കേരള വാഴ്സിറ്റിയുടെ അധ്യാപക നിയമനം റദ്ദാക്കാന്‍ നിര്‍ദേശം
Sunday, May 3, 2015 11:08 PM IST
തിരുവനന്തപുരം:സംവരണ തത്ത്വ ങ്ങള്‍ പാലിക്കാതെ കേരള സര്‍വകലാശാല നടത്തിയ അധ്യാപക നിയമനങ്ങള്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ നടത്തിയ 18 നിയമന ങ്ങള്‍ റദ്ദാക്കാന്‍ നിര്‍ദേശിച്ചാണ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വൈസ് ചാന്‍സലര്‍ക്കു കത്തു നല്‍കിയിരിക്കുന്നത്. സംവരണ തത്ത്വ ങ്ങള്‍ പാലിക്കാതെ നടത്തിയ നിയമനങ്ങള്‍ റദ്ദാക്കുകയും ഇത് എത്രയും വേഗം സര്‍ക്കാരിനെ അറിയിക്കുകയും ചെയ്യണമെന്നു കത്തില്‍ പറയുന്നു.

സംവരണ ആനുകൂല്യം എല്ലാ വിഭാഗങ്ങള്‍ക്കും ലഭ്യമാക്കുന്ന രീതിയില്‍ 2013 സെപ്റ്റംബറില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച നിയമഭേദഗതിക്കു ശേഷം നടത്തിയ നിയമനങ്ങള്‍ക്കെതിരേയാണു നടപടി. 2013-ലെ സര്‍വകലാശാലാ നിയമ ഭേദഗതി ലംഘിച്ചു കേരള വൈ സ് ചാന്‍സലര്‍ അധ്യാപക തസ്തികയിലേക്കു നിയമനം നടത്തുന്നതായി സിന്‍ഡിക്കറ്റംഗം ജ്യോതികുമാര്‍ ചാമക്കാലയാണു വിദ്യാഭ്യാസ മന്ത്രിയുടെയും ഗവര്‍ണറുടെയും ശ്രദ്ധയില്‍പ്പെടുത്തിയത്.

ഭേദഗതിചെയ്ത ചട്ടപ്രകാരം കേരള സര്‍വകലാശാല ഒഴിച്ച് മറ്റെല്ലാ സര്‍വകലാശാലകളും അതാതു സര്‍വകലാശാലയിലെ വിവിധ വകുപ്പുകളിലെ ഒരേ തസ്തികകളെ ഒറ്റ യൂണിറ്റായി കണക്കാക്കിയാണു സംവരണം ചെയ്യേണ്ട തസ്തികകള്‍ നിര്‍ണയിച്ചിട്ടുള്ളത്. ഈ ഭേദഗതി നിലവില്‍വന്ന 2013 സപ്റ്റംബര്‍ 19 മുതല്‍ പുതിയ റോസ്റര്‍ തയാറാക്കിയാണ് അപേക്ഷ ക്ഷണിക്കേണ്ടിയിരുന്ന ത്. ഭേദഗതി നിലവില്‍ വരുന്നതിനുമുമ്പ് അധ്യാപക നിയമനത്തിനായി കോഴിക്കോട് സര്‍വകലാശാല പുറപ്പെടുവിച്ച എല്ലാ വിജ്ഞാപനങ്ങളും റദ്ദാക്കുകയും പുതിയ നിയമം അനുസരിച്ചു റോസ്റര്‍ തയാറാക്കി പുതിയ വിജ്ഞാപനം ഇറക്കുകയും ചെയ്തു. എന്നാല്‍, കേരള സര്‍വകലാശാലയില്‍ മാത്രം നിയമഭേദഗതിക്കു മുമ്പുള്ള അപേക്ഷകളുടെ അടിസ്ഥാനത്തില്‍ നിയമനവുമായി മുന്നോട്ടുപോവുകയായിരുന്നുവെന്നും ഇതു സര്‍ക്കാരിന്റെ നിയമഭേദഗതിയുടെ അന്തഃസത്തയ്ക്കു വിരുദ്ധമാണെന്നുമായിരുന്നു പരാതി.

അതേസമയം, അധ്യാപക നിയമനവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകമാണെന്നു കേരള സര്‍വകലാശാല പത്രക്കുറിപ്പില്‍ അറിയിച്ചു. സംവരണവുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് വന്നതിനുശേഷം 11 അധ്യാപക നിയമനങ്ങളാണു നടന്നിട്ടുള്ളത്. സംവരണതത്ത്വം പാലിച്ചാണ് ഈ നിയമനങ്ങള്‍ നടത്തിയത്. പരാതിക്കാരനായ ജ്യോതികുമാര്‍ ഉള്‍പ്പെടെയുള്ള സിന്‍ഡിക്കറ്റാണ് ഈ നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കിയതും.

സംവരണതത്ത്വങ്ങള്‍ പാലിച്ച് പുതിയ ഏഴു തസ്തികകളിലേക്കുള്ള നിയമനത്തിന്റെ നടപടിക്രമം പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്‍മേലുള്ള തീരുമാനം അടുത്ത സിന്‍ഡിക്കറ്റിന്റെ പരിഗണനയ്ക്കു വരുന്നതേയുള്ളൂ.

പരാതിക്കാരനുമായി ബന്ധപ്പെട്ടു സിന്‍ഡിക്കറ്റിന്റെ പരിഗണന യ്ക്കുവരുന്ന ഗുരുതരമായ വിഷയത്തില്‍നിന്നു ശ്രദ്ധതിരിച്ചുവിടാനാണ്തെറ്റിദ്ധാരണാജനകമായ വാര്‍ത്ത സൃഷ്ടിക്കുന്നതെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.