മോദിക്കു തന്നോടു വിരോധമെന്നു ഹസാരെ
മോദിക്കു തന്നോടു വിരോധമെന്നു ഹസാരെ
Saturday, February 28, 2015 12:25 AM IST
ന്യൂഡല്‍ഹി: ഭൂമിയേറ്റെടുക്കല്‍ ഭേദഗതി നിയമത്തിനെതിരേ സമരം ചെയ്യുന്നതിനാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു തന്നോടു വിരോധമാണുള്ളതെന്ന് അന്നാ ഹസാരെ. ഭൂമിയേറ്റെടുക്കല്‍ ഭേദഗതി നിയമം സംബന്ധിച്ച പ്രശ്നങ്ങള്‍ മോദിയുമായി ചര്‍ച്ചചെയ്തുകൂടേയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണു ഹസാരെ ഇത്തരത്തില്‍ പ്രതികരിച്ചത്.

മഹാരാഷ്ട്രയിലെ സേവാഗ്രാമില്‍നിന്നാരംഭിച്ച പദയാത്രയിലാണു ഹസാരെ മോദിക്കെതിരേ ആഞ്ഞടിച്ചത്. ഭൂമി ഏറ്റെടുക്കല്‍ നിയമം അട്ടിമറിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്നാണു തങ്ങളുടെ ആവശ്യം. സര്‍ക്കാര്‍ തീരുമാനത്തില്‍നിന്നു പിന്‍മാറിയില്ലെങ്കില്‍ തങ്ങളുടെ തീരുമാനത്തിലും മാറ്റമുണ്ടാവില്ല. മോദി സര്‍ക്കാര്‍ ഏകാധിപത്യ സ്വഭാവമാണു പ്രകടമാക്കുന്നത്. സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂമിയേറ്റെടുക്കല്‍ ഭേദഗതി നിയമം സാധാരണ ജനങ്ങളെ പടുകുഴിയിലേക്കാണു നയിക്കാന്‍ പോകുന്നതെന്ന വിവരം രാജ്യമെമ്പാടും അറിയിക്കുമെന്നും ഇതു സംബന്ധിച്ചു വ്യക്തത വരുത്തിയില്ലെങ്കില്‍ ജയില്‍ നിറയ്ക്കല്‍ സമരം ആരംഭിക്കുമെന്നും അന്നാ ഹസാരെ കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.