 PM IST
രാജപുരം: കാല്‍സ്യം കാര്‍ബൈഡ് ഉപയോഗിച്ച് പഴുപ്പിക്കുന്ന മാങ്ങകള്‍ ജനങ്ങളുടെ ആരോഗ്യത്തിനു ഭീഷണിയായി വിപണിയില്‍ വ്യാപകമാകുന്നു. മൂപ്പെത്താത്ത മാങ്ങകള്‍ പെട്ടെന്ന് പഴുക്കാനും ദീര്‍ഘനാള്‍ കേടുകൂടാതെയിരിക്കാനുമാണ് കാല്‍സ്യം കാര്‍ബൈഡെന്ന രാസവസ്തു ഉപയോഗിക്കുന്നത്.

കൂട്ടിയിട്ട പച്ചമാങ്ങകള്‍ക്കിടയില്‍ ചെറുപായ്ക്കറ്റുകളിലാക്കിയും വിതറിയും ഇടുന്ന കാര്‍ബൈഡ് മാങ്ങകളുടെ തൊലിപ്പുറം ആഗീരണം ചെയ്യുകയും മാങ്ങകള്‍ പഴുക്കുകയുമാണ് ചെയ്യുന്നത്.
എല്ലാ മാങ്ങകളും ഒരേ നിറത്തിലാണ് പഴുക്കുന്നതെന്നതും ഇതിന്റെ പ്രത്യേകതയാണ്. രാസപരിശോധനയില്ലാതെ ഇത്തരം മാങ്ങകളെ മനസിലാക്കാന്‍ സാധിക്കുകയില്ല. സ്ഥിരമായി ഇത്തരം മാങ്ങകള്‍ ഉപയോഗിക്കുന്നവര്‍ക്ക് വൃക്കയ്ക്ക് തകരാര്‍ സംഭവിക്കാനും മറ്റ് ഉദരരോഗങ്ങള്‍ക്കും സാധ്യതയുള്ളതായി ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു.

കൂടാതെ ആസ്ത്മരോഗികള്‍ക്കും ഇത് അപകടകാരിയാണ്. മറുനാടന്‍ മാങ്ങകളിലാണ് കാല്‍സ്യം കാര്‍ബൈഡിന്റെ അംശം ധാരാളമായി കാണുന്നത്. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന മാങ്ങകള്‍ ഇത്തരം രാസവസ്തുക്കള്‍ വിതറിയാണ് പഴുപ്പിക്കുന്നതെന്നും പറയുന്നു.
കുട്ടികളില്‍ ഇത്തരം മാങ്ങകളുടെ ഉപയോഗം ഉദരരോഗം വരാന്‍ സാധ്യതയുള്ളതായി പറയുന്നു. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇതിനെതിരേ നടപടിയെടുക്കാത്തത് പ്രവൃത്തികള്‍ വ്യാപകമാകാന്‍ കാരണമായിട്ടുണ്ട്. മറുനാടുകളില്‍ നിന്നു വരുന്ന മാങ്ങകളില്‍ രാസപദാര്‍ഥങ്ങള്‍ കലര്‍ന്നിട്ടുണ്േടായെന്ന കാര്യത്തില്‍ കാര്യമായ പരിശോധനകള്‍ ആരോഗ്യ വകുപ്പിന്റെ ഭാഗത്തുനിന്നും ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ ഭാഗത്തുനിന്നും നടപടികള്‍ ഉണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്.


മാമ്പഴ സീസണില്‍ കാര്‍ബൈഡ് പ്രയോഗം ഏറുന്നുണ്െടങ്കിലും അത് കണ്െടത്താനോ നടപടിയെടുക്കാനോ ഇതുവരെ സംവിധാനമൊന്നുമായിട്ടില്ല. ചെക്ക് പോസ്റ്റുകളില്‍ പരിശോധന നടത്തിയാല്‍ കണ്െടത്താവുന്ന ഇത്തരം കൃത്രിമങ്ങള്‍ക്കെതിരേയുള്ള തയാറെടുപ്പുകളൊന്നും ഇതുവരെ തുടങ്ങിയിട്ടില്ലെന്നും ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരില്‍ ചിലര്‍ തന്നെ പറയുന്നു.