കളമശേരി സെന്റ് ജോസഫ്സ് മൈനര്‍ സെമിനാരി സുവര്‍ണ ജൂബിലി സമാപനം
Sunday, December 28, 2014 11:59 PM IST
കൊച്ചി: കളമശേരി സെന്റ് ജോസഫ്സ് മൈനര്‍ സെമിനാരിയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്കു സമാപനം കുറിച്ച് നാളെ വൈകുന്നേരം 5.30ന് കുടുംബസംഗമം നടക്കും. വൈറ്റ് ആന്‍ഡ് വൈറ്റ് എന്നു പേരിട്ടിട്ടുള്ള സംഗമത്തില്‍ സെമിനാരിയിലെ പൂര്‍വവിദ്യാര്‍ഥികളായ വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ ഉള്‍പ്പെടെ അഞ്ചു ബിഷപ്പുമാര്‍ പങ്കെടുക്കും. വൈകുന്നേരം 5.30ന് സെമിനാരി ഫുട്ബോള്‍ ഗ്രൌണ്ടില്‍ നടക്കുന്ന ചടങ്ങ് ആര്‍ച്ച്ബിഷപ് കല്ലറയ്ക്കല്‍ ഉദ്ഘാടനം ചെയ്യും.

വത്തിക്കാനില്‍ നിന്ന് ആര്‍ച്ച്ബിഷപ് ഡോ.ഫ്രാന്‍സിസ് അസീസി ചുള്ളിക്കാട്ട്, കുടിയേറ്റക്കാര്‍ക്കും പ്രവാസികള്‍ക്കും വേണ്ടിയുള്ള റോമിലെ പൊന്തിഫിക്കല്‍ കൌണ്‍സിലിന്റെ സെക്രട്ടറി ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ എന്നിവരും കോട്ടപ്പുറം ബിഷപ് ഡോ.ജോസഫ് കാരിക്കശേരി, കണ്ണൂര്‍ ബിഷപ് ഡോ.അലക്സ് വടക്കുംതല എന്നിവരും സംഗമത്തില്‍ പങ്കെടുക്കും. ജൂബിലിയോടനുബന്ധിച്ചു തയാറാക്കിയ മൂന്നു പുസ്കങ്ങളും വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍.ജോസഫ് പടിയാരംപറിമ്പില്‍ തയാറാക്കിയ സെമിനാരിയുടെ ചരിത്രത്തിന്റെ ഡ്രാഫ്റ്റും സംഗമത്തില്‍ പ്രകാശനം ചെയ്യും. ജൂബിലി പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന ഡൊക്യുമെന്ററി പ്രദര്‍ശനവും ഉണ്ടാകും. വിശുദ്ധരുടെ പൂന്തോട്ടം, പുനരുദ്ധരിച്ച ലൈബ്രറി, ജൂബിലി മെമ്മോറിയല്‍ പാര്‍ക്ക് എന്നിവയുടെ ഉദ്ഘാടനവും ഇതിനോടനുബന്ധിച്ചു നടക്കും. സെമിനാരിയില്‍ പഠിച്ചവരുടെയും ഇപ്പോഴത്തെ വൈദിക വിദ്യാര്‍ഥികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഒത്തുചേരലാണ് ഈ കുടുംബ സംഗമം. അയ്യായിരത്തോളം പേര്‍ പങ്കെടുക്കും.

ആര്‍ച്ച്ബിഷപ് ഡോ.ജോസഫ് അട്ടിപ്പേറ്റിയാണു കളമശേരി ഹോളി എയ്ഞ്ചല്‍സ് എസ്റേറ്റിലെ വിശാലമായ കശുമ്മാവിന്‍ തോട്ടത്തില്‍ മൈനര്‍ സെമിനാരി നിര്‍മിക്കാന്‍ നിര്‍ദേശം നല്‍കിയത്. മോണ്‍.ജോര്‍ജ് ഇട്ടിക്കുന്നത്ത് ആ ദൌത്യം നിറവേറ്റി. 1964 ഡിസംബര്‍ രണ്ടിനു വെസ്റ് മിനിസ്റര്‍ ആര്‍ച്ച്ബിഷപ് ജോണ്‍ കാര്‍മല്‍ ഹീമെന്‍ ആണ് സെമിനാരി കെട്ടിടം ആശീര്‍വദിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.