ബിജെപി ഹര്‍ത്താലില്‍ ജനം വലഞ്ഞു
ബിജെപി ഹര്‍ത്താലില്‍ ജനം വലഞ്ഞു
Wednesday, January 28, 2015 1:07 AM IST
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായ ധനമന്ത്രി കെ.എം. മാണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാനത്തു ബിജെപി നടത്തിയ ഹര്‍ത്താല്‍ ജനത്തെ വലച്ചു. നെയ്യാറ്റിന്‍കരയില്‍ കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് സമരാനുകൂലികള്‍ എറിഞ്ഞ് തകര്‍ത്തു. തിങ്കളാഴ്ച അര്‍ധരാത്രിയോടെയായിരുന്നു അക്രമം. സംഭവത്തില്‍ കെഎസ്ആര്‍ടിസി എറണാകുളം ഡിപ്പോയിലെ ജീവനക്കാരനായ കെ.പി. രജിക്കു പരിക്കേറ്റു. സംസ്ഥാനത്തൊട്ടാകെ ഇന്നലെ 90 സര്‍വീസുകള്‍ നടത്തിയതായി കെഎസ്ആര്‍ടിസി അറിയിച്ചു. രാത്രി 12 മുതല്‍ രാവിലെ ആറ് വരെ 78 സര്‍വീസുകളും രാവിലെ ആറ് മുതല്‍ ഒമ്പത് വരെ 12 സര്‍വീസുകളും നടത്തി.

എറണാകുളത്ത് കെഎസ്ആര്‍ടിസി- സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയില്ല. രാത്രി സര്‍വീസുകളില്‍ റെയില്‍വേ സ്റേഷനിലും ബസ് സ്റാന്‍ഡിലും വന്നിറങ്ങിയവര്‍ ദുരിതത്തിലായി. കോതമംഗലത്തു ഹര്‍ത്താല്‍ അനുകൂലികള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടപ്പിച്ചു. മൂവാറ്റുപുഴയില്‍ ഹര്‍ത്താല്‍ അനൂകൂലികള്‍ കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവ് കെ.എം. ജോര്‍ജിന്റെ പ്രതിമയുടെ കണ്ണ് കറുത്തു തുണികൊണ്ടു മൂടിക്കെട്ടി പ്രതിഷേധിച്ചു. ഗുരുവായൂരിലെത്തിയ തീര്‍ഥാടകരെയും ഹര്‍ത്താല്‍ വലച്ചു. ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളില്‍ ഹര്‍ത്താല്‍ സമാധനപരമായാണ് നടന്നത്. കോഴിക്കോട്ട് രാവിലെ കെഎസ്ആര്‍ടിസി ബസുകള്‍ പോലീസ് അകമ്പടിയോടെ സര്‍വീസ് നടത്തിയെങ്കിലും പിന്നീട് സര്‍വീസ് അവസാനിപ്പിച്ചു. കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. റെയില്‍വെ സ്റേഷനുകള്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍നിന്ന് യാത്രക്കാരെ വീടുകളിലെത്തിക്കാന്‍ പോലീസ് വാഹനങ്ങളും സന്നദ്ധ സംഘടനകളുടെ ഇരുചക്രവാഹനങ്ങളും സഹായത്തിനെത്തി.

തിരുവനന്തപുരം നെയ്യാറ്റിന്‍കര താലൂക്ക് ഓഫിസില്‍ ജോലിക്ക് ഹാജരായവരെ ഇറക്കി വിടാന്‍ ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തിയ ശ്രമം സംഘര്‍ഷത്തിന് കാരണമായി. കഴക്കൂട്ടത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ കെഎസ്ഇബിയുടെ വാഹനം തടഞ്ഞു.

എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ബിജെപി പ്രവര്‍ത്തകര്‍ പ്രകടനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഹര്‍ത്താലിന്റെ ഭാഗമായി ബിജെപി സെക്രട്ടേറിയറ്റിന് മുന്നിലേക്കു മാര്‍ച്ച് നടത്തി. ബാര്‍കോഴ കേസില്‍പെട്ട ധനമന്ത്രി കെ.എം. മാണിയെ പുറത്താക്കുകയും മന്ത്രിസഭ രാജിവയ്ക്കുകയും ചെയ്യണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ടു പറഞ്ഞു. പ്രകടനത്തിന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. സുരേഷ്, ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, ദേശീയസമിതി അംഗം കരമന ജയന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.