'കണ്ണൂര്‍' രണ്ടാകുന്നു:വിഭാഗീയത വീണ്ടും തലപൊക്കുന്നു
ആന്തൂരിലെ പ്രവാസി വ്യവസായിയുടെ മരണം ''കണ്ണൂര്‍ പാര്‍ട്ടി'യെ രണ്ടാക്കുന്നു. ഇടക്കാലത്ത് അവസാനിച്ചുവെന്ന് കരുതിയ വിഭാഗീയത ആന്തൂര്‍ സംഭവത്തോടെ മൂര്‍ച്ഛിക്കുകയാണ്. നേരത്തെ വി.എസാണ് ഒരു ഭാഗത്ത് നിന്നിരുന്നെങ്കില്‍ ഇത്തവണ കണ്ണൂരിലെ രണ്ടു വിഭാഗങ്ങളാണെന്നതാണ് പ്രത്യേകത. കണ്ണൂരിലെ പി ജയരാജനടക്കമുള്ളവര്‍ ഒരു ഭാഗത്തും എംവി ഗോവിന്ദന്‍ അടക്കമുള്ളവര്‍ മറുവശത്തുമാണ്. ഇതുവരെ കണ്ണൂരില്‍ മാത്രം ഒതുങ്ങിയിരുന്ന വിഭാഗീയത മറനീക്കി സംസ്ഥാന സമിതി വരെ എത്തിനില്‍ക്കുകയാണ്.

എംവി ഗോവിന്ദന്റെ ഭാര്യയും ആന്തൂര്‍ നഗരസഭാ അധ്യക്ഷയുമായ പികെ ശ്യാമളയ്‌ക്കെതിരെ നടപടിയെടുക്കാത്തതാണ് തളിപ്പറന്പ് എംഎല്‍എ ജെയിംസ് മാത്യു അടക്കമുള്ളവരെ ചൊടിപ്പിച്ചിരിക്കുന്നത്. പ്രവാസി വ്യവസായിയുടെ കെട്ടിടത്തിന് നഗരസഭ അനുമതി കൊടുക്കാത്തതിന് പിന്നില്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ എംവി ഗോവിന്ദന്റെ ഇടപെടലാണെന്ന് ഇന്നലത്തെ സംസ്ഥാന സമിതിയില്‍ ജയിംസ് മാത്യു വിമര്‍ശനം ഉന്നയിച്ചിരുന്നു.