വൈക്കം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേറ്റി ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി തോമസ് ചാഴികാടന്റെ വൈക്കം മണ്ഡലത്തിലെ റോഡ് ഷോ. ഇന്നലെ വൈകുന്നേരം നാലോടെ വൈക്കം നഗരത്തിൽ നിന്നും ആരംഭിച്ച റോഡ് ഷോ പൂത്തോട്ട വരെ നീണ്ടു.
നൂറുകണക്കിന് ആളുകളാണ് പ്ലക്കാർഡുകളും ചിഹ്നങ്ങളുമേന്തി സ്ഥാനാർഥിക്കൊപ്പം സഞ്ചരിച്ചത്. വൈക്കം പടിഞ്ഞാറേനടയിൽനിന്നും ആരംഭിച്ച് കച്ചേരിക്കവല, ബോട്ട് ജെട്ടി, സ്വകാര്യബസ് സ്റ്റാൻഡ്, കൊച്ചുകവല വഴി വലിയ കവലയിലെത്തിയ റോഡ് ഷോയിൽ നിരവധി ആളുകളാണ് സ്ഥാനാർത്ഥിയെ കാണുന്നതിനായി തടിച്ചുകൂടിയത്.
സി.കെ. ആശ എംഎൽഎയും തുറന്ന വാഹനത്തിൽ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു. റോഡ് ഷോയുടെ ഭാഗമായി ഉദയനാപുരം, കുലശേഖരമംഗലം, ചെമ്പ്, കാട്ടിക്കുന്ന്, പൂത്തോട്ട തുടങ്ങി നിരവധി കേന്ദ്രങ്ങളിൽ നൂറുകണക്കിനാളുകളാണ് സ്ഥാനാർഥിയെ കാണുന്നതിനായി എത്തിയത്.
എൽഡിഎഫ് നേതാക്കളായ കെ. ശെൽവരാജ്, പി. സുഗതൻ, എം.ഡി. ബാബുരാജ്, പി. ശശിധരൻ, കെ. അജിത്ത്, പി. ഹരിദാസ്, ഡി. രഞ്ജിത്ത്കുമാർ, ടി.ടി. സെബാസ്റ്റ്യൻ, ഏബ്രഹാം പഴയകടവൻ, ജോയി ചെറുപുഷ്പം തുടങ്ങിയവർ നേതൃത്വം നൽകി.