തിരുവനന്തപുരം: വി.എസിന്റെ വിയോഗം തൊഴിലാളി വര്‍ഗത്തിനും ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും അളക്കാനാകാത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് പാർട്ടി ദേശീയ ജനറല്‍ സെക്രട്ടറി എം.എ.ബേബി. രാജ്യത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ കമ്യൂണിസ്റ്റ് വിപ്ലവകാരികളില്‍ ഒരാളായ വി.എസിന്റെ ജീവിതം കരുത്തുറ്റ സംഭാവനകള്‍ കൊണ്ട് സമ്പന്നമായിരുന്നു.
വി.എസിനെ കാച്ചിക്കുറുക്കിയ വിപ്ലവകാരിയാക്കിയത് കുട്ടിക്കാലം മുതലേ അനുഭവിച്ച കഷ്ടപ്പാടുകളും വിവേചനങ്ങളുമാണ്. ജനങ്ങളോട് ജനങ്ങളുടെ ഭാഷയില്‍ ധീരതയോടെ നേരിട്ട് സംവദിക്കുന്ന വി.എസിന്റെ പ്രസംഗശൈലിയും ഓരോ പ്രവര്‍ത്തകരോടും ബന്ധം പുലര്‍ത്തുന്ന പ്രവര്‍ത്തന ശൈലിയുമാണ് അദ്ദേഹത്തെ ഉന്നത കമ്യൂണിസ്റ്റ് നേതാവാക്കിയത്.
സ്വയം നവീകരണവും തൊഴിലാളി രാഷ്ട്രീയത്തിന്റെ മൂല്യങ്ങളോടുള്ള വിട്ടുവീഴ്ച്ചയില്ലായ്മയുമാണ് വി.എസിനെ കേരളത്തിലെ ജനങ്ങളുടെ അനിഷേധ്യ നേതാവാക്കിയതെന്ന് എം.എ.ബേബി പറഞ്ഞു.