ചടുലതാളങ്ങളുമായി മനം കവര്‍ന്ന് കാഷ്മീര്‍ സംഘം
ചടുലതാളങ്ങളുമായി മനം കവര്‍ന്ന് കാഷ്മീര്‍ സംഘം
Sunday, December 28, 2014 11:43 PM IST
കൊച്ചി: ചടുല താളങ്ങളും നൃത്തച്ചുവടുകളുമായി കാഷ്മീര്‍ നൃത്തസംഘം കൊച്ചിയുടെ മനസു കീഴടക്കി. ഭാരതീയം സാംസ്കാരികോത്സവത്തിന്റെ ഒമ്പതാം ദിനത്തിലെ കലാസന്ധ്യ 19 അംഗ കാഷ്മീര്‍ സംഘത്തിന്റെ വൈവിധ്യമാര്‍ന്ന കലാവിരുന്നിനാല്‍ ശ്രദ്ധേയമായി. സംഗീതവും നൃത്തവും എല്ലാം ഉള്‍പ്പെട്ട കലാപ്രകടനം ആഘോഷരാവിനെ കൂടുതല്‍ വര്‍ണാഭമാക്കി. മുഴുവന്‍ സൌന്ദര്യവും നിറഞ്ഞുതുളുമ്പുന്ന മാസ്മരിക ഭാവങ്ങള്‍ പ്രകടിപ്പിച്ച ഗജിര നൃത്തം കാലിയെ മേയ്ക്കുന്ന കാഷ്മീര്‍ നാടോടികളുടെ തനതു കലാരൂപമാണ്.

കാഷ്മീരിലെ പ്രമുഖ ഭജന്‍സ് ഗായിക സുലേഖ ഹവീസ്, അഞ്ജലി എന്നിവര്‍ ആലപിച്ച ഗാനങ്ങള്‍ ഏവരുടെയും മനസില്‍ മായാതെ നില്‍ക്കും. ഒരു വര്‍ഷം കൂടി കടന്നുപോകുമ്പോള്‍ മധുരമായ ഒരോര്‍മയായി എന്നും മനസില്‍ തങ്ങി നില്‍ക്കുന്ന ഒരുപിടി ഗാനങ്ങളും നൃത്താവിഷ്കാരവും കൊണ്ടു സമ്പന്നമായിരുന്നു ഇന്നലത്തെ സന്ധ്യ. ഭാരതീയം ഒമ്പതാംദിന കലാസന്ധ്യ പി. രാജീവ് എംപിയാണ് ഉദ്ഘാടനം ചെയ്തത്.
പത്തുനാള്‍ നീണ്ട ഭാരതീയം സാംസ്കാരികോത്സവത്തിനു പഞ്ചാബി ഭംഗറ ഭോംഗട ഗീഥ നൃത്തപരിപാടിയോടെ ഇന്നു കൊടിയിറങ്ങും. ഇന്നത്തെ കലാസന്ധ്യ എം.എ. ബേബി ഉദ്ഘാടനം ചെയ്യും. കമഡോര്‍ സുരേഷ്, അക്ബര്‍ ബാദുഷ, ജി.സി.ഡി.എ. ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.