ജിഷയുടെ സഹോദരിക്ക് സർക്കാർ ജോലി നൽകി
Monday, May 30, 2016 4:03 PM IST
പെരുമ്പാവൂർ: നിയമവിദ്യാർഥിനി ജിഷ കൊല്ലപ്പെട്ടതിനെത്തുടർന്നു ജിഷയുടെ ചേച്ചി ദീപയ്ക്കു സർക്കാർ നൽകാമെന്നേറ്റ ജോലി നൽകി ഉത്തരവായി. കുന്നത്തുനാട് താലൂക്ക് ഓഫീസിൽ താലൂക്ക് അറ്റൻഡർ ആയാണു നിയമനം. കൂടാതെ ജിഷയുടെ കുടുംബത്തിനു മുടക്കുഴയിൽ പണികഴിപ്പിക്കുന്ന വീടിന്റെ നിർമാണം പൂർത്തിയാകാറായി.

എന്നാൽ, ജിഷയുടെ മാതാവ് രാജേശ്വരിയെ വാടക വീട്ടിലേക്കു മാറ്റാനുള്ള നടപടി വൈകുകയാണ്. രാജേശ്വരിക്കായി ആശുപത്രിയിൽ ഡ്യൂട്ടിയിലുള്ള വനിതാ പോലീസിന്റെ സേവനം ഷിഫ്റ്റ് അനുസരിച്ചു ക്രമീകരിച്ചിരിക്കുകയാണ്. പുതിയ അന്വേഷണ സംഘം വന്നതോടെയാണ് ഈ തീരുമാനം. ഇതുവരെ മഫ്തിയിലായിരുന്ന വനിതാ പോലീസ് ഡ്യൂട്ടി ഡ്രസിലാണു രാജേശ്വരിക്കൊപ്പം നിൽക്കുന്നത്.

നേരത്തെ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസ് പലതവണ രാജേശ്വരിയോടു കാര്യങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചെങ്കിലും രാജേശ്വരി ഒന്നും വിട്ടുപറയാൻ തയാറാകുന്നില്ല. എന്നാൽ, പുതിയ അന്വേഷണ സംഘം രാജേശ്വരിയെ ചോദ്യം ചെയ്യാനിടയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.