ബാംഗളൂര്‍ സ്ഫോടനം: മൂന്നുപേര്‍ തമിഴ്നാട്ടില്‍ അറസ്റില്‍
Wednesday, April 24, 2013 12:17 AM IST
ബാംഗളൂര്‍: കഴിഞ്ഞ 17ന് ബാംഗളൂര്‍ മല്ലേശ്വരത്തെ ബിജെപിഓഫീസിനു സമീപമുണ്ടായ ബോംബ്സ്ഫോടനവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍കൂടി അറസ്റിലായി. തമിഴ്നാട്ടിലെ തിരുനല്‍വേലിയിലെ ലോഡ്ജില്‍നിന്ന് പീര്‍മുഹമ്മദ്, ബഷീര്‍ എന്നിവരെയും മധുരയില്‍നിന്നു മറ്റൊരാളെയുമാണു പിടികൂടിയത്. സ്ഫോടനം നടത്തുന്നതിന് ഇവരാണു സഹായിച്ചതെന്നു പോലീസ് കരുതുന്നു.

രഹസ്യവിവരത്തെത്തുടര്‍ന്നു കര്‍ണാടക പോലീസും തമിഴ്നാട് ക്യുബ്രാഞ്ചും സംയുക്തമായി നടത്തിയ റെയ്ഡിലാണു പ്രതികള്‍ അറസ്റിലായത്. സ്ഫോടനത്തിന് ഉപയോഗിച്ച ബൈക്കിന്റെ നമ്പറിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്. ബൈക്ക് കൈമാറിയ വാഹന ബ്രോക്കര്‍മാരായ രണ്ടു മലയാളികളെ കഴിഞ്ഞദിവസം തമിഴ്നാട് പോലീസ് അറസ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യംചെയ്തതില്‍നിന്നാണ് ഇന്നലെ പിടിയിലായ പ്രതികളെക്കുറിച്ചു വിവരം ലഭിച്ചത്. ബാംഗളൂരിലെത്തിച്ച പ്രതികളെ എന്‍ഐഎസംഘം ചോദ്യം ചെയ്തുവരുകയാണെന്നാണു റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ടു രണ്ടു മലയാളികളുള്‍പ്പെടെ നാലുപേര്‍ നേരത്തേതന്നെ പോലീസിന്റെ കസ്റഡിയിലുണ്ട്. അന്വേഷണം വഴിതെറ്റാതിരിക്കാന്‍ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിടാന്‍ അന്വേഷണസംഘം തയാറാകുന്നില്ല. സ്ഫോടനത്തിനു പിന്നില്‍ ഇന്ത്യന്‍ മുജാഹിദീനാണെന്ന് ഇതിനോടകം വ്യക്തമായിട്ടുണ്ട്. പ്രതികളെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്കു കര്‍ണാടക സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.