നാമനിര്‍ദേശപത്രിക നിരസിക്കപ്പെടാനുള്ള കാരണങ്ങള്‍
Sunday, October 11, 2015 12:45 AM IST
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശ പത്രിക നിരസിക്കുന്നതിനുള്ള മതിയായ കാരണങ്ങള്‍ കേരള പഞ്ചായത്ത് രാജ് ആക്റ്റിലും കേരള മുനിസിപ്പാലിറ്റി ആക്ടിലും വ്യക്തമാക്കിയിട്ടുണ്ട്. ഇതനുസരിച്ച് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച് സ്ഥാനാര്‍ഥി ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപന ത്തിലെ അംഗമാകാന്‍ നിയമാനുസൃതം യോഗ്യനല്ലെന്നോ ആ സ്ഥാനാര്‍ഥി അപ്രകാരം ബന്ധപ്പെട്ട പഞ്ചായത്തിലെയോ മുനിസിപ്പാലിറ്റിയിലെയോ അംഗമാകുന്ന കാര്യത്തില്‍ അയോഗ്യനാണെന്നോ വ്യക്തമായാല്‍ നാമനിര്‍ദേശപത്രിക നിരസിക്കപ്പെടുന്നതാണ്.

നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിന് വിജ്ഞാപനം ചെയ്യപ്പെട്ട ഏതെങ്കിലും ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞു മൂന്നിനുശേഷം സമര്‍പ്പിക്കാന്‍ പാടില്ല. സ്ഥാനാര്‍ഥിയോ അദ്ദേഹത്തെ നാമനിര്‍ദേശം ചെയ്യുന്നയാളോ അല്ലാതെ മറ്റാരെങ്കിലും പത്രിക സമര്‍പ്പിക്കരുത്.

നാമനിര്‍ദേശപത്രിക നിശ്ചിത രണ്ടാം നമ്പര്‍ ഫോമില്‍ തന്നെ സമര്‍പ്പിക്കേണ്ടതാണ്. നാമനിര്‍ദേശപത്രികയില്‍ സ്ഥാനാര്‍ഥിയും നാമനിര്‍ദേശം ചെയ്തയാളും ഒപ്പിട്ടിരിക്കേണ്ടതാണ്. സ്ഥാനാര്‍ഥി മത്സരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ ഏതെങ്കിലും നിയോജകമണ്ഡലം (വാര്‍ഡിലെ) വോട്ടര്‍ ആയിരിക്കേണ്ടതും എന്നാല്‍ നാമനിര്‍ദേശം ചെയ്യുന്നയാള്‍ സ്ഥാനാര്‍ഥി മത്സരിക്കുന്ന നിയോജകമണ്ഡലത്തിലെയോ വാര്‍ഡിലെയോ വോട്ടര്‍ ആയിരിക്കേണ്ടതുമാണ്.

ഒരാള്‍ ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ ഒന്നിലധികം നിയോജകമണ്ഡലങ്ങളിലേയ്ക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ പാടില്ല. സ്ഥാനാര്‍ഥി യഥാവിധി പണം കെട്ടിവെയ്ക്കുകയും സത്യപ്രതിജ്ഞ അല്ലെങ്കില്‍ ദൃഢപ്രതിജ്ഞ എടുക്കുകയും വേണം. വനിതയ്ക്കോ പട്ടികജാതിയ്ക്കോ പട്ടികവര്‍ഗത്തിനോ ആയി സംവരണം ചെയ്തിട്ടുള്ള നിയോജകമണ്ഡലത്തിലേയ്ക്ക് ഈ വിഭാഗത്തില്‍പ്പെടാത്തവര്‍ പത്രിക സമര്‍പ്പിക്കരുത്. സ്ഥാനാര്‍ഥി നാമനിര്‍ദേശപത്രികയില്‍ വയസ് കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. സ്ഥാനാര്‍ഥി വേറെ ഏതെങ്കിലും നിയോജകമണ്ഡലത്തിലെ സമ്മതിദായകനായിരിക്കുന്നിടത്ത് ബന്ധപ്പെട്ട വോട്ടര്‍ പട്ടികയോ, പ്രസക്ത ഭാഗമോ, പ്രസക്ത ഭാഗത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പോ നാമനിര്‍ദേശപത്രികക്കൊപ്പമോ അല്ലെങ്കില്‍ സൂക്ഷ്മ പരിശോധനാ സമയത്തോ ഹാജരാക്കേണ്ടതുമാണ്. ഒരു സ്ഥാനാര്‍ഥി സമര്‍പ്പിച്ച എല്ലാ നാമനിര്‍ദ്ദേശപത്രികകളും തള്ളുകയാണെങ്കില്‍ അതിനുള്ള കാരണങ്ങള്‍ ഉടന്‍ തന്നെ രേഖപ്പെടുത്തി ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് നല്‍കുന്നതാണ്.

ഏതെങ്കിലും ഒരു നാമനിര്‍ദേശപത്രിക സ്വീകരിച്ചിട്ടുണ്െടങ്കില്‍ തള്ളിയ പത്രികകളെ സംബന്ധിച്ച് ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സ്ഥാനാര്‍ഥി ആവശ്യപ്പെട്ടാല്‍ നല്‍കേണ്ടതാണ്. സ്വീകരിക്കപ്പെട്ട നാമനിര്‍ദേശപത്രികളുടെ കാര്യത്തില്‍ അവ സ്വീകരിയ്ക്കാനിടയായ കാരണങ്ങള്‍ വരണാധികാരി വ്യക്തമാക്കണമെന്നില്ല.

എന്നാല്‍ ഒരു നാമനിര്‍ദേശ പത്രിക സ്വീകരിപ്പെടുന്നതില്‍ ആക്ഷേപം ഉന്നയിച്ചിട്ടുള്ള സംഗതികളില്‍ പ്രസ്തുത ആക്ഷേപം നിരസിച്ചുകൊണ്ട് എന്തുകൊണ്ട് പത്രിക സ്വീകരിക്കപ്പെട്ടു എന്ന കാര്യം വരണാധികാരി വ്യക്തമാക്കേണ്ടതുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.