പ്രചാരണത്തിന് ആളില്ലേ, ഞങ്ങളേറ്റു!
പ്രചാരണത്തിന് ആളില്ലേ, ഞങ്ങളേറ്റു!
Wednesday, October 14, 2015 12:54 AM IST
കരുവഞ്ചാല്‍(കണ്ണൂര്‍): കരഞ്ഞു കാലു പിടിച്ചു സീറ്റ് വാങ്ങിയപ്പോള്‍ പ്രചാരണത്തിന് ആളില്ലെന്ന വിഷമത്തിലാണോ? ഒട്ടും വിഷമിക്കേണ്ട, കക്ഷി ഏതായാലും കാശ് വീശിയാല്‍ മതി, നാമനിര്‍ദേശ പത്രിക പൂരിപ്പിക്കുന്നതു മുതല്‍ പ്രചാരണവും കൊട്ടിക്കലാശവും വിജയാഘോഷവും വരെ ഏറ്റെടുത്തു നടത്താന്‍ ആള് റെഡി. വിവാഹങ്ങളും സമ്മേളനങ്ങളും മറ്റും ഏറ്റെടുത്തു നടത്തിവരുന്ന ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകളാണു തെരഞ്ഞെടുപ്പു പ്രചാരണരംഗത്തും കാലുറപ്പിക്കുന്നത്.

ഇലക്ഷന്‍ കമ്മീഷന്റെ പെരുമാറ്റച്ചട്ടങ്ങളെല്ലാം പാലിച്ചു പ്രചാരണം പൂര്‍ണമായി ഏറ്റെടുത്തു നടത്താമെന്ന വാഗ്ദാനവുമായാണ് ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകള്‍ സ്ഥാനാര്‍ഥികളെ സമീപിക്കുന്നത്. പാരഡിഗാനങ്ങളും പോസ്ററുകളും ഫ്ളക്സ് ബോര്‍ഡുകളും തയാറാക്കി നല്‍കും. കൂടുതല്‍ ജോലികള്‍ ഏല്‍പ്പിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് 10 ശതമാനം ഇളവ് നല്‍കുന്നതിനു പുറമെ സോഷ്യല്‍ മീഡിയവഴിയുള്ള പ്രചാരണം സൌജന്യമായും ചെയ്തു കൊടുക്കും.


പ്രചാരണത്തിനായി സാധാരണ വാഹനങ്ങള്‍ക്കുപുറമെ പാര്‍ട്ടി ചിഹ്നത്തിലും പാര്‍ട്ടിക്കൊടിയുടെ നിറത്തിലും തുറന്ന വാഹനങ്ങളും സജ്ജമാക്കിക്കൊടുക്കും. കൊടിതോരണങ്ങളും നോട്ടീസുകളും തയാറാക്കും. സിനിമാതാരങ്ങളെ അതിഥികളായി എത്തിച്ചുകൊടുക്കുന്ന ജോലിയും ഏറ്റെടുക്കുമെന്ന് ഇവന്റ് മാനേജ്മെന്റുകാര്‍ പറയുന്നു.

വിവിധ കക്ഷികളുടെ പ്രചാരണത്തിനായി പഴയകാല സിനിമകളിലെ അനശ്വരഗാനങ്ങള്‍ മുതല്‍ അടിപൊളി പാട്ടുകളുടെ വരെ പാരഡിഗാനങ്ങളും അണിയറയില്‍ ഒരുങ്ങിക്കഴിഞ്ഞു. ‘ഇനി വരുന്നൊരു തലമുറയ്ക്ക്...എന്നു തുടങ്ങുന്ന ഗാനം ‘ഇനി വരുന്നൊരു തലമുറയ്ക്ക് യുഡിഎഫ് ഭരണം ആവശ്യം’ എന്നാക്കി മാറ്റി ചിട്ടപ്പെടുത്തിയിരിക്കുന്നു. ഇഷ്ടപ്രാണേശ്വരി... എന്നു തുടങ്ങുന്ന പാട്ട്, പ്രിയ വോട്ടര്‍മാരെ നിങ്ങളുടെ വോട്ടുകള്‍ എനിക്കു തരൂ, എനിക്കു തരൂ... എന്നാക്കിയാണു മാറ്റിയിരിക്കുന്നത്. പവിഴമല്ലി പൂത്തുലഞ്ഞു... എന്ന ഗാനം അഴിമതിക്കു പേരുകേട്ട യുഡിഎഫ്... എന്നാക്കി മാറ്റി ഇടതുപക്ഷത്തിനായി പാരഡികള്‍ റെഡിയാക്കിയിട്ടുണ്ട്. പണിയെടുക്കാന്‍ യുഡിഎഫ്, പണിമുടക്കാന്‍ എല്‍ഡിഎഫ്... എന്നു തുടങ്ങുന്നതാണു മറ്റൊരു പാരഡിഗാനം. പാരഡിയെഴുതി തയാറാക്കി റിക്കാര്‍ഡ് ചെയ്തുകൊടുക്കുന്നതിന് 1,000 രൂപയാണു ചാര്‍ജ്. ഗായകര്‍ക്കുള്ള ഫീസ് വേറെ.

നഗരപ്രദേശങ്ങളില്‍ മാത്രമാണ് ഇവരുടെ സഹായം ലഭിക്കൂവെന്നു കരുതിയെങ്കില്‍ തെറ്റി. കണ്ണൂരിന്റെ മലയോര മേഖലയിലും തെരഞ്ഞെടുപ്പു പ്രചാരണ ചുമതല ഏറ്റെടുക്കാന്‍ ഇവന്റ് മാനേജ്മെന്റുകാര്‍ ഒരുങ്ങിക്കഴിഞ്ഞു. കരുവഞ്ചാല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാംഗോ ഇന്‍വന്റ് മാനേജ്മെന്റ് ഗ്രൂപ്പ്, കലാകാരന്മാരായ ഒരു സംഘവുമായാണു തെരഞ്ഞെടുപ്പിന് ഒരുങ്ങിയിരിക്കുന്നത്. ഡോക്യുമെന്ററി സംവിധായകന്‍ കൂടിയായ വെള്ളാട് മണ്ണംകുണ്ട് സ്വദേശി സി.എ. അന്‍ഷാദിന്റെ നേതൃത്വത്തിലുള്ളതാണു മാംഗോ ഇന്‍വന്റ് മാനേജ്മെന്റ്. കണ്ണൂര്‍ പോലീസുമായി ചേര്‍ന്നു റോഡ് സുരക്ഷാ ബോധവത്കരണ ഡോക്യുമെന്ററിയുടെ നിര്‍മാണത്തിനിടെയാണ് ഇലക്ഷന്‍ പ്രചാരണ രംഗത്തേക്ക് ഇദ്ദേഹം ഇറങ്ങുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.