രാഷ്ട്രീയ സംവിധാനത്തിൽ മാറ്റം വരണം: രജനീകാന്ത്
Thursday, May 18, 2017 10:22 PM IST
കോടമ്പാക്കം: രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമാകവെ വീണ്ടും നിലപാടറിയിച്ച് തമിഴ് സൂപ്പർതാരം രജനീകാന്ത്. കോടമ്പക്കത്ത് നാലുദിവസമായി തുടരുന്ന ആരാധകരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് അദ്ദേഹം തന്‍റെ കാഴ്ചപ്പാടുകൾ‌ തുറന്നു പറഞ്ഞത്. നിലവിലെ രാഷ്ട്രീയ സംവിധാനത്തിൽ മാറ്റം വരണം. വർത്തമാനകാല രാഷ്ട്രീയം ജനങ്ങളെക്കുറിച്ചു ചിന്തിക്കുന്നില്ല. അവർക്കുവേണ്ടി ഒന്നും ചെയ്യുന്നില്ല. അതിനാലാണ് നിലവിലെ രീതിക്ക് മാറ്റം വരണമെന്ന് താൻ പറയുന്നത് - രജനി പറഞ്ഞു.

തമിഴ്നാട്ടുകാരനാണ് എന്ന് പറയുന്നതിൽ ഏറെ അഭിമാനിക്കുന്നുവെന്ന് പറഞ്ഞ രജനി കർണാടക സ്വദേശിയായ തന്നെ ഏറെ സ്നേഹിച്ചത് തമിഴ് ജനതയാണെന്നും വ്യക്തമാക്കി. രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള താരത്തിന്‍റെ വാക്കുകൾ ഇങ്ങനെ - നിങ്ങൾക്കും എനിക്കും ചില ഉത്തരവാദിത്തങ്ങൾ ഉണ്ട്, ഇപ്പോൾ അത് ചെയ്യാം. യുദ്ധം വരുമ്പോൾ അതേക്കുറിച്ച് ചിന്തിക്കാം.

നേരത്തെ, രജനീകാന്തിനെ ബിജെപിയിലേക്ക് ക്ഷണിച്ചുകൊണ്ട് കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ രംഗത്തെത്തിയിരുന്നു. എന്നാൽ ഇതേക്കുറിച്ച് താരം പ്രതികരിച്ചിരുന്നില്ല. രജനീകാന്ത് രാഷ്ട്രീയത്തിലെത്തിയാൽ അതൊരു ദുരന്തമായിരിക്കുമെന്ന ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുടെ വാക്കുകളോടും രജനി പ്രതികരിച്ചില്ല. നാലു ദിവസമായി കോടമ്പാക്കം രാഘവേന്ദ്ര കല്യാണ മണ്ഡപത്തില്‍ നടക്കുന്ന ആരാധക സംഗമം ഇന്ന് അവസാനിക്കും.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.