വനിതാ കമ്മീഷനു മുന്നിൽ സൗകര്യമുള്ളപ്പോൾ ഹാജരാകുമെന്ന് പി.സി.ജോർജ്
Saturday, August 12, 2017 12:00 PM IST
കോട്ടയം: കൊച്ചിയിൽ ആക്രമണത്തിനിരയായ യുവനടിയെ അവഹേളിച്ചു എന്നതുമായി ബന്ധപ്പെട്ട് തനിക്കെതിരെ കേസെടുക്കുമെന്നറിയിച്ച വനിതാ കമ്മീഷനെ പരിഹസിച്ച് പി.സി. ജോർജ് എംഎൽഎ. കമ്മീഷന്‍ നോട്ടീസ് അയച്ചാല്‍ സൗകര്യം ഉള്ളപ്പോള്‍ ഹാജരാകുമെന്ന് ജോർജ് പറഞ്ഞു. തൂക്കിക്കൊല്ലാന്‍ വിധിക്കാനൊന്നും കമ്മീഷനാകിലല്ലോയെന്നായിരുന്നു ജോർജിന്‍റെ പരിഹാസം കലർന്ന ചോദ്യം. കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ജോർജ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

നേരത്തെ, നടിക്കെതിരെ വിവിധയിടങ്ങളിൽ അപകീർത്തികരമായ സംഭാഷണങ്ങളും പരാമർശങ്ങളും നടത്തിയതുമായി ബന്ധപ്പെട്ട് ജോർജിനെതിരെ സ്വമേധയാ കേസെടുക്കുമെന്നാണ് വനിതാകമ്മീഷൻ അറിയിച്ചത്. വനിതാ കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈനാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്. വാർത്താസമ്മേളനങ്ങളിലും ചാനൽ ചർച്ചകളിലും ജോർജ് നടത്തിയ പരാമർശങ്ങൾ സ്ത്രീത്വത്തെയാകെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്നും കമ്മീഷൻ വ്യക്തമാക്കിയിരുന്നു.
RELATED NEWS