ഇമാന്‍റെ ഭാരം 140 കിലോ കുറഞ്ഞു
Sunday, March 19, 2017 3:03 AM IST
മുംബൈ: ലോകത്തിലെ ഏറ്റവും ഭാരമുള്ള സ്ത്രീയെന്ന വിശേഷണവുമായി വണ്ണം കുറയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ഇന്ത്യയിൽ എത്തിയ ഇമാൻ അഹമ്മദിന്‍റെ തൂക്കം 140 കിലോയിലധികം കുറഞ്ഞു. മുംബൈയിലെ സെയ്ഫി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഈജിപ്ഷ്യൻ സ്വദേശി ഇമാന്‍റെ ഭാരം ഇപ്പോൾ 358 കിലോയാണ്. വണ്ണം കുറയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ഇന്ത്യയിലേക്ക് വരുന്പോൾ ഇമാന് 500 കിലോയിലധികം ഭാരമുണ്ടായിരുന്നു.

ഇമാന് ഇപ്പോൾ ദ്രാവക രൂപത്തിലുള്ള ഭക്ഷണമാണ് നൽകുന്നത്. സ്വന്തമായി ഇരിക്കാനും എഴുന്നേൽക്കാനും ഇമാന് ഇപ്പോൾ സാധിക്കുന്നുണ്ട്. എന്നാൽ ഇമാന്‍റെ ശരീരത്തിലെ യൂറിക് ആസിഡിന്‍റെ അളവ് ഇപ്പോഴും ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.

ഫെബ്രുവരി 11ന് പ്രത്യേക വിമാനത്തിലാണ് ഇമാനെ മുംബൈയിൽ എത്തിച്ചത് പൊതുജനങ്ങളിൽ നിന്നായി 60 ലക്ഷത്തോളം പിരിച്ചെടുത്താണ് ഇമാന്‍റെ ചികിത്സ നടത്തുന്നത്.