ഭൂമി ഓര്‍ഡിനന്‍സ് വീണ്ടും ഇറക്കും
Saturday, March 28, 2015 12:00 AM IST
ന്യൂഡല്‍ഹി: ഭൂമി ഏറ്റെടുക്കല്‍ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തിയ ഓര്‍ഡിനന്‍സ് വീണ്ടും പുറപ്പെടുവിക്കുന്നു. ഇപ്പോഴത്തെ ഓര്‍ഡിനന്‍സ് ഏപ്രില്‍ അഞ്ചിനു ലാപ്സാകും.

രാജ്യസഭാ സമ്മേളനം അവസാനിപ്പിക്കാന്‍ (പ്രൊറോഗ് ചെയ്യാന്‍) ഇന്നലെ കേന്ദ്ര കാബിനറ്റിന്റെ രാഷ്ട്രീയകാര്യ സമിതി യോഗം ശിപാര്‍ശ ചെയ്തു. ഇപ്പോള്‍ രാജ്യസഭയുടെ പരിഗണനയിലാണ് ഓര്‍ഡിനന്‍സിനു പകരമുള്ള ബില്‍. ലോക്സഭ ബില്‍ ഭേദഗതികളോടെ പാസാക്കിയിരുന്നു. എന്നാല്‍, രാജ്യസഭയില്‍ ബിജെപി സഖ്യത്തിനു ഭൂരിപക്ഷമില്ലാത്തതിനാല്‍ ബില്‍ പരിഗണനയ്ക്കെടുത്തിട്ടില്ല. സഭാ സമ്മേളനം അവസാനിപ്പിക്കാതെ ഓര്‍ഡിനന്‍സ് വീണ്ടും ഇറക്കാനും കഴിയില്ല.


സര്‍ക്കാര്‍ വ്യവസായികളുടെ പക്ഷത്താണെന്നും കര്‍ഷകദ്രോഹപരമാണ് ഓര്‍ഡിനന്‍സ് എന്നുമുള്ള വിമര്‍ശനങ്ങള്‍ അവഗണിച്ചാണ് ഓര്‍ഡിനന്‍സ് വീണ്ടും ഇറക്കുന്നത്. കാബിനറ്റ് ശിപാര്‍ശപ്രകാരം രാഷ്ട്രപതി രാജ്യസഭയുടെ സമ്മേളനം അവസാനിപ്പിച്ചു വിജ്ഞാപനം ഇറക്കിയാലുടന്‍ ഓര്‍ഡിനന്‍സ് വീണ്ടും ഇറക്കാന്‍ ശിപാര്‍ശ നല്‍കും. ലോക്സഭ വരുത്തിയ ഭേദഗതികളോടെയാണ് ഓര്‍ഡിനന്‍സ് ഇറക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.