മുസാഫര്‍നഗറിലെ കലാപം: മരണം 21 ആയി
Monday, September 9, 2013 10:53 PM IST
ലക്നോ: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഇന്നലെ പത്തുപേര്‍കൂടി മരിച്ചതോടെ മരണസംഖ്യ 21 ആയി. കാണാതായവരുടെ എണ്ണം കൂട്ടിയാല്‍ മരണസംഖ്യ ഉയരുമെന്ന് ജില്ലാ മജിസ്ട്രേറ്റ് കൌശല്‍ രാജ് ശര്‍മ പറഞ്ഞു.

മുസാഫര്‍നഗര്‍ ജില്ലയിലെ സിസൌലി, ഷാപുര്‍, ഫുഗ്ന, കാലാപര്‍, ദൌരാകാല എന്നീ പ്രദേശങ്ങളിലാണ് ഇന്നലെ കലാപമുണ്ടായത്. മുസാഫര്‍നഗറില്‍ ഇന്നലെ അര്‍ധസൈനികവിഭാഗം ഫ്ളാഗ് മാര്‍ച്ച് നടത്തി. 1300 സിആര്‍പിഎഫ് ജവാന്മാരും 1200 ദ്രുതകര്‍മസേനാപ്രവര്‍ത്തകരും ഉ ള്‍പ്പെടെ 29 കമ്പനി സേനയാണ് എത്തിയത്. സുരക്ഷാസൈനികര്‍ക്കുനേരേ കലാപകാരികള്‍ വെടിയുതിര്‍ത്തു. കലാപകാരികളെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ നിര്‍ദേശം നല്കിയിട്ടുണ്െടന്ന് ഉത്തര്‍പ്രദേശ് ആഭ്യന്തര സെക്രട്ടറി കമല്‍ സക്സേന പറഞ്ഞു.

കുത്ബയില്‍ ഒരു മതസ്ഥാപനത്തിനു കലാപകാരികള്‍ തീയിട്ടു. നിരവധി കടകളും വാഹനങ്ങളും അഗ്നിക്കിരയായി. ഫുല്‍ഗാന വില്ലേജില്‍ മതനേതാക്കള്‍ അടുത്തുള്ള പോലീസ് സ്റേഷനില്‍ അഭയം തേടി. നൂറോളം പേരെ അറസ്റ് ചെയ്തിട്ടുണ്ട്. കലാപബാധിത പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ജില്ലാ മജിസ്ട്രേറ്റ് നവീന്‍ റിന്‍വ നാളെയും അവധി നല്കി. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധിയില്ല. സിവില്‍ലൈന്‍സ്, കോട്വാലി, നയിമന്‍ഡി എന്നിവിടങ്ങളില്‍ കര്‍ഫ്യൂ തുടരുന്നു.

സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവ്, മുഖ്യമന്ത്രി അഖിലേഷ് യാദവുമായും ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. നിര്‍ഭാഗ്യകരമായ സംഭവങ്ങളാണ് സംസ്ഥാനത്തുണ്ടായതെന്നും ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുലായം പറഞ്ഞു. അതേസമയം, അഖിലേഷില്‍നിന്നു മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കാനാണു മുലായം ശ്രമിക്കുന്നതെന്നു ബിജെപി വക്താവ് മനോജ് മിശ്ര പറഞ്ഞു. കഴിഞ്ഞ മാസം 27ന് കവാല്‍ ഗ്രാമത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണു സംഘര്‍ഷമുണ്ടായത്. മൂന്നു ദിവസം മുമ്പു നടന്ന കൊലപാതകത്തെക്കുറിച്ച് ഇന്റര്‍നെറ്റില്‍ വ്യാജ വിഡിയോ പ്രചരിച്ചിരുന്നു. സിഡികള്‍ ഗ്രാമത്തില്‍ എത്തിയതാണു വര്‍ഗീയസംഘട്ടനത്തിലേക്കു കാര്യങ്ങള്‍ നീങ്ങിയതെന്ന് എഡിജിപി അരുണ്‍ കുമാര്‍ പറഞ്ഞു. മൊബൈല്‍ അപ്ളിക്കേഷനായ വാട്സപ്പിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്.


എന്നാല്‍, ഈ വീഡിയോ യുട്യൂബില്‍ രണ്ടുവര്‍ഷം മുമ്പ് അപ്ലോഡ് ചെയ്തതാണെന്നും ഇന്ത്യയിലുണ്ടായ സംഭവമല്ലെന്നും പോലീസ് ഐജി ആഷിഷ് ഗുപ്ത പറഞ്ഞു. സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ അപ്ലോഡ് ചെയ്ത വീഡിയോ നീക്കം ചെയ്തിട്ടുണ്ട്. കൂട്ടത്തോടെ എസ്എംഎസ് അയയ്ക്കുന്നതു നിരോധി ച്ചിട്ടുണ്ട്.

ഐബിഎന്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകനായ രാജേഷ് വര്‍മയും മറ്റൊരു ഫോട്ടോഗ്രാഫറും ഉള്‍പ്പെടെ 11 പേരാണു വെള്ളിയാഴ്ച മരിച്ചത്. പത്രപ്രവര്‍ത്തകന്റെ ബന്ധുവിനു 15 ലക്ഷം രൂപയും മരിച്ച മറ്റുള്ളവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ വീതവും സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

വര്‍ഗീയകലാപം ഉടലെടുത്തതിനെക്കുറിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് കേന്ദ്രം വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കലാപം അടിച്ചമര്‍ത്താന്‍ ശക്തമായ നടപടിയെടുക്കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയെ വിവരങ്ങള്‍ ധരിപ്പിച്ചു.

പശ്ചിമ ഉത്തര്‍പ്രദേശിലെ കലാപം ഗൂഢാലോചനയാണെന്ന് ഓള്‍ ഇന്ത്യ ഷിയ പേഴ്സണല്‍ ബോര്‍ഡ് വക്താവ് മൌലാന യസൂബ് അബ്ബാസ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനാണ് കലാപത്തിന്റെ ഉത്തരവാദിത്വമെന്ന് ദാറുള്‍ ഉലും ദിയോബാന്‍ഡ് ഇസ്ലാമിക് സെമിനാരി പത്രക്കുറിപ്പില്‍ പറഞ്ഞു.കലാപത്തിന്റ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി അഖിലേഷ് യാദവ് രാജിവയ്ക്കണമെന്ന് ബിഎസ്പി ആവശ്യമുന്നയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.