തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചനം രേഖപ്പെടുത്തി. ഉജ്ജ്വല സമരപാരമ്പര്യത്തിന്റെയും അസാമാന്യമായ നിശ്ചയദാര്‍ഢ്യത്തിന്റെയും വിട്ടുവീഴ്ച്ചയില്ലാത്ത പോരാട്ടങ്ങളുടെയും പ്രതീകമായിരുന്നു വി.എസെന്ന് പിണറായി വിജയന് പറഞ്ഞു.
ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്തുകൊണ്ട് ജനങ്ങള്‍ക്കൊപ്പം നിന്ന അദ്ദേഹത്തിന്റെ ജീവിതം കേരളത്തിന്റെ ആധുനിക ചരിത്രവുമായി വേര്‍പെടുത്താനാകാത്ത വിധത്തില്‍ കലര്ന്നുനില്ക്കുകയാണ്. ഒരു കാലഘട്ടത്തിന്റെ അസ്തമയമാണ് വി.എസിന്റെ വിയോഗത്തോടെ ഉണ്ടാകുന്നതെന്നും പിണറായി വിജയന് വി.എസ്.അച്യുതാനന്ദനെ അനുസ്മരിച്ച് എഴുതിയ ലേഖനത്തില്‍ പറയുന്നു.
അസാമാന്യമായ ഊര്‍ജവും അതിജീവന ശക്തിയും കൊണ്ടു വിപ്ലവ പ്രസ്ഥാനത്തില്‍ അടയാളപ്പെടുത്തപ്പെട്ട സംഭവബഹുലമായ ജീവിതമായിരുന്നു വിഎസിന്റേത്. കേരളത്തിന്റെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ചരിത്രത്തിലെ സമരഭരിതമായ അധ്യായമാണ് വി.എസ്. അച്യുതാനന്ദന്റെ ജീവിതമെന്ന് മുഖ്യമന്ത്രി പറഞ്ഞു.