ആലപ്പുഴ: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന് ജന്മനാട് വിട ചൊല്ലുന്നു. ആലപ്പുഴ ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലെ പൊതുദർശനം അവസാനിച്ചു.
വി. എസിന് പോലീസ് ഗാർഡ് ഓഫ് ഓണർ നൽകി. വൻ ജനാവലിയാണ് ഇവിടെ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നത്. കനത്ത മഴയെ അവഗണിച്ചാണ് വി.എസിനെ അവസാനമായി കാണാൻ ജനം എത്തിയത്.
വി. എസിന്റെ ഭൗതിക ശരീരം സംസ്കാരത്തിനായി വലിയ ചുടുകാട്ടിലേയ്ക്ക് കൊണ്ടുപോകുകയാണ്. നിരവധി പ്രവർത്തകരാണ് വിലാപയാത്രയെ അനുഗമിക്കുന്നത്.
നേരത്തെ പുന്നപ്രയിലെ അദ്ദേഹത്തിന്റെ വസതിയിലെയും സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെയും പൊതുദർശനത്തിന് ശേഷമാണ് വി. എസിന്റെ ഭൗതിക ശരീരം ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിൽ എത്തിച്ചത്.
ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിനെ ഒരു നോക്ക് കാണാൻ അദ്ദേഹത്തിന്റെ ജന്മഗൃഹത്തിലേക്കും സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്കും എത്തിയത്. പതിനായിരങ്ങളുടെ വിപ്ലവാഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങി വിഎസിന്റെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഇന്ന് ഉച്ചയോടെയാണ് തിരുവനന്തപുരത്തുനിന്ന് പുന്നപ്രയിലെത്തിയത്.