സ്ത്രീയെ കായലില്‍ എറിഞ്ഞുകൊന്ന കേസില്‍ പ്രതി അറസ്റില്‍
സ്ത്രീയെ കായലില്‍ എറിഞ്ഞുകൊന്ന  കേസില്‍ പ്രതി അറസ്റില്‍
Sunday, December 28, 2014 11:49 PM IST
കൊടുങ്ങല്ലൂര്‍: അബോധാവസ്ഥയിലായ സ്ത്രീയെ ചാക്കില്‍കെട്ടി കായലില്‍ എറിഞ്ഞുകൊന്ന സംഭവത്തിലെ പ്രതിയെ പോലീസ് അറസ്റ്ചെയ്തു. കായംകുളം സ്വദേശി വലിയവീട്ടില്‍ കിഴക്കേതില്‍ ബാബുവെന്ന ജപ്പാന്‍ ഷാജിയെ(40)യാണു കൊടുങ്ങല്ലൂര്‍ സിഐ കെ.ജെ. പീറ്ററും സംഘവും മൂവാറ്റുപുഴയില്‍നിന്ന് അറസ്റുചെയ്തത്.

കൊല്ലം ചവറ സ്വദേശിനിയും ലോട്ടറിവില്പനക്കാരിയുമായ തൈക്കൂട്ടത്തില്‍ തെക്കേതില്‍ ദാമോദരന്റെ മകള്‍ ബേബി(46)യാണു കൊല്ലപ്പെട്ടത്. വിവാഹവാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ചു കൊടുങ്ങല്ലൂര്‍ നഗരത്തിലെ ഒ.കെ. യോഗം വക വാടകമുറിയില്‍ കൂടെ താമസിപ്പിച്ചുവരികയായിരുന്ന ബേബിയില്‍നിന്നു പലപ്പോഴായി പ്രതി കടംവാങ്ങിയ പണം തിരിച്ചുചോദിച്ചതിനെത്തുടര്‍ന്നുള്ള അടിപിടിയാണു കൊലപാതകത്തില്‍ കലാശിച്ചതെന്നു പോലീസ് പറയുന്നു.

പോലീസ് പറയുന്നത് ഇങ്ങനെ: നവംബര്‍ 13നു രാത്രി 7.45ഓടെയാണു ബേബിയെ കഴുത്തുഞെരിച്ചുകൊല്ലാന്‍ ശ്രമിച്ചത്. ഇവര്‍ മരണപ്പെട്ടെന്നു തെറ്റിദ്ധരിച്ച ഷാജി ചുരിദാറിന്റെ ഷാള്‍ ഉപയോഗിച്ചു കൈകാലുകള്‍ ബന്ധിച്ചു ചാക്കില്‍കെട്ടി രാത്രി പത്തോടെ സ്വന്തം സ്കൂട്ടറില്‍ ദേശീയപാതയിലൂടെ കോട്ടപ്പുറം പാലത്തിലെത്തിച്ചു കായലില്‍ തള്ളുകയായിരുന്നു.

15ന് ഉച്ചയ്ക്കു പന്ത്രണ്േടാടെയാണു ബേബിയുടെ ജഡം കോട്ടപ്പുറം മുസിരിസ് തീരത്ത് ആംഫി തീയേറ്ററിനുമുമ്പില്‍ അടിഞ്ഞത്. സംഭവദിവസം തന്നെ മരണം കൊലപാതകമാണെന്നു ബോധ്യപ്പെട്ട പോലീസ് സാങ്കേതിക തെളിവുകള്‍ ശേഖരിച്ചു തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്മോര്‍ട്ടത്തിനുശേഷം ആളെ തിരിച്ചറിയാന്‍ കഴിയാതെ പൊതുശ്മശാനത്തില്‍ സംസ്കരിക്കുകയായിരുന്നു. ആഴ്ചകള്‍ നീണ്ട അന്വേഷണത്തിനുശേഷം യുവതിയുടെ കാതില്‍നിന്നു ലഭിച്ച പാലയ്ക്ക മോഡല്‍ കമ്മലാണു അന്വേഷണത്തില്‍ വഴിത്തിരിവുണ്ടാക്കിയത്.

എട്ടുവര്‍ഷം മുമ്പു വീടുവിട്ട ബേബി പല സ്ഥലങ്ങളില്‍ ഹോം നഴ്സായും മറ്റും ജോലിനോക്കിയിരുന്നു. ഈയിടെ പറവൂരിലെ വാടകവീട്ടില്‍ താമസിച്ചു ലോട്ടറിക്കച്ചവടം നടത്തിവരികയായിരുന്നു. ഈ സമയത്തു പറവൂരിലെ ലക്ഷ്മി ജ്വല്ലറിയില്‍നിന്നു പാലയ്ക്ക കമ്മല്‍ വാങ്ങാന്‍ കൂടെപ്പോയ ലോട്ടറി ഏജന്റായ സ്ത്രീയാണു പോലീസിനു നിര്‍ണായകമായ തെളിവു നല്‍കിയത്. ഇതനുസരിച്ചു കൊല്ലത്തെത്തിയ പോലീസ് ബേബിയുടെ വീട്ടില്‍നിന്നു ലഭിച്ച ആധാരത്തിലെ വിരലടയാളം ജഡത്തില്‍നിന്നു ഫോറന്‍സിക് വിഭാഗം ശേഖരിച്ചതുമായി ഒത്തുനോക്കിയാണു ബേബിതന്നെയാണു മരിച്ചതെന്നു സ്ഥിരീകരിച്ചത്.

കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞെങ്കിലും പ്രതിയെ കണ്െടത്താന്‍ പോലീസിനു വീണ്ടും ആഴ്ചകള്‍തന്നെ കഠിന പ്രയത്നം ചെയ്യേണ്ടിവന്നുവെന്നു വാര്‍ത്താസമ്മേളനത്തില്‍ എസ്പി എന്‍. വിജയകുമാര്‍, ഡിവൈഎസ്പി പി.എ. വര്‍ഗീസ്, സിഐ കെ.ജെ. പീറ്റര്‍, എസ്ഐ പി.കെ. പത്മരാജന്‍ എന്നിവര്‍ അറിയിച്ചു.

സിപിഒമാരായ സുനില്‍ ഫ്രാന്‍സിസ്, അനില്‍ രവി, ഹബീബ് സഞ്ജയന്‍, മുഹമ്മദ് റാഫി, കാര്‍ത്തികേയന്‍ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.