വിമാനത്തിലെ എസി തകരാറാലായി: യാത്രക്കാർ നിയമനടപടിക്കൊരുങ്ങുന്നു
Monday, July 17, 2017 1:32 AM IST
വാഷിംഗ്ടൺ: വിമാനത്തിലെ എസിക്ക് തകരാർ സംഭവിച്ചാൽ കേസാകുമോ? ആകുമെന്നാണ് അമേരിക്കയിൽ ഈയടുത്ത് നടന്ന ഒരു സംഭവം സൂചിപ്പിക്കുന്നത്. ഇൻഡ്യാനയിലെ സൗത്ത്ബെൻഡ് എന്ന അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന അലീജന്‍റ് വിമാനത്തിലാണ് സംഭവം. വിമാനം പറന്നുയർന്ന് കുറച്ച് സമയത്തിനകം എസി പ്രവർത്തിക്കാതെയായി. ആദ്യമൊന്നും യാത്രക്കാർ അത് അത്ര കാര്യമാക്കിയില്ല. പക്ഷേ, സമയം മുന്നോട്ട് പോകും തോറും വിമാനത്തിനുള്ളിലെ ചൂട് അസഹനീയമായി.

ജീവനക്കാരോട് ഇതേക്കുറിച്ച് യാത്രക്കാർ ആരാഞ്ഞെങ്കിലും ലക്ഷ്യസ്ഥാനത്തോ അതിനിടയിലുള്ള വിമാനത്താവളത്തിലോ എത്താതെ തകരാർ പരിഹരിക്കാനാവില്ലെന്നായിരുന്നു മറുപടി. ചൂട്കൂടിയതോടെ യാത്രക്കാർക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടാൻ തുടങ്ങി. പലർക്കും അത്യുഷ്ണം അസഹനീയമായി. ചുരുക്കത്തിൽ, അടുത്ത വിമാനത്താവളത്തിലെത്തിയപ്പോൾ ആറ് യാത്രക്കാർ കനത്ത ചൂട് സഹിക്കവയ്യാതെ മോഹാലസ്യത്തിന്‍റെ വക്കുവരെയെത്തി.

ജൂൺ 22നായിരുന്നു സംഭവം. എന്നാൽ ഇത് അവിടെ അവസാനിപ്പിക്കാൻ യാത്രക്കാർ തയാറായില്ല. ഇപ്പോൾ, സംഭവസമയത്ത് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർ ഒരുമിച്ച് ബന്ധപ്പെട്ടവർക്ക് പരാതി നൽകാനൊരുങ്ങുകയാണ്. അതേസമയം, ഇവിടുത്തെ വ്യോമയാന നിയമത്തിൽ വിമാനത്തിനുള്ളിലെ താപനില സംബന്ധിച്ച പരാമർശങ്ങളില്ലാത്തതിനാൽ പരാതി നൽകിയാൽ, ആ പരാതിയുടെ ഭാവിയെന്താകുമെന്ന് ആശങ്കയുണ്ടെന്നും യാത്രക്കാർ പറഞ്ഞു.