പ്രണയാഭ്യർഥന നിരസിച്ച യുവതിയെ തീവെച്ച് കൊന്നു
Tuesday, November 14, 2017 3:17 PM IST
ചെന്നൈ: പ്രണയാഭ്യർഥന നിരസിച്ച എൻജിനിയറായ യുവതിയെ മുൻ സഹപാഠി തീവെച്ച് കൊലപ്പെടുത്തി. ചെന്നൈ ആദംബംക്കം സ്വദേശിനി എസ്.ഇന്ദുജയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ബിരുദധാരിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ദുജയെ രക്ഷപ്പെടുത്താൻ ശ്രമിച്ച അമ്മയ്ക്കും സഹോദരിക്കും ഗുരുതരമായ പൊള്ളലുകളേറ്റു. ഇരുവരെയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തേക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ; ഒരു മാസത്തിലേറെയായി യുവാവ് ഇന്ദുജയെ പ്രണയാഭ്യർഥനയുമായി ശല്യപ്പെടുത്തിയിരുന്നു. എന്നാൽ തുടക്കം മുതൽ പെൺകുട്ടി ഈ ആവശ്യം നിരസിച്ചു. എന്നാൽ തങ്ങൾ ഇരുവരും നാളുകളായി പ്രണയത്തിലാണെന്നും വിവാഹം കഴിക്കാൻ തീരുമാനിച്ചെന്നും യുവാവ് വീട്ടുകാരെ അറിയിച്ചു. ഈ ആവശ്യവുമായി യുവാവ് തിങ്കളാഴ്ച രാത്രി 8.45ഓടെ ഇന്ദുജയുടെ വീട്ടിലെത്തി.

യുവതിയോട് സംസാരിക്കണമെന്ന ഇയാളുടെ ആവശ്യം വീട്ടുകാർ നിരസിച്ചു. പിന്നാലെ ഇയാൾ കൈയിൽ കരുതിയരുന്ന പെട്രോൾ ഇന്ദുജയുടെ ശരീരത്തിലേക്ക് ഒഴിക്കുകയും തീകൊളുത്തുകയുമായിരുന്നു. സംഭവ സമയത്ത് ഇന്ദുജയുടെ പിതാവ് വീട്ടിലില്ലായിരുന്നു. ഇന്ദുജയുടെയും അമ്മയുടെയും സഹോദരിയുടെയും കരച്ചിൽ കേട്ടെത്തിയ അയൽവാസികളാണ് ഇവരെ ആശുപത്രിയിലെത്തിയത്.
RELATED NEWS